
തൈപ്പറമ്പിൽ അശോകനെയും അരശുംമൂട്ടിൽ അപ്പുക്കുട്ടനെയും ഒരു മലയാളികൾക്കും മറക്കാനാവില്ല. ആ കഥാപാത്രങ്ങളെ മറന്നാലും ഒരിക്കലും ആരും മറക്കാനിടയില്ലാത്ത ഒരു ഗാനമുണ്ട് ആ ചിത്രത്തിൽ. അത്രത്തോളം ആഴത്തിൽ പതിഞ്ഞിട്ടുണ്ട് ആ ഗാനം മലയാളി മനസ്സുകളിൽ. ആനകളും ചെണ്ടമേളവും ഒക്കെയുള്ള ഒരു പൂരപ്പറമ്പില്‍ നൂറു കണക്കിന് ആളുകളെ വെച്ച് അത് ചിത്രീകരിക്കണം എന്ന് കരുതിയ ആ രംഗം മഴ കാരണം ചെറിയ രീതിയിൽ ചിത്രീകരിക്കാൻ തീരുമാനിക്കേണ്ടി വന്നതാണ്. അതുകൊണ്ടു തന്നെ തൃപ്തിയോടെയല്ല ആ ഗാനരംഗം ചിത്രീകരിക്കാൻ നിന്നതെന്നു പറയുന്ന സംവിധായകൻ സംഗീത് ശിവൻ, എന്നാൽ ചിത്രീകരണം ആരംഭിച്ചപ്പോൾ, ഉരുളയ്ക്ക് ഉപ്പേരി കണക്കെ പോർവിളികളും, അടിതടകളും, അട്ടഹാസങ്ങളും ആംഗ്യവിക്ഷേപങ്ങളും കൊണ്ട്, മോഹൻലാലും ജഗതിയും തങ്ങളുടെ വേഷങ്ങൾ പകർന്നാടിയ ആ ഗാനരംഗത്തിനു ഒടുവിൽ കട്ട് പറയാൻ മറന്നു അന്തം വിട്ടു കണ്ടു നിന്ന ഒരു ചരിത്രമാണ് ഉണ്ടായതെന്ന് പറയുന്നു.
ആ ഗാനത്തെയും ചിത്രത്തെയും ചരിത്രത്തിന്റെ ഭാഗമാക്കിയതിൽ പങ്കുവഹിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിൽ സംഗീതം നിവഹിച്ചിരിക്കുന്നത് ശ്രീ എ ആർ റഹ്മാൻ ആണ് എന്നതാണ്.റഹ്മാന്റെ രണ്ടാമത്തെ ചിത്രമാണ് യോദ്ധ. ഐതിഹാസികമായ ആ സംഗീതയാത്രയിലെ ആദ്യ ചുവടുവെപ്പുകളില്‍ ഒന്ന്.പതിവുകൾക്കു വിപരീതമായി പശ്ചാത്തല വാദ്യ വിന്യാസത്തോടെയുള്ള, മിക്കവാറും പൂര്‍ണ്ണമായ ഒരു ഗാനമാണ് റഹ്മാൻ സംഗീത് ശിവനെ കേൾപ്പിച്ചത്. വളരെയധികം ആസ്വദിച്ച ചെയ്ത ഒന്നായിരുന്നു യോദ്ധയിലേതെന്നു പിന്നീട് റഹ്മാൻ പറഞ്ഞിരുന്നു. ഇത്രയും ഫോക് സ്വഭാവമുള്ള പാട്ടുകള്‍ അദ്ദേഹം പിന്നീട് ചെയ്തിട്ടുമില്ല.
കേരളീയമായ ഫോക് അന്തരീക്ഷമാണ് പാട്ടില്‍ വേണ്ടത്. വടക്കന്‍ പാട്ടിന്റെയൊക്കെ ഒരു ഫീല്‍ വരണം. റഹ്മാന് ഒട്ടും പരിചിതമല്ലാത്ത മേഖലയായതിനാൽ സഹായത്തിനെത്തിയത് ബിച്ചു തിരുമലയാണ്.ഗാനസന്ദർഭം വിവരിച്ചപ്പോൾ തന്നെ ഒരു ഭദ്രകാളി സ്തുതിയാവും രംഗത്തിന് യോജിച്ചതെന്നു ബിച്ചുതിരുമല പറഞ്ഞു.ദേവിയുടെ പര്യായപദങ്ങൾ ഉപയോഗിച്ച്,എന്നാൽ ഹാസ്യം കലർന്ന വരികൾ എഴുതുക എന്നത് വൻ വെല്ലുവിളിയാണ്. എന്നാൽ ബിച്ചു തിരുമല നിഷ്പ്രയാസം തന്റെ ജോലി നിർവഹിച്ചു.ഈ ഘടകങ്ങളൊക്കെയാണ് പടകാളിഎന്ന് തുടങ്ങുന്ന ആ ഗാനത്തിന്റെ പിറവിയ്ക് കാരണമെന്ന് പറയുന്നു സംഗീത് ശിവൻ .
Post Your Comments