പ്രവീണ്‍.പി നായര്‍
ഒട്ടേറെ ഹാസ്യകഥാപാത്രങ്ങള്‍ ഒരേ പോലെ അവതരിപ്പിച്ചു കയ്യടി നേടിയ സുരാജ് വെഞ്ഞാറമൂടിന്റെ തമാശ സ്വരങ്ങള്‍ പ്രേക്ഷകര്‍ക്ക് എവിടെയോ എപ്പോഴോ മടുത്തിരുന്നു. ആവര്‍ത്തന രീതിയിലുള്ള അഭിനയ മുഖം കണ്ടപ്പോള്‍ ഭൂരിഭാഗം പ്രേക്ഷകരും പറഞ്ഞത് ഇങ്ങനെയായിരുന്നു “സുരാജേ നിങ്ങള്‍ക്ക് മതിയാക്കാറായില്ലേ? ഈ കോപ്രായം”.
എല്ലാ സിനിമകളിലും പ്രേക്ഷകനെ ചിരിപ്പിക്കാനെത്തിയിരുന്ന ‘ആ’ ചിരി മുഖത്തെ പ്രേക്ഷകര്‍ തീര്‍ത്തും അവഗണിക്കുകയായിരുന്നു. സുരാജ് മലയാള സിനിമയില്‍ അരങ്ങു തകര്‍ത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.
‘പണ്ട് പണ്ട്’ എന്ന കഥ പറച്ചിലിലൂടെ തുടങ്ങേണ്ട കാലമൊന്നുമല്ല അത്. കൃത്യമായി പറഞ്ഞാല്‍ 2006 – 2013 വരെയുള്ള കരിയര്‍ എടുത്താല്‍ സുരാജ് ചെയ്തുകൂട്ടിയ കോമഡി കഥാപാത്രങ്ങള്‍ നിരവധിയാണ്.
2006-ല്‍ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ്, കനക സിംഹാസനം ഈ രണ്ടു ചിത്രങ്ങളിലും സുരാജിന് പരമാവധി പെര്‍ഫോം ചെയ്യാനുള്ള സാധ്യത സംവിധായകര്‍ നല്‍കിയിരുന്നു സുരാജിന് മലയാള സിനിമയില്‍ വലിയ ബ്രേക്ക് ഒരുക്കിയതും ഈ രണ്ടു സിനിമകളിലെ പ്രകടനങ്ങള്‍ ആയിരുന്നു. 2007-ലെത്തിയപ്പോള്‍ ‘മായാവി’ എന്ന ചിത്രത്തിലൂടെ സുരാജ് പ്രേക്ഷകന്റെ ഉറ്റമിത്രമായി. ‘മഹി’ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ സന്തത സഹചാരിയായി എത്തിയ ‘ഗിരി’ സിനിമാ പ്രേമികളെ മനസ്സറിഞ്ഞു ചിരിപ്പിച്ചു. ‘ഹലോ’യിലെ പോലീസ് കഥാപാത്രവും സുരാജിന്റെ കരിയറിലെ മാര്‍ക്ക് ചെയ്യപ്പെട്ട വേഷങ്ങളില്‍ ഒന്നായിരുന്നു. മോഹന്‍ലാല്‍ കഥാപാത്രമായ ശിവരാമാനോട് പ്രായപൂത്രിയായതാണോ? എന്ന് ചോദിക്കുന്ന വിഡ്ഢിയായ പോലീസ് വേഷം സുരാജ് കയ്യടക്കത്തോടെ അവതരിപ്പിച്ചു. ‘ആ’ വര്‍ഷം തന്നെ അറബിക്കഥയിലും സുരാജ് ശ്രദ്ധേയമായ ഒരു റോള്‍ കൈകാര്യം ചെയ്തിരുന്നു. പതിനാറോളം ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ട് 2008-ലും സുരാജ് മലയാള സിനിമയുടെ അവിഭാജ്യഘടകമായി. അണ്ണന് തമ്പി,മാടമ്പി,ലോലിപോപ്പ് തുടങ്ങിയ ചിത്രങ്ങളിലെ മുഴുനീള ഹാസ്യവേഷങ്ങള്‍ സുരാജിന് പുതിയ കോമഡി സുല്‍ത്താന്‍ എന്ന വിശേഷണം നല്കി.
മമ്മൂട്ടിക്കും, മോഹന്‍ലാലിനും, ദിലീപിനുമൊക്കെ കിട്ടുന്നതിലും കയ്യടി പ്രേക്ഷകര്‍ സുരാജിനായി നല്കി. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നടനെന്ന ബഹുമതി സ്വന്തമാക്കിയാണ് 2009 എന്ന വര്‍ഷം സുരാജ് കൈപിടിയില്‍ ഒതുക്കിയത്. 2009-ല്‍ 23 ചിത്രങ്ങളിലാണ് സുരാജ് അഭിനയിച്ചുകൂട്ടിയത്. ചട്ടമ്പിനാടിലെ ‘ദശമൂലം’ എന്ന നര്മരസമായ ഗുണ്ടാകഥാപാത്രത്തെ സുരാജ് അവിസ്മരണീയമാക്കി.
2010, 2011 വര്‍ഷങ്ങള്‍ പൂര്‍ണ്ണമായും സുരാജിന്റെത് മാത്രമാണെന്ന് പറയേണ്ടി വരും. ഈ രണ്ടു വര്‍ഷങ്ങളിലായി അറുപതിലേറെ ചിത്രങ്ങളില്‍ വേഷമിട്ട സുരാജ് പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചു. പക്ഷേ ആ രണ്ടു വര്‍ഷങ്ങളിലും സുരാജ് ചെയ്ത കഥാപാത്രങ്ങളും ചിത്രവും വേണ്ടത്ര ശ്രദ്ധ നേടാതിരുന്നത് താരത്തിനു തിരിച്ചടിയുണ്ടാക്കി. പോക്കിരി രാജയിലെയും , ഹാപ്പി ഹസ്ബന്ഡ്സിലെയും കഥാപാത്രങ്ങള്‍ മാത്രമാണ് 2010-ല്‍ സുരാജിന്റെതായി ഓര്‍മ്മയില്‍ നില്ക്കുന്ന കഥാപാത്രങ്ങള്‍. 20011-ല്‍ പൃഥ്വിരാജ് ചിത്രം തേജാഭായി&ഫാമിലിയിലൂടെ താരം ഗംഭീരമായ തിരിച്ചു വരവ് നടത്തിയെങ്കിലും ചിത്രത്തിന്റെ പരാജയം സുരാജിന് വിനയായി. അതേ വര്‍ഷം തന്നെ ഇറങ്ങിയ ചൈന ടൌണിലെ പ്രകടനം പ്രേക്ഷകര്‍ക്ക് വലിയ ചിരി സമ്മാനിച്ചതും ഇവിടെ ഓര്‍മ്മിക്കുന്നു. 2006 മുതല്‍ 20011 വരെ സുരാജിനെ ആഘോഷിച്ചിരുന്ന പ്രേക്ഷകര്‍ അദ്ദേഹത്തിന്റെ നര്‍മ ശൈലിയുമായി പരിഭവത്തിലായി. സുരാജിന്റെ കോമഡി നമ്പരുകള്‍ കണ്ടുമടുത്ത പ്രേക്ഷകര്‍ അദ്ദേഹത്തെ വളിപ്പ് കോമഡികള്‍ മാത്രം പുലമ്പുന്ന നടനാക്കി മാറ്റിയത് വളരെ വേഗമായിരുന്നു. 20012-ലെയും 2013-ലെയും വര്‍ഷങ്ങളില്‍ സുരാജ് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും കാണികള്‍ക്ക് മുന്നില്‍ അതൊന്നും കാര്യമായി ഏല്ക്കാതെ പോയി. കോമഡി നടനെന്ന രീതിയില്‍ ആസ്വാദകര്‍ക്കിടയില്‍ നിന്നു ഏറെ ദൂരേക്ക് പോയ സുരാജ് 2015-ല്‍ വേറിട്ട അഭിനയ മുഖവുമായിട്ടായിരുന്നു തിരിച്ചെത്തിയത്.
ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലൂടെ സുരാജ് ദേശീയ അംഗീകാരം നേടിയെടുത്തത് ഏവരെയും ഞെട്ടിച്ചു. സിനിമയില്‍ അശ്ലീല കോമഡികള്‍ വഴിവിട്ടു സംസാരിച്ചിരുന്ന, ആ താന്തോന്നി നടന്, വിനോദ ചിത്രങ്ങള്‍ക്ക് വേണ്ടി സ്വാഭാവിക ശൈലിയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചിരുന്ന അതേ സുരാജ് പക്വതയുള്ള നടനായി മലയാള സിനിമയിലേക്ക് തമാശ പറയാതെ തിരിച്ചെത്തിയത് പ്രേക്ഷകര്‍ അത്ഭുതപൂര്‍വ്വം കണ്ടിരുന്നു. പേരറിയാത്തവരിലെ കഥാപാത്രം സുരാജിന് പൊന്‍തിളക്കം നല്കിയപ്പോള് പേരെടുത്ത പെരിയ നടനായി സുരാജ് മുന്നേറുകയായിരുന്നു.2016-ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ പ്രകടനവും നല്ലൊരു അഭിനേതാവിന്റെ പരിശ്രമം വരച്ചുകാട്ടി.
പോയവര്ഷങ്ങളിലൊക്കെ ഹാസ്യവേഷം കെട്ടിയാടിയ സുരാജ് ഇന്ന് മലയാള സിനിമയുടെ തലയെടുപ്പുള്ള നടനായി വളര്‍ന്നിരിക്കുന്നു. അങ്ങനെയൊരു നടന് സുരാജിലുണ്ടെന്നു നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ തൊണ്ടിമുതലും ദൃക്സാക്ഷിയും, വര്‍ണ്യത്തില്‍ ആശങ്കയും പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലോട്ടു വരിക. ആ രണ്ടു സിനിമകള്‍ പറഞ്ഞു തരും സുരാജിലെ അഭിനയ പെരുമ.
ശേഷം ഇനിയും കാണാം സുരാജില്‍ നിന്നു ബിഗ്ക്രീന് വിസ്മയങ്ങള്‍, അതിനായി കാത്തിരിക്കുക….
Post Your Comments