GeneralLatest NewsMollywoodNEWS

“ഞാൻ സുജിത് വാസുദേവ് അഥവാ ശരത്” – സംഗീത സംവിധായകൻ ശരത്തിന്റെ സിനിമാ ജീവിതത്തിലേക്കൊരു എത്തിനോട്ടം.

‘സുജിത് വാസുദേവ്’ എന്ന പേര് കേൾക്കുമ്പോൾ സിനിമാ പ്രേമികളായ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത് ക്യാമറാമാൻ സുജിത് വാസുദേവ് ആയിരിക്കും. സംഗീത സംവിധായകൻ സുജിത് വാസുദേവിനെ ഒരു പക്ഷെ ആർക്കും അത്ര കണ്ട് അറിയില്ല എന്നതാണ് സത്യം. തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകൻ ശരത് ആണ് ഈ പറയുന്ന സുജിത് വാസുദേവ്. ശരത്തിന്റെ യഥാര്‍ത്ഥ പേര് സുജിത് വാസുദേവ് എന്നാണ്. 1990’ൽ റിലീസായ ‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ ‘ദേവസഭാതലം’ എന്ന ഗാനം ആലപിക്കുമ്പോൾ (നെടുമുടി വേണുവിന്റെ പോർഷൻ) ശരത്തിന്റെ പേര് സുജിത് എന്നായിരുന്നു. സമയം തെളിയാനായിരുന്നുവത്രെ പിന്നീട് സംഖ്യാശാസ്ത്രപ്രകാരം പേര് മാറ്റിയത്. പക്ഷെ പേര് മാറ്റിയതു കൊണ്ട് ശരത്തിന്റെ സമയം തെളിഞ്ഞോ ? മലയാളസിനിമയ്ക്ക് ശരത് എന്ന സംഗീത സംവിധായകനെ വേണ്ടപോലെ ഉപയോഗിക്കാൻ കഴിഞ്ഞോ?

വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ മലയാള സിനിമയ്ക്കു വേണ്ടി ചെയ്തിട്ടുള്ളുവെങ്കിലും എണ്ണത്തിലല്ല മൂല്യത്തിലാണ് കാര്യമെന്ന് ശരത് തന്റെ ഗാനങ്ങളിലൂടെ തെളിയിച്ചിരുന്നു. സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു എന്നതാണ് ശരത്തിന്റെ കോമ്പോസിഷനിൽ കാണാവുന്ന ഏറ്റവും വലിയ പ്രത്യേകത. ഒരു ഗാനം കേള്‍ക്കുമ്പോള്‍ ഇത് ‘ശരത്തിന്റെ സംഗീതം’ ആണെന്ന് മലയാളി മനസ്സിനെ കൊണ്ട് ശരത് പലപ്പോഴും പറയിപ്പിച്ചിരുന്നു. അവിടെയാണ് ശരത് എന്ന സംഗീത സംവിധായകന്റെ വിജയം. വളരെ ബുദ്ധി മുട്ടേറിയതും, എന്നാൽ തികച്ചും ശ്രവ്യാനന്ദകരവുമായ ഒരു ഓർക്കസ്‌ട്രേഷൻ രീതിയാണ് അദ്ദേഹം തന്റെ ഓരോ ഗാനത്തിലും പരീക്ഷിച്ചിരുന്നത്. ‘പവിത്രം’ എന്ന ചിത്രത്തിലെ ‘ശ്രീ രാഗമോ’ എന്ന ഗാനം ഖരഹരപ്രിയ രാഗത്തിലെ എക്കാലത്തെയും മികച്ച കോമ്പോസിഷനുകളില്‍ ഒന്നാണ്. പലപ്പോഴും ഗാനമേളകളിൽ നിന്നൊക്കെ ശരത്തിന്റെ ഗാനങ്ങൾ ഒഴിവാക്കപ്പെട്ടിരുന്നു. ഓര്‍ക്കസ്ട്രെഷൻ ചെയ്യിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു പ്രധാന കാരണം.

കർണ്ണാടക സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ അഗാധ ജ്ഞാനം ചില മനോഹരമായ ക്ലാസിക്കൽ – സെമി ക്ലാസ്സിക്കൽ ഗാനങ്ങളുടെ സൃഷ്ടിക്കു കാരണമായി. ഡോ. ബാലമുരളീകൃഷ്ണയുടെയും, ബി എ ചിദംബരനാഥിന്റെയും അടുക്കല്‍ നിന്നാണ് ശരത് പ്രധാനമായും സംഗീതം പഠനം നടത്തിയത് . ഡോ.ബാലമുരളീ കൃഷ്ണയുടെ പ്രഥമ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. പ്രശസ്ത സംഗീത സംവിധായകനായ കണ്ണൂർ രാജന്റെ മകളെയാണ് ശരത് വിവാഹം കഴിച്ചിരിക്കുന്നത്. (എന്നിഷ്ടം നിന്നിഷ്ടം , ചിത്രം എന്നീ ചിത്രങ്ങള്‍ കണ്ണൂര്‍ രാജനായിരുന്നു സംഗീതം). ശരത്തിനെ പറ്റി ആദ്യമായി സംവിധായകൻ ടി കെ രാജീവ് കുമാറിനോട് പറയുന്നത് നവോദയ ജിജോയാണ്. രാജീവ് ‘ഗാന്ധര്‍വ്വം’ എന്നൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. ഷൂട്ടിങ്ങ് തുടങ്ങിയപ്പോഴാണ് ഗാന്ധര്‍വ്വവുമായി സാമ്യമുള്ള കഥ പത്മരാജന്‍ ‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന പേരിൽ ചെയ്യുന്നതായി അറിയുന്നത്. ഗാന്ധർവ്വത്തിനു വേണ്ടി ശരത് കമ്പോസ് ചെയ്ത ഗാനങ്ങളാണ് പിന്നീട് ‘ക്ഷണക്കത്ത്’ എന്ന സിനിമയിൽ ഉപയോഗിച്ചത്.

ശരത് തന്റെ പത്തൊൻപതാം വയസ്സിലാണ് ആദ്യസിനിമയായ ‘ക്ഷണക്കത്ത്’ ചെയ്തതെന്ന് വിശ്വസിക്കാന്‍ സിനിമാ സംഗീത പ്രേമികൾക്ക് ഇന്നും പ്രയാസമാണ്. അത്രയ്ക്കും മനോഹരമായ ഗാനങ്ങളാണ് ക്ഷണക്കത്തിലേത്. വൃന്ദാവന സാരംഗ രാഗത്തിലെ ” ആകാശദീപം എന്നുമുണരുമിടമായോ ” ആണ് ഹൈലൈറ്റ്. ‘സല്ലാപം കവിതയായ്’, ‘ആ രാഗം മധുമയമാം രാഗം’ എന്നീ ഗാനങ്ങൾ ഹംസധ്വനി രാഗത്തിലാണ് ചെയ്തിട്ടുള്ളത്. ഹംസധ്വനി രാഗത്തിലെ ഗണപതി സ്തുതി (‘വാതാപി ഗണപതിം ഭജേഗം’)യാണ് ‘ആ രാഗം’ എന്ന ഗാനത്തിന്റെ അടിസ്ഥാനം. ആദ്യസിനിമ കഴിഞ്ഞ് ചെറിയൊരു ഇടവേളയ്ക്ക് ശേഷമായിരുന്നു ശരത്തിന്റെ രണ്ടാമത്തെ സിനിമാ ശ്രമം. രാജീവ് കുമാർ തന്നെ സംവിധാനം ചെയ്ത ‘ഒറ്റയാൾ പട്ടാളം’ ആയിരുന്നു അത്. ഹംസധ്വനി രാഗത്തിൽ തന്നെ തയ്യാറാക്കിയ ‘മായാ മഞ്ചലിൽ ഇത് വഴിയേ പോകും തിങ്കളെ’ എന്ന ഗാനം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ‘മോഹനകല്യാണി’ എന്ന രാഗം ഈ ഗാനത്തിന്റെ പല്ലവി കഴിഞ്ഞ് വയലിനില്‍ ബിജിഎം ആയി ഉപയോഗിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

അതിനു ശേഷം മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് ശരത്തിന്റെ ഗാനങ്ങൾ കേൾക്കുവാൻ സാധിച്ചത്. 1994’ൽ ശരത് സംഗീത സംവിധാനം നിർവ്വഹിച്ച് മൂന്നു സിനിമകളാണ് പുറത്തിറങ്ങിയത്. ഷാജി കൈലാസിന്റെ ‘രുദ്രാക്ഷം’ , ടി കെ രാജീവ് കുമാറിന്റെ ‘പവിത്രം’ , സിബി മലയിലിന്റെ ‘സാഗരം സാക്ഷി’ എന്നിവയായിരുന്നു ആ സിനിമകൾ.’രുദ്രാക്ഷം’ എന്ന സിനിമയിൽ രൺജി പണിക്കർ എഴുതിയ ‘ശ്രീ പാർവ്വതി പാകിമാം ശങ്കരി’ എന്ന ഖരഹരപ്രിയ രാഗത്തിലെ ഗാനം ഏറെ മനോഹരമാണ്. രാജീവ് കുമാർ സംവിധാനം ചെയ്ത ‘തച്ചോളി വര്‍ഗ്ഗീസ് ചേകവർ’ എന്ന സിനിമയിലെ ‘മാലേയം മറോടലിഞ്ഞു’ എന്ന ഗാനം സാക്ഷാല്‍ എ ആര്‍ റഹ്മാനെ വരെ ഞെട്ടിച്ച ഒന്നായിരുന്നു. മോഹന രാഗത്തിലുള്ള ഗാനങ്ങൾ റഹ്മാനും ചെയ്തിട്ടുണ്ടെങ്കിലും അതിൽ ആരും ശ്രമിക്കാത്ത രീതിയിലുള്ള ഒരു തരം Erotic feel ആണ് ശരത് ആ ഗാനത്തിന് നല്‍കിയത്. റഹ്മാനെ അമ്പരപ്പിച്ചതും അതിലേറെ കൌതുകം ഉണ്ടാക്കിയതും ആ സംഗതിയാണ്..

1995’ൽ പുറത്തിറങ്ങിയ ‘സിന്ദൂര രേഖ’യിലെ ഗാനങ്ങൾ, രവീന്ദ്രൻ മാഷിന്റെ ‘മഴയെത്തും മുമ്പേ’ എന്ന ചിത്രത്തിലെ ‘എന്തിനു വേറൊരു സൂര്യോദയം’ എന്ന ഗാനത്തിനോട് സംസ്ഥാന അവാർഡിനു വേണ്ടി മത്സരിച്ചിരുന്നു. ഒടുവിൽ സംസ്ഥാന പുരസ്കാരം കിട്ടിയ രവീന്ദ്രന്‍ മാഷ്‌ ശരത്തിനോട് ഇപ്രകാരം പറഞ്ഞു, “എടാ ഈ അവാര്‍ഡ് നിനക്കായിരുന്നു കിട്ടേണ്ടിയിരുന്നത്. സത്യം. എന്റെ എന്തിനു വെരോരൊരു സൂര്യോദയം അത് ‘ഹിമഗിരി തനയെ സ്നേഹലതേ’ എന്ന, ശുദ്ധ ധന്യസി രാഗത്തിലെ, കീര്‍ത്തനമാണെന്ന് ആര്‍ക്കാടാ അറിഞ്ഞുകൂടാത്തത്. ഇത്ര വിഡ്ഢികളായിപ്പോയല്ലോ ജൂറി അംഗങ്ങൾ”. രവീന്ദ്രന്‍ മാഷിന്റെ ഈ വാക്കുകള്‍ക്ക് ശരത്തിന് സിന്ദൂരരേഖയിലെ ഗാനങ്ങള്‍ക്ക് അവാർഡ് കിട്ടുന്നതിലുമൊക്കെ എത്രയോ ഉയരത്തിലായിരുന്നു സ്ഥാനം. തന്‍റെ ഗാനങ്ങളെക്കാള്‍ മികച്ചത് തന്‍റെ ശിഷ്യന്റെ ഗാനങ്ങളാണെന്ന് പറയാന്‍ മാത്രം വലിയ മനസ്സിന്റെ ഉടമയായിരുന്നു രവീന്ദ്രന്‍ മാഷ്‌.

രവീന്ദ്രന്‍ മാഷുമായി ഏറെ അടുപ്പം ഉണ്ടായിരുന്നു ശരത്, മാഷിന്റെ ഒട്ടനവധി ഗാനങ്ങള്‍ക്ക് ഓർക്കസ്‌ട്രേഷൻ ചെയ്തിട്ടുണ്ട്.’ആറാം തമ്പുരാന്‍’ എന്ന ചിത്രത്തില്‍ യേശുദാസ് പാടുന്ന ‘സന്തതം സുമശരന്‍’ എന്ന ഗാനത്തില്‍ രാഗങ്ങള്‍ ശ്രുതി ഭേദം ചെയ്തതും ശരത് തന്നെ. (രീതിഗൗള, വസന്ത, ശ്രീരാഗം എന്നീ രാഗങ്ങള്‍). കര്‍ണ്ണാടക സംഗീതത്തില്‍ അഗാധമായ ജ്ഞാനമുള്ള ഒരാള്‍ക്ക് മാത്രം പറ്റുന്നൊരു കാര്യമായിരുന്നു അത്. ശ്രീരാഗത്തില്‍ നിന്ന് തുടങ്ങുന്ന ഗാനത്തെ രീതിഗൗളയിലേക്ക് സ്വരങ്ങള്‍ കൊണ്ട് ശ്രുതി ഭേദം ചെയ്തു പോകുന്നത് ഏതാണ്ട് അസാധ്യമായ ഒന്നായിരുന്നു. രാഗങ്ങള്‍ ശ്രുതിഭേദം ചെയ്യുക എന്ന ബുദ്ധിമുട്ടേറിയ ഒരു കാര്യം ശരത് അനായാസമായി ചെയ്തിരുന്നു. രവീന്ദ്രന്‍ മാഷിന്റെ ശൈലിയിലുള്ള കടുകട്ടിയേറിയ പല ഗാനങ്ങളും ശരത് തന്റെ സിനിമകളിൽ കമ്പോസ് ചെയ്തിട്ടുണ്ട് ഒരു പക്ഷെ അതിനേക്കാള്‍ ഏറെ പ്രയാസമുള്ളതും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഭാവയാമി , സുധാമന്ത്രം തുടങ്ങിയ ഗാനങ്ങള്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. പക്ഷെ രവീന്ദ്രന്‍ മാഷിന്റെ ‘പ്രമദവനം’ പോലെയോ, ‘ഹരിമുരളീരവം’ പോലെയോ ഉള്ള പോപ്പുലാരിറ്റി ശരത്തിന്റെ ഈ പറഞ്ഞ ഗാനങ്ങള്‍ക്ക് ഒരിക്കലും കിട്ടിയിരുന്നില്ല. എന്തുകൊണ്ടോ, അത്തരം ഗാനങ്ങള്‍ മലയാളി ശ്രോതാക്കള്‍ അത്ര കണ്ട് സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, പല അപൂർവ്വ രാഗങ്ങളും ശരത് സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട് . ‘സിന്ദൂരരേഖ’യിൽ കെ എസ് ചിത്ര പാടുന്ന ‘പ്രണതോഷ്‌മി’ എന്ന ഗാനം മായാശ്രീ എന്ന രാഗത്തിലാണ് ചിട്ടപ്പെടുത്തിയത്. ‘തത്സമയം ഒരു പെൺകുട്ടി’ എന്ന ചിത്രത്തിലെ “ഏനോ ഇദയം ധീം ധീം’ എന്ന ഗാനം പൂർണ്ണചന്ദ്രിക എന്ന അപൂർവ്വ രാഗത്തിലാണ് ചെയ്തത്. പൂർണ്ണചന്ദ്രികയിൽ മറ്റൊരു സംഗീതസംവിധായകനും മലയാള സിനിമയിൽ ഗാനങ്ങൾ ചെയ്തിട്ടില്ല.

മറ്റുള്ള സംഗീത സംവിധായകർക്ക് ഓർക്കസ്‌ട്രേഷൻ നിര്വഹിക്കുന്നതിലും, പശ്ചാത്തല സംഗീതം ഒരുക്കുന്നതിലും അഗ്രഗണ്യനായിരുന്നു ശരത്. ‘ദയ’ , ‘കണ്ണെഴുതിപൊട്ടും തൊട്ട്’ എന്നീ സിനിമകൾ ഉദാഹരണമാണ്. ആയിരത്തിലൊന്നു രാവുകളിൽ നിന്നുള്ള കഥയായ ‘ദയ’യ്ക്കു വേണ്ടി നൂറ്റാണ്ടുകൾ പഴക്കമുള്ള അറേബ്യൻ സംഗീതത്തിന്റെ വേരുകൾ ശരത് അന്വേഷിച്ചിരുന്നു. തന്റെ വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രി പോലും ശരത് ‘ദയ’ക്ക് വേണ്ടി ഉപേക്ഷിച്ചിരുന്നു. സംഗീതത്തോട് ശരത്തിനുള്ള ആത്മസമർപ്പണമാണ് അതിന്റെ കാരണം. സ്വന്തം സംഗീതത്തിൽ ഒരു അപൂർണ്ണത ഉണ്ടെന്നു അദ്ദേഹം ഇപ്പോഴും വിശ്വസിച്ചിരുന്നു. താന്‍ ചെയ്ത ഗാനങ്ങള്‍ മലയാളികൾ നെഞ്ചോട് ചേർത്ത് വാരിപ്പുണരുമ്പോഴും അവയിലെ ആത്മ വിശ്വാസക്കുറവ് ശരത്തിനെ പലപ്പോഴും അലട്ടിയിരുന്നു. 2008’ൽ പുറത്തിറങ്ങിയ ‘തിരക്കഥ’ എന്ന ചിത്രത്തിലെ ‘പാലപ്പൂവിതളിൽ’ എന്നത് താൻ ചെയ്ത ഗാനങ്ങളിൽ ഏറ്റവും വെറുക്കുന്ന ഒന്നാണെന്ന് ശരത് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

സംഗീതം ചെയ്യുന്നതോടൊപ്പം മറ്റുള്ള സംഗീത സവിധായകർക്കുവേണ്ടി പാടാനും ശരത് സമയം കണ്ടെത്തിയിരുന്നു. ‘താരൈ തപ്പട്ടൈ’ എന്ന ചിത്രത്തിൽ ഇളയരാജയുടെ സംഗീതത്തിൽ ശരത് പാടിയിരുന്നു. ‘നടൻ’, ‘കനൽ’ എന്നീ ചിത്രങ്ങൾക്ക് ഔസേപ്പച്ചന് വേണ്ടിയും, ‘വർഷം’ എന്ന ചിത്രത്തിൽ ബിജിപാലിന്‌ വേണ്ടിയും അദ്ദേഹം പാടിയിരുന്നു. ഇക്കാലത്തെ ന്യൂ ജനറേഷൻ സിനിമാ സംഗീതത്തിൽ രാഗാധിഷ്ഠിതമായ ഗാനങ്ങളെന്നത് തീർത്തും അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. എം ജയചന്ദ്രൻ , ബിജിപാൽ തുടങ്ങി ചുരുക്കം ചിലര്‍ സംഗീത പ്രേമികൾക്ക് ഒരു ആശ്വാസം തന്നെയാണ് . ശരത്തിനെ പോലുള്ള പ്രഗത്ഭരുടെ ശക്തമായ തിരിച്ചുവരവിലൂടെ മലയാളസിനിമയില്‍ ശുദ്ധസംഗീതം നിറഞ്ഞു കളിക്കട്ടേ എന്ന് പ്രത്യാശിക്കാം.

അരുണ്‍ ദിവാകരന്‍ 

shortlink

Related Articles

Post Your Comments


Back to top button