നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റു ചെയ്ത നടൻ ദിലീപിനോട് സിനിമാ സംഘടനയായ ‘അമ്മ’ കാണിച്ചത് ഒട്ടും പൊറുക്കാൻ കഴിയാത്ത തെറ്റെന്നു സിനിമാ പ്രവർത്തകർ.
ദിലീപ് അറസ്റ്റിലായ ദിവസം തന്നെ, സ്വന്തം സഹപ്രവർത്തകനെ വിശ്വാസമില്ലാതെ, യാതൊരു വിധ പരിഗണനയുമില്ലാതെ തന്നെ ‘അമ്മ’ അതിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. യുവതാരങ്ങളായ പ്രിത്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശന് എന്നിവരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ‘അമ്മ’ ദിലീപിനെ പുറത്താക്കിയതെന്നാണ് ബന്ധപ്പെട്ടവർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇത്തരത്തിൽ വീണ്ടു വിചാരമില്ലാതെ ഓരോന്നും പ്രവൃത്തിക്കുന്നത് ‘അമ്മ’യെ പോലൊരു സംഘടനയ്ക്ക് ചേർന്നതല്ല എന്നാണ് ദിലീപിനെ അനുകൂലിക്കുന്നവരുടെ പക്ഷം.
‘അമ്മ’ എന്ന സംഘടനയുടെ പ്രധാന പദ്ധതിയായ ‘കൈനീട്ടം’ പോലും ‘ട്വന്റി ട്വന്റി’ എന്ന സിനിമ നിർമ്മിക്കാൻ ദിലീപ് തയ്യാറായതിലൂടെ കിട്ടിയ ലാഭത്തിൽ നിന്നും ഉണ്ടായതാണ്. മാത്രമല്ല ഈ കഴിഞ്ഞ കുറേ കാലങ്ങളായി എന്തു പ്രതിസന്ധിയുണ്ടായാലും ‘അമ്മ’യോടൊപ്പം കൈയും മെയ്യും മറന്ന് നിൽക്കുന്ന താരമാണ് ദിലീപ്. ആ ദിലീപിന് വെറും മാധ്യമ വിചാരണയുടെ അടിസ്ഥാനത്തിൽ, ഒരു സാധാരണ അംഗത്തോടുള്ള പരിഗണ പോലും കൊടുക്കാതെ പുറത്താക്കിയതിൽ ഭൂരിപക്ഷം അംഗങ്ങൾക്കും കടുത്ത അമർഷം തന്നെയാണുള്ളത്. ഇതിൽ പ്രതിഷേധിച്ച് പ്രധാന ഭാരവാഹികളായ മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ് എന്നിവരും തങ്ങളുടെ സ്ഥാനമൊഴിയാൻ ആലോചിക്കുന്നതായും സൂചനയുണ്ട്.
‘അമ്മ’യ്ക്ക് ബദലായി ദിലീപ് ഒരു സംഘടന തുടങ്ങാൻ പദ്ധതിയിട്ടാൽ അതുമായി സഹകരിക്കാനും ഭൂരിപക്ഷം താരങ്ങളും തയ്യാറാണെന്നും അറിയാൻ കഴിയുന്നു. കാരണം, അവർക്കെല്ലാം തന്നെ ദിലീപിന്റെ നിരപരാധിത്വത്തിൽ വിശ്വാസമുണ്ട്. മാത്രമല്ല, ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിൽ നടന്ന സമരം കാരണം സ്തംഭിച്ചു പോയ മലയാള സിനിമയ്ക്ക് പുനർജീവൻ ലഭിച്ചതിനും കാരണം ദിലീപിന്റെ ഇടപെടലിനാണ്. ഫിലിം എക്സിബിറ്റേഴ്സിന് പുതിയ സംഘടന ഉണ്ടായതിലൂടെ ആ മേഖലയിലെ മിക്കവാറും എല്ലാ പ്രശ്നങ്ങളും പൂർണ്ണമായും പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഇതിനെല്ലാം തന്നെ, സിനിമാ പ്രവർത്തകരിൽ ഏറിയ പങ്കും ദിലീപിനോട് കടപ്പെട്ടിരിക്കുകയാണ്.
ആക്രമിക്കപ്പെട്ട നടി പോലും ദിലീപിനെതിരെ ഈ നിമിഷം വരെ ഒന്നും മിണ്ടിയിട്ടില്ല എന്നത് ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ സമ്പൂർണ്ണ നിരപരാധിത്വത്തിന്റെ തെളിവ് തന്നെയാണ്. അത് കണക്കിലെടുക്കുമ്പോൾ, ചില യുവതാരങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ‘അമ്മ’ ദിലീപിനെ പുറത്താക്കിയത് ഒട്ടും ന്യായീകരിക്കാൻ കഴിയുന്നതല്ല. മാധ്യമങ്ങൾ പറഞ്ഞു പരത്തിയ തെറ്റിനെ അംഗീകരിക്കുന്ന വിധത്തിലായിരുന്നു അമ്മയുടെ നിലപാടെന്നാണ് സിനിമാ പ്രവർത്തകർ പറയുന്നത്. എന്തായാലും ദിലീപ് തന്റെ നിലപാട് വ്യക്തമാക്കുകയാണ്. ഇനി ‘അമ്മ’ തിരികെ എടുത്താലും സഹകരിക്കണ്ട എന്ന തീരുമാനത്തിലാണ് താരം എന്ന് സൂചനയുണ്ട്. ജയിലിൽ തന്നെ കാണാൻ വന്ന അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം ഇപ്രകാരം ആശയവിനിമയം നടത്തിയതായും അറിയുന്നു.
Post Your Comments