
സംവിധായകന് മേജര്‍ രവിയുടെ സഹോദരനും സിനിമാ നടനുമായ കണ്ണന് പട്ടാമ്പി അറസ്റ്റില്‍. ദമ്പതികളെ മര്‍ദ്ദിച്ച സംഭവത്തിലാണ് താരം പിടിയിലായത്. പെരുമ്പിലാണ് പട്ടാമ്പി റോഡില്‍ ഗതാഗതവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ വീട്ടില്‍ കേറി ദമ്പതികളെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ജൂലൈ 22നായിരുന്നു സംഭവം. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തടസപ്പെട്ട ജലവിതരണം പുനഃസ്ഥാപിക്കുന്നതിന് ഈ മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജല അതോറിറ്റി ജീവനക്കാരന് മാര്‍ട്ടിനാണ് വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ അതുവഴി തൃശൂരിലേക്ക് വന്ന കണ്ണന് പട്ടാമ്പി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് റോഡരികിലൂടെ കടത്തി വിടാന്‍ ശ്രമിച്ചതാണ് മര്‍ദ്ദന കാരണം. മാര്‍ട്ടിനെ കണ്ണനും സംഘവും മര്‍ദ്ദിച്ചു. തുടര്‍ന്ന് അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ കണ്ണനും സംഘവും വീട്ടുടമസ്ഥരായ ദമ്പതികളേയും മര്‍ദ്ദിച്ചു. മാര്‍ട്ടിനെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ദമ്പതികളെ മര്‍ദ്ദിച്ചത്. ദമ്പതികളുടെ വീടിന് മുന്‍വശത്തെ ട്യൂബ് ലൈറ്റുകളും മീറ്റര്‍ ബോര്‍ഡും തല്ലിത്തകര്‍ക്കുകയും ചെയ്തു.
മര്‍ദ്ദനത്തെക്കുറിച്ച് അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും കണ്ണനും സംഘവും സ്ഥലം വിട്ടിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ മാര്‍ട്ടിനേയും ദമ്പതികളേയും പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ കണ്ണനും സംഘവും കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
Post Your Comments