ഇപ്പോഴത്തെ മ്യൂസിക് റിയാലിറ്റി ഷോകളിലെ സൂപ്പർസ്റ്റാർ ആരാണെന്നു ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉള്ളു ‘വൈഷ്ണവ് ഗിരീഷ്’. ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു ഗായകനായി മാറിയിരിക്കുകയാണ് തൃശൂർ ജില്ലക്കാരനായ ഈ മലയാളി.
.
തന്‍റെ സ്വതസിദ്ധമായ ആലാപന ശൈലി കൊണ്ട് ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ കൈയിലെടുക്കാന്‍ ഈ പതിനഞ്ചു വയസ്സുകാരന് കഴിഞ്ഞു . ഒരു ഗായകന് അടിസ്ഥാനപരമായി വേണ്ടത് മൂന്നു ഗുണങ്ങളാണ്, ഒന്ന് ശ്രുതി തെറ്റാതെ പാടുക, രണ്ട് ഏതു സ്ഥായിയിലും പാടാനുള്ള കഴിവ്, മൂന്നു ഏതു ഭാഷയിലാണോ പാടുന്നത് അതിൽ അക്ഷര സ്ഫുടതയും, ഉച്ചാരണവും പരമാവധി ശ്രദ്ധിക്കുക. അതെല്ലാം തന്നെ വൈഷ്ണവിൽ നിറഞ്ഞു നിൽക്കുകയാണ്. അതിലൂടെയാണ് വടക്കേ ഇന്ത്യയില്‍ വരെ ആരാധകരെ സൃഷ്ടിക്കുവാൻ കഴിഞ്ഞത്. സൂര്യ ടിവി യിലെ റിയാലിറ്റി ഷോ ആയിരുന്ന ‘സൂര്യ സിംഗർ 2014’ ലെ വിജയി ആയിരുന്നു വൈഷ്ണവ്. അതിനു ശേഷം ഫ്ലവർസ് ടിവി യിലെ ‘ഇന്ത്യൻ മ്യൂസിക് ലീഗ്’, സോണി ടിവിയിലെ ‘ഇന്ത്യൻ ഐഡോൾ’ തുടങ്ങിയ റിയാലിറ്റി ഷോകളിലും വൈഷ്ണവ് പങ്കെടുത്തു. അതിലൂടെ ഒട്ടനവധി പ്രശസ്ത ബോളിവുഡ് താരങ്ങളുടെയും, ഗായകരുടെയും (ശ്രേയാ ഘോഷാൽ, വിശാൽ ദാഡ്ലാനി, സുഖ്‌വീന്ദർ സിംഗ്, കെ കെ), സംഗീത സംവിധായരുടെയും (സലിം സുലൈമാൻ , അമിത് ത്രിവേദി , ഹിമേഷ് രേഷ്മിയ) പ്രശംസ പിടിച്ചു പറ്റാൻ വൈഷ്ണവിന് കഴിഞ്ഞു.
.
2017 മുതൽ പ്രക്ഷേപണം ആരംഭിച്ച ‘സീ ടിവി – സ രി ഗ മ പ ലിറ്റിൽ ചാമ്പ്യൻ’ എന്ന റിയാലിറ്റി ഷോ ആണ് വൈഷ്ണവിനെ ഏറ്റവും കൂടുതൽ പ്രശസ്തനാക്കിയത് . ‘ഐ ഹെയ്റ്റ് ലവ് സ്റ്റോറീസ്’ എന്ന ഹിന്ദി ചിത്രത്തിലെ “ബിൻ തേരെ ബിൻ തേരെ” എന്ന ഗാനം പാടി മത്സരത്തിലെ തന്റെ ആദ്യ ശ്രമത്തിൽ തന്നെ ജഡ്ജ്‌സിനെയും, കാണികളെയും തികച്ചും ഹരം കൊള്ളിക്കാൻ വൈഷ്ണവിനു കഴിഞ്ഞു. സാധാരണ റിയാലിറ്റി ഷോകളിൽ കാണാറുള്ള ജഡ്ജസിന്റെ അമിതമായ ആഹ്ലാദപ്രകടനമല്ലായിരുന്നു അവിടെ കണ്ടത്. മറിച്ച് തന്റെ അപാരമായ കഴിവു കൊണ്ട് അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു വൈഷ്ണവ്. പാട്ടു പാടുന്നതിനോടൊപ്പം സ്വന്തം ശൈലിയിൽ ‘ഇമ്പ്രൊവൈസ്’ ചെയ്യാനും വൈഷ്ണവ് മറക്കാറില്ല. വൈഷ്ണവിന്റെ ഏറ്റവും വലിയ കഴിവുകളായി ജഡ്ജസ് പറയുന്നതും ഈ പറഞ്ഞ ഇമ്പ്രൊവൈസേഷനും, ഭാഷയുടെ ഉച്ചാരണ ശുദ്ധിയുമാണ്. ഒരു മലയാളിയാണ് ഹിന്ദി ഗാനങ്ങൾ പാടുന്നതെന്ന് ആർക്കും ഒരിക്കലും തോന്നാറില്ല. അത്തരത്തിൽ ആ ഭാഷയോട് ഏറെ സത്യസന്ധത പുലർത്തുന്ന രീതിയിലാണ് വൈഷ്ണവ് പാടുന്നത്.
ഈയടുത്ത് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ തന്റെ പുതിയ ചിത്രമായ ‘ജബ് ഹാരി മേറ്റ് സജൽ’ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി പ്രസ്തുത റിയാലിറ്റി ഷോയിൽ എത്തിയതും, വൈഷ്ണവ് ഷാരൂഖിനെ എടുത്ത് പൊക്കിയതും തികച്ചും കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു. സൗത്ത് ഇന്ത്യയിൽ നിന്നും വരുന്ന പ്രതിഭകളോട് ബോളിവുഡും, അനുബന്ധ മേഖലകളും എന്നും ഒരു അകൽച്ച കാണിച്ചിരുന്നു. പക്ഷെ വൈഷ്ണവിന്റെ കാര്യം കണക്കിലെടുത്താൽ, അത്തരത്തിലൊരു പ്രതിഭാസം തന്നെ ഇല്ല എന്നു പറയേണ്ടി വരും. പ്രതിഭകൾ എവിടെയും അംഗീകരിക്കപ്പെടും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് വൈഷ്ണവ്.
അരുണ്‍ ദിവാകരന്‍
Post Your Comments