ഗിരിജ ഷെറ്റാര്‍ എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് നടിയെ പേരുകൊണ്ട് തിരിച്ചറിയാന്‍ പ്രയാസം ആയിരിക്കും എന്നാല്‍ ഗാഥയെ ആരും മറന്നുകാണില്ല. വന്ദനം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ആടിപ്പാടിയ ഗാഥ. വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച് സെലിബ്രിറ്റി ആയി നില്‍ക്കുമ്പോഴായിരുന്നു ഗിരിജ സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്. ഇപ്പോള്‍ എഴുത്തിലും പത്രപ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഗിരിജ . മോഹന്‍ലാലിനേക്കുറിച്ചും വന്ദനത്തേക്കുറിച്ചും ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ ഗിരിജ പങ്കുവച്ചു.
”മോഹന്‍ലാലിന്റെ വ്യക്തിത്വം, ക്ഷമ, കരുണ, തമാശ, ബുദ്ധി. ഇതിനെല്ലാം ഉപരിയാണ് അദ്ദേഹത്തിന്റെ സ്ക്രീന്‍ പ്രസന്‍സ്. ഒരു നടന് എന്ന നിലയില്‍ ഉള്ള ടെക്നിക്കല്‍ കഴിവുകളേക്കാള്‍ ഇത് നമ്മെ ആകര്‍ഷിക്കും. ആര്‍ക്കും ഇഷ്ടം തോന്നിപ്പോകുന്ന ആത്മാര്‍ത്ഥമായ ഒന്നാണത്. യഥാര്‍ത്ഥ ജീവിതത്തിലും ക്യാമറയ്ക്ക് മുന്നിലും മോഹന്‍ലാലിന് ഇങ്ങനെ പെരുമാറാന്‍ സാധിക്കുന്നത് യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം അങ്ങനെ ആയതുകൊണ്ടാണ്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ ഒട്ടും പ്രയാസം തോന്നിയില്ല. ഒരു ജെന്റില്‍മാനാണ് അദ്ദേഹം” ഗിരിജ ഷെറ്റാര്‍ പറയുന്നു.
ആ സിനിമയുടെ ടീം വളരെ നല്ലതായിരുന്നു. എല്ലാവരും പ്രിയദര്‍ശന്റെ സുഹൃത്തുക്കളും കഴിവുള്ളവരുമായ ഒരു കൂട്ടം ചെറുപ്പക്കാര്‍. അവരുടെ എനര്‍ജിയാണ് ആ സിനിമയുടെ വിജയം. മുഴുവന്‍ ക്രെഡിറ്റും മോഹന്‍ലാലിന്. ഗാഥാ ജാം സീന്‍ ഇത്തരത്തില്‍ സ്വീകരിക്കപ്പെടാന്‍ കാരണം അതില്‍ ഒരു നിഷ്കളങ്കത ഉള്ളതുകൊണ്ട്. അതില്‍ കളി തമാശയുണ്ട്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും മോഹന്‍ലാലിനും അദ്ദേഹത്തിന്റെ പൂര്‍ണതയുള്ള അഭിനയത്തിനുമാണെന്ന് ഗിരിജ പറയുന്നു.
മണിരത്നം സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തില്‍ ഗിരിജയായിരുന്നു നായിക. ചിത്രം സൂപ്പര്‍ ഹിറ്റായി മാറി. എന്നാല്‍ മണിരത്നം മറ്റൊരു ചിത്രം ഓഫര്‍ ചെയ്തപ്പോള്‍ താന്‍ ആ ചിത്രം നിരസിച്ചു. കാരണം അതിന് തൊട്ടുമുമ്പായിരുന്നു സിനിമയില്‍ നിന്ന് വിട്ട് നില്ക്കാന് മാനസീകമായി തീരുമാനം എടുത്തത്. അതുകൊണ്ട് തന്നെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയാല്‍ മണിരത്നം ചിത്രത്തിലൂടെ തുടങ്ങാനാണ് ആഗ്രഹമെന്നും താരം പറയുന്നു. ഗീതാഞ്ജലിയുടെ രണ്ടാം ഭാഗത്തിന്റെ സാധ്യതകളേക്കുറിച്ച് ഇടക്ക് ആലോചിക്കാറുണ്ടെന്നും ഗിരിജ സൂചിപ്പിച്ചു.
Post Your Comments