CinemaGeneralLatest NewsMollywoodNEWSTV ShowsWOODs

അശ്വമേധത്തിന്റെ വളര്‍ച്ച തന്നെ അഹങ്കാരിയാക്കി, മദ്യത്തിന് അടിമപ്പെട്ടു, ഏറ്റവും വലിയ കടക്കാരനായി : വെളിപ്പെടുത്തലുമായി ജി എസ് പ്രദീപ്

ദൈവം അനുഗ്രഹിച്ചുവിട്ട നിരവധി കലാകാരന്മാരുണ്ട്‌. ആ കഴിവും പ്രതിഭയും, അഹങ്കാരമായി മാറി ജീവിതം തന്നെ നശിച്ചുപോയവരും അവരില്‍ ചിലരുണ്ട്. അത്തരം ഒരു വ്യക്തിത്വത്തിനുടമയാണ് ജി എസ് പ്രദീപ്. മലയാളികള്‍ ഉറ്റുനോക്കിയ അത്ബുതംകൊണ്ട ആ കലാകാരന്‍ ഇപ്പോള്‍ ചാനല്‍ ഷോകളില്‍ സജീവമല്ല. എന്തുകൊണ്ട് ഒരു ഒളിച്ചോട്ടത്തിന് സമാനമായ ഒരു ജീവിതം പ്രദീപ്‌ നയിക്കുന്നു?. തന്റെ ജീവിതത്തിലെ താളപ്പിഴകള്‍ എല്ലാം ഏറ്റുപറഞ്ഞു പുതിയ മനുസ്ധ്യനായി വീണ്ടും സജീവമാകാന്‍ തയ്യാറെടുക്കുകയാണ് ജി എസ് പ്രദീപ്.

മലയാളികള്‍ വിസ്മയത്തോടെ നോക്കിരുന്ന അവതാരകനായിരുന്നു അശ്വമേധം ക്വിസ് ഷോ നടത്തിരുന്ന ജി എസ് പ്രദിപ്. അഞ്ചു വര്‍ഷം കൊണ്ട് അശ്വമേധം മലയാളം ടെലിവിഷന്‍ രംഗത്തെ ഏറ്റവും മികച്ച ഷോയായി മാറി. എന്നാല്‍അശ്വമേധത്തിന്റെ വളര്‍ച്ച തന്നെ അഹങ്കാരിയാക്കി മാറ്റി എന്ന് പ്രദീപ് പറയുന്നു. പിന്നീട് മദ്യപാനിയായതും ജീവിതത്തില്‍ തകര്‍ച്ചയുണ്ടായതും എല്ലാം …

പ്രദീപിന്റെ വാക്കുകള്‍ ഇങ്ങനെ..

”കൈരളി ടി.വിയിലെ ‘അശ്വമേധ’ത്തിലൂടെയാണ് എന്നെ ലോകം അറിഞ്ഞത്. അഞ്ചുവർഷമായിരുന്നു ആ പരിപാടി. അതിൽ നിന്നുണ്ടാക്കിയ പണം കൊണ്ടാണ് തിരുവനന്തപുരം പി.ടി.പി നഗറിൽ ഞാൻ ഇരുനില വീടുവച്ചത്. അതിന് ഞാനിട്ട പേരും ‘അശ്വമേധം’ എന്നായിരുന്നു. കൈരളിക്കുശേഷം സ്റ്റാർ, സാക്ഷി ടി.വികളിലും ശ്രീലങ്കയിലെ ശക്തി ടി.വിയിലും ക്വിസ് പ്രോഗ്രാം ചെയ്തു. പിന്നീട് ജയ്ഹിന്ദിൽ. അതിനുശേഷം കഴിഞ്ഞ രണ്ടുവർഷക്കാലം ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്നു. ആരും എന്നെ അന്വേഷിച്ചില്ല. ആരെയും കുറ്റപ്പെടുത്തുന്നതല്ല. ടി.വി.ചാനലുകളുടെ ലൈംലൈറ്റിൽ വരാത്തതിനാൽ എല്ലാവരും മറന്നു. ‘അശ്വമേധ’ത്തിന്റെ വളർച്ചയാണ് എന്നെ അഹങ്കാരിയാക്കിയത്. ചില സമയത്ത് മനുഷ്യർ അങ്ങനെയാണ്. എന്റെ കഴിവുകൾ എന്റേതുമാത്രമാണെന്ന ധാരണ വന്നു. ഓരോ സീബ്രകൾക്കും ഓരോ വരകളാണ്. ഒരേപോലെ വരകളുള്ള സീബ്രകൾ ലോകത്തിലില്ല. അതുപോലെ എല്ലാവർക്കും അവരവരുടേതായ കഴിവുകളുണ്ട്. ഈ കഴിവ് എന്റേതല്ല. ദൈവം അനുഗ്രഹിച്ചതാണ്. പക്ഷേ അതൊന്നും എനിക്ക് തിരിച്ചറിയാനായില്ല.

അഹങ്കാരം തലയ്ക്കുപിടിച്ച ഞാൻ പതുക്കെ മദ്യത്തിന് അടിമയായി. അതോടൊപ്പം കടങ്ങൾ പെരുകി. ആയിരത്തിൽ നിന്ന് അത് ലക്ഷങ്ങളുടെ ഡേഞ്ചർസോണിലെത്തി. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ജി.എസ്.പ്രദീപ് എന്ന ഗ്രാൻഡ്മാസ്റ്റർ അങ്ങനെ ഏറ്റവും വലിയ കടക്കാരനായി. മുഴുവൻ സമയ മദ്യജീവിയായി മാറിയപ്പോൾ സമയം അറിയാതായി. ഒൻപതുമണിക്ക് സ്റ്റുഡിയോയിൽ എത്തേണ്ട ഞാൻ പന്ത്രണ്ടരയ്ക്ക് വന്നുതുടങ്ങി. അതോടെ ടെലിവിഷൻ ചാനലുകളിൽ നിന്നും ആരും വിളിക്കാതായി. അവരാരും എന്റെ പ്രതിഭയെ തള്ളിപ്പറഞ്ഞില്ല. ജി.എസ്.പ്രദീപ് എന്ന വ്യക്തിയായിരുന്നു അവർക്ക് പ്രശ്നം. ആ സമയത്തും ലൈവ് ക്വിസ് പ്രോഗ്രാമുകളുമായി വിദേശരാജ്യങ്ങളിൽ സഞ്ചരിച്ചു. ‘സ്പിരിറ്റ്’ എന്ന സിനിമ എന്റെ ജീവിതം കണ്ട് എഴുതിയതാണെന്ന് സുഹൃത്തുക്കൾ പറയുന്ന അവസ്ഥ വരെയെത്തി. ജീവിതം ചെകുത്താനും കടലിനും നടുവിലെത്തിയിട്ടും മിഥ്യാഭിമാനം കൈവിടാൻ തയാറായില്ല. അഞ്ചാം തവണയും ലൈവ് ക്വിസ് ഷോ ചെയ്യാൻ ബഹറിനിലെത്തിയപ്പോൾ വിസ്മയിപ്പിച്ചത് അവിടത്തെ ജനക്കൂട്ടമായിരുന്നു. തുടർച്ചയായി ആറുമണിക്കൂർ നേരമാണ് അവിടെ പരിപാടി അവതരിപ്പിച്ചത്.

തിരിച്ച് നാട്ടിലേക്കു വരാൻ എയർപോർട്ടിന്റെ ബിസിനസ് ലോഞ്ചിലിരിക്കുമ്പോഴാണ് സംഘാടകനായ ഒരു ചെറുപ്പക്കാരൻ അടുത്തേക്കുവന്നത്. ”ജി.എസ്. പ്രദീപ് എന്ന പ്രതിഭയുടെ ഷോ കാണാൻ ഇനിയും ആളുകൾ വരും. പക്ഷേ താങ്കളെ ഇങ്ങനെ കാണേണ്ടിവന്നതിൽ സങ്കടമുണ്ട്. ഈ കഴിവുകൾ മറ്റാർക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്നുപോലും ദൈവത്തോട് പ്രാർത്ഥിച്ചുപോയിട്ടുണ്ട്.” മദ്യത്തിന്റെ ആസക്തിയിൽ ലയിച്ചിരിക്കുന്ന എനിക്ക് അയാളുടെ വാക്കുകളുടെ വില മനസിലായില്ല. ഞാനത് വകവച്ചതുമില്ല. പിറ്റേ ദിവസം തിരുവനന്തപുരത്തെത്തിയിട്ടും രാത്രിയാണ് വീട്ടിലെത്തിയത്. മുറിയിൽ ഭാര്യയും രണ്ടു മക്കളും ഉറങ്ങുകയാണ്. അവരെത്തന്നെ കുറേനേരം നോക്കിയിരുന്നപ്പോൾ എനിക്കു കുറ്റബോധം തോന്നിത്തുടങ്ങി. ഒപ്പം ബഹറിനിലെ ആ ചെറുപ്പക്കാരന്റെ വാക്കുകൾ എന്നെ വല്ലാതെ വേട്ടയാടി. അന്നവിടെവച്ച് ഒരു തീരുമാനമെടുത്തു. ഇനിയൊരിക്കലും മദ്യം കഴിക്കില്ല. പിന്നീട് ഒരു തുള്ളിപോലും കഴിച്ചില്ല. അതോടെ കടത്തിന്റെ പെരുകൽ നിലച്ചു. മദ്യം നിർത്തി ആറുമാസം കഴിഞ്ഞപ്പോഴാണ് ‘മലയാളിഹൗസി’ലേക്ക് വിളിക്കുന്നത്. അതിൽ നിന്നും കിട്ടിയ വരുമാനം കൊണ്ട് മാത്രം തീരുന്നതായിരുന്നില്ല എന്റെ കടങ്ങൾ. അതിനാൽ ‘അശ്വമേധം’ എന്ന ഈ വീടു കൂടി വിറ്റു.. ഇപ്പോൾ വാടകവീട്ടിലാണ്. ഇപ്പോൾ വീണ്ടും കൈരളിയിൽ ‘അശ്വമേധം’ പുനർജനിക്കുകയാണ്. എനിക്കും ഇതൊരു പുതുജീവിതമാണ്.”

shortlink

Related Articles

Post Your Comments


Back to top button