“ഞാനും ലാലും തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമാണ്. അതിന് ഇതുവരെയും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. നമ്മൾ ഒരുമിച്ച് ചെയ്തിട്ടുള്ള സിനിമകളെല്ലാം തന്നെ ഏറ്റവും മികച്ചവയാണ്. മണിച്ചിത്രത്താഴ് പോലെ സൂപ്പർ ഹിറ്റായ ചിത്രങ്ങളാണ് അവയിൽ എല്ലാം. എന്റെ ആദ്യത്തെ സിനിമയെന്ന് ശരിക്കും പറയാവുന്ന ഒന്നാണ് ‘രാജാവിന്റെ മകൻ’. അതിന് മുൻപ് ‘ഒന്നു മുതൽ പൂജ്യം വരെ’, ‘പൂവിനു പുതിയ പൂന്തെന്നൽ’, ‘യുവജനോത്സവം’, ബാലനടനായി ‘ഓടയിൽ നിന്ന്’ എന്നിങ്ങനെ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് നല്ലൊരു ബ്രേക്ക് തന്നത് ‘രാജാവിന്റെ മകൻ’ തന്നെയാണ്.
പിന്നെ, എനിക്ക് ഈ പേര്, അതായത് ‘സുരേഷ്’ എന്ന പേരിന്റെയൊപ്പം ‘ഗോപി’ എന്നത് കൂടെ ചേർക്കണം എന്ന് ഉപദേശിച്ചത് ലാലിന്റെ ഭാര്യാപിതാവ് ബാലാജി അങ്കിളാണ്. സുരേഷ്.ജി.നായർ എന്നായിരുന്നു എന്റെ പേര്. അച്ഛന്റെ പേര് എന്റെ കൂടെ ഉണ്ടാകണം എന്നു പറഞ്ഞ് ബാലാജി അങ്കിളാണ് എന്റെ പേര് ‘സുരേഷ് ഗോപി’ എന്ന് മാറ്റാൻ പറഞ്ഞത്. അദ്ദേഹത്തിന്റെ ആദ്യത്തെ തമിഴ് സിനിമ നിർമ്മിക്കുന്ന സമയത്ത് അത് കേരളത്തിൽ വിതരണം ചെയ്തത് എന്റെ അച്ഛനാണ്. ആ കാലം മുതലേ ഉള്ള ബന്ധമാണത്. ബാലാജി അങ്കിളിന്റെ മകന്റെ പേര് സുരേഷ് ആയതു കൊണ്ടാണ് അച്ഛൻ എന്റെ പേരും സുരേഷ് എന്നിട്ടത്. ശേഷമാണ് ലാൽ അവരുടെ കുടുംബത്തിൽ എത്തുന്നത്.
എന്റെ തുടക്കകാലം ലാലിന്റെ സിനിമകളിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റായിട്ടോ, വില്ലനായിട്ടോ ഒക്കെയായിരുന്നു. അങ്ങനെ തുടങ്ങിയ സൗഹൃദമാണ്. ഇന്നും അത് ഒരു പോറൽ പോലും ഏൽക്കാതെ തുടരുന്നു.”
ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് കൊടുത്ത അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ചും, ഭാര്യാപിതാവായ ബാലാജിയെക്കുറിച്ചും സുരേഷ് ഗോപി പറഞ്ഞതാണ്.
Post Your Comments