മനസ്സില്‍ കവിതയും നന്മയും പിന്നെ പ്രണയവും നൈരാശ്യവുമൊക്കെയുളള പച്ചയായ മനുഷ്യന്.അതാണ് കൈതപ്രം. കവിതയെഴുതാന്‍ പോവുകയാണെങ്കില്‍ പ്രണയിച്ചിരിക്കണം എന്നു പറയുന്നു അറുപത്തിയേഴിലും പ്രണയം കിനിയുന്ന മനസുള്ള ഈ കവി. ഗ്രാമത്തിന്റെ നന്മകള് നിറഞ്ഞ, മണ്ണിന്റെ മണമുളള, പച്ച പട്ടിന്റെ കുലീനത്വമുളള കവിതകള്‍ എങ്ങിനെയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ തൂലികയിൽ നിന്നും ഉതിരുന്നതെന്ന ചോദ്യത്തിന് ഉത്തരം ലളിതവും രസകരവുമാണ്.
മധുരമേറിയ കവിതകള്‍ക്കു പിന്നിലെ രഹസ്യം മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ മനസ്സില്‍ കൈതപ്രമെന്ന ഗ്രാമമുണ്ട്, പ്രണയവും പ്രണയ നൈരാശ്യവുമുണ്ട്. ഇതു രണ്ടുമില്ലാതെ നല്ല കവിത വിരിയില്ലെന്നാണ് കൈതപ്രത്തിന്റെ ഉറച്ച വിശ്വാസം. ഗ്രാമത്തിന്റെ നന്മകളും പ്രണയത്തിന്റെ പരിഭവങ്ങളും മനസ്സില്‍ പേറി ബസ്സിന്റെ ജാലകത്തിന് അടുത്തിരുന്നാല്‍ യാത്രയോടൊപ്പം കവിതയും ഒഴുകി വരും. ആ യാത്രകളിലെല്ലാം കാതില്‍ മുട്ടുന്ന കുളിര്കാറ്റുമായി കിന്നാരം ചൊല്ലാം. ആ ആര്‍ദ്രത ഹൃദയത്തിലേക്ക് ഒഴുകിപടര്‍ന്ന് കവിതകളായി മാറും. ഇത്രയേയുളളൂ കൈതപ്രത്തിന്റെ കവിതാ മന്ത്രം.
ഒരു തവണ സ്ട്രോക്ക് തളര്‍ത്താന്‍ ശ്രമിച്ചെങ്കിലും തളർന്നിട്ടില്ല എന്നു മാത്രമല്ല കൂടുതൽ ചെറുപ്പമായിരിക്കുന്നു ഈ കവിമനസ്സ്.യൗവ്വനം തുളുമ്പുന്ന മനസ്സും പ്രസരിപ്പുമായി ഈ കവി ഇപ്പോഴും യാത്രയിലാണ്.പ്രണയമില്ലെങ്കില്‍ മനുഷ്യന് ജീവിക്കാന്‍ പറ്റില്ലെന്ന അഭിപ്രായമാണ് കൈതപ്രത്തിന്.പ്രണയിക്കുന്നതിനു പ്രായം ഒരു തടസ്സമല്ലെന്ന് പറയുന്നു കൈതപ്രം.പ്രണയത്തിന് നമ്മള് നല്കുന്ന അര്‍ത്ഥതലങ്ങളാണ് മാറേണ്ടത്.
സ്ത്രീയോട് മാത്രമല്ല, എഴുത്തിനോട്, സംഗീതത്തോട്, ഒക്കെ പ്രണയമാകാം. പ്രണയമില്ലെങ്കില്‍ എഴുത്ത് നടക്കില്ല. കൈതപ്രം പറയുന്നത് പ്രണയം പരാജയപ്പെട്ടാലെ ത്രില്ലുണ്ടാകൂ എന്നാണ്. ആ പ്രണയം പുറത്തു കൊണ്ടുവരുന്നതിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതും. പ്രണയവും പ്രണയ നൈരാശ്യവുമുണ്ടെങ്കിലും മനോഹരമായ കുടുംബ ജീവിതമാണ് കൈതപ്രം നയിക്കുന്നത്. പരാജയപ്പെട്ട പ്രണയം ഇപ്പോഴും ഉണ്ട്. രണ്ടു പേരും ഇഷ്ടപ്പെടുന്നു, ആഗ്രഹിക്കുന്നു. വല്ലപ്പോഴുമൊക്കെ സംസാരിക്കാറുമുണ്ട്. ക്രിത്രിമമായി ഒന്നുമില്ല. ഇപ്പോള്‍ പ്രണയത്തിലല്ല, സ്നേഹം മാത്രമേയുള്ളൂ. എല്ലാവരും പ്രണയിക്കണമെന്നും പ്രണയിക്കാന്‍ പരിശീലിക്കണമെന്നും കൈതപ്രം മടി കൂടാതെ പറയും
Post Your Comments