2007-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ചോട്ടാ മുംബൈ’. പുതു വര്‍ഷത്തില്‍ അരങ്ങേറുന്ന കൊച്ചിന് കാര്‍ണിവലുമായി ബന്ധപ്പെട്ടു അവതരിപ്പിച്ച പ്രമേയമായിരുന്നു ചിത്രത്തിലേത്. ബെന്നി പി നായരമ്പലമായിരുന്നു ചോട്ടാ മുംബൈയുടെ രചന നിര്‍വഹിച്ചത്. അന്‍വര്‍ റഷീദ് എന്ന സംവിധായകന് ചിത്രത്തിന് വേണ്ടി ബെന്നി പി നായരമ്പലത്തെ സമീപിക്കുമ്പോള്‍ കഥ ഇല്ലാത്ത ഒരു സിനിമ വേണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം. അധികം കഥ ഒന്നും ഇല്ലാതെ കുറേ ഇന്‍സിഡന്റുകള്‍ മാത്രം ചേര്‍ത്ത് വച്ചു വളരെ ഫണ്‍ ആയിട്ടുള്ള ഒരു സിനിമ എഴുതാമോയെന്നായിരുന്നു അന്‍വറിന്റെ ചോദ്യം.
തന്നോട് ഒരു സംവിധായകന് ആദ്യമായിട്ടാണ് കഥ ഇല്ലാത്ത ഒരു സിനിമ വേണമെന്ന് ആവശ്യപ്പെട്ടതെന്ന് ബെന്നി പി നായരമ്പലം ചിരിയോടെ പറയുന്നു. ഒരു പക്ഷെ ആദ്യത്തെ ന്യൂ ജനറേഷന് സിനിമ ചോട്ടാ മുംബൈ ആയിരിക്കുമെന്നും ബെന്നി പി നായരമ്പലം അഭിപ്രായപ്പെടുന്നു. പൂര്‍ണ്ണമായും കോമഡി ട്രാക്കില്‍ കഥ പറഞ്ഞ ചിത്രം ആ വര്‍ഷത്തെ വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ‘തല’ എന്ന മോഹന്‍ലാലിന്റെ കേന്ദ്രകഥാപാത്രത്തെയും സിനിമയേയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
(സഫാരി ചാനലില്‍ ബെന്നി പി നായരമ്പലം നല്കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments