നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന്റെ ഉടനെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് രാമലീല.ദിലീപ് ജയിലില്‍ ആയതിനെ തുടര്‍ന്ന് റിലീസ് തീയതി മാറ്റി വെച്ചിരുന്ന ചിത്രം,ഒന്നിലേറെ തവണ ദിലീപിന് ജാമ്യം നിഷേധിക്കപെട്ട സാഹചര്യത്തിലാണ് ഈ മാസം റിലീസിന് എത്തുന്നത്.എന്നാൽ ദിലീപിന്റെ ചിത്രം എന്ന കാരണത്താൽ ഇതിനിടയിൽ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ തുടങ്ങി.
ഒരു ദിവസം ചിത്രത്തെ അനുകൂലിച്ച് ഒരു വിഭാഗക്കാർ ഇറങ്ങുമ്പോൾ അടുത്ത ദിവസം അതിനെയെതിർത്ത് മറ്റൊരു വിഭാഗം ഇറങ്ങുന്ന സ്ഥിതി വിശേഷമാണ് ഇപ്പോൾ ഉള്ളത്.ദിലീപ് ചിത്രത്തിനെതിരെ ശക്തമായി പ്രതികരിച്ച നിരൂപകൻ ജി.പി.രാമചന്ദ്രന്റെ പോസ്റ്റാണ് ചലച്ചിത്ര പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ അഗ്നിക്കിരയാക്കണം എന്നു പറഞ്ഞ് ഇട്ട പോസ്റ്റ് ജി.പി.രാമചന്ദ്രൻ പിന്നീട് പിൻവലിച്ചിരുന്നു.
സിനിമാ മേഖലയിൽ ഉള്ളവരും മറ്റു പ്രവർത്തകരുമായി ഒരു നല്ല ശതമാനം പ്രമുഖർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കഴിഞ്ഞു. ഇപ്പോൾ ചിത്രത്തെ അനുകൂലിച്ച് എത്തിയിരിക്കുകയാണ് അന്തരിച്ച നടൻ ഗോപിയുടെ മകനും, നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സിനിമയ്ക്കെതിരെ പരസ്യമായി ചില എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിലാണ് മുരളി ഗോപി സെപ്റ്റംബർ 28ന് ഇറങ്ങാനിരിക്കുന്ന ചിത്രത്തിന് പിന്തുണ അറിയിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ദിലീപ് അഭിനയിക്കാനിരുന്ന കമ്മാരസംഭവം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് മുരളി ഗോപി. ദിലീപ് അറസ്റ്റിലായതിനാല്‍ ചിത്രീകരണം ആരംഭിക്കാൻ കഴിയാതിരുന്ന ചിത്രങ്ങളിൽ ഒന്നാണ് കമ്മാരസംഭവം.നായക നടൻ കുറ്റാരോപിതനായി ജയിലിൽ കഴിയുകയാണെന്ന കാരണം കൊണ്ട് സിനിമ ബഹിഷ്കരിക്കണമെന്ന് ആജ്ഞാപിക്കുകയും അത് പ്രദർശിപ്പിക്കുന്ന തിയേറ്റർ ചുട്ട് ചാമ്പലാക്കണമെന്ന് ആഹ്വാനം നടത്തുകയും ചെയ്തത് തികച്ചും ഭ്രാന്താണെന്ന് പറയുന്നു മുരളി ഗോപി.
ഇത്തരമൊരു ചിന്താഗതി കൈമുതലായി സൂക്ഷിക്കുന്നവർ സമൂഹത്തിൽ നന്മയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ അല്ലെന്നും മറിച്ച് ക്രൂരതയിൽ നിന്നും ആനന്ദം കണ്ടെത്തുന്ന മാനസിക വൈകൃതത്തിനു ഉടമകളാണെന്നും മുരളി ഗോപി അഭിപ്രായപ്പെട്ടു. ഒരു സിനിമ ഒരു നടന്റെ മാത്രം പേരിൽ അല്ല അറിയപ്പെടേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സിനിമ കാണാനുള്ള താല്പര്യം തികച്ചും വ്യക്തിപരമാണെന്നും അത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമായി വേണം കാണാനെന്നും ശ്രീ മുരളി ഗോപി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു .
Post Your Comments