Film ArticlesMollywoodNEWSNostalgia

‘കിരീടം’ – ചില സവിശേഷ പ്രത്യേകതകൾ

മലയാളസിനിമയിലെ ക്ലാസിക് സൃഷ്ടികളുടെ ലിസ്റ്റെടുത്താൽ അതിൽ ‘കിരീടം’ എന്ന സിനിമയുടെ സ്ഥാനം വളരെ ഉയരത്തിലാണ്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ.കൃഷ്ണകുമാറും, ദിനേശ് പണിക്കരും ചേർന്ന് നിർമ്മിച്ച ‘കിരീടം’ 1989 ജൂലൈ ഏഴിനാണ് റിലീസായത്. രചന ലോഹിതദാസും, സംവിധാനം സിബി മലയിലുമാണ് നിർവ്വഹിച്ചത്. മോഹൻലാൽ, തിലകൻ, പാർവ്വതി, കവിയൂർ പൊന്നമ്മ, മോഹൻരാജ്, കൊച്ചിൻ ഹനീഫ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കിരീടത്തിന്റെ ചില സവിശേഷ പ്രത്യേകതകൾ ഇതാ,

* നടൻ മോഹൻലാലിന് ആദ്യമായി ദേശീയ ബഹുമതി ലഭിക്കുന്നത് കിരീടം എന്ന സിനിമയിലൂടെയാണ്. 1989’ലെ മികച്ച അഭിനയത്തിനുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരമാണ് ലഭിച്ചത്. മികച്ച അഭിനേതാവിനുള്ള സെലക്ഷന്റെ ഫൈനൽ റൗണ്ടിൽ മമ്മൂട്ടിയും, മോഹൻലാലുമാണ് എത്തിയത്. കെ.ജി.ജോർജ്ജ്, ശ്രീകുമാരൻ തമ്പി എന്നിവർ ജൂറി അംഗങ്ങളായിരുന്നു. തുല്യ പ്രകടനം കാരണം ആരെ മികച്ചതായി തിരഞ്ഞെടുക്കും എന്ന ആശയക്കുഴപ്പം ജൂറി അംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്നെങ്കിലും കെ.ജി.ജോർജ്ജിന്റെ ശക്തമായ വാദവും, മറ്റു അംഗങ്ങളുടെ അഭിപ്രായവും കണക്കിലെടുത്ത് മമ്മൂട്ടിയെ മികച്ച നടനായി പ്രഖ്യാപിക്കുകയായിരുന്നു. ‘ഒരു വടക്കൻ വീരഗാഥ’, ‘മതിലുകൾ’, ‘മൃഗയ’ എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനങ്ങൾക്കായിരുന്നു മമ്മൂട്ടിയ്ക്ക് അവാർഡ് ലഭിച്ചത്.

* ഗായകൻ എം.ജി.ശ്രീകുമാറിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ആദ്യമായി ലഭിക്കുന്നത് കിരീടം, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കായിരുന്നു. “കണ്ണീർ പൂവിന്റെ കവിളിൽ തലോടി” (കിരീടം), “മായാമയൂരം പീലിനീർത്തിയോ”( വടക്കുനോക്കിയന്ത്രം) എന്നിവയാണ് ആ ഗാനങ്ങൾ. രണ്ടിന്റെയും രചന നിർവ്വഹിച്ചതും, ഈണം ചിട്ടപ്പെടുത്തിയതും യഥാക്രമം കൈതപ്രം ദാമോദരൻ നമ്പൂതിരി, ജോൺസൺ എന്നിവരായിരുന്നു.

* വില്ലൻ വേഷങ്ങളിലൂടെ മാത്രം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ കൊച്ചിൻ ഹനീഫയ്ക്ക് തന്റെ സിനിമാ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ബ്രേക്ക് ആയിരുന്നു കിരീടത്തിലെ ഹൈദ്രൂസ് എന്ന കഥാപാത്രം. പൊങ്ങച്ചം പറഞ്ഞു കൊണ്ട് നായകൻറെ പിറകേ വാലു പോലെ കൂടുന്ന ഒരു കോമഡി കഥാപാത്രമായി കൊച്ചിൻ ഹനീഫ ഗംഭീര പ്രകടനം കാഴ്ച വച്ചു. അതിനു ശേഷം ഹാസ്യ കഥാപാത്രങ്ങളായിരുന്നു അദ്ദേഹം ഏറ്റവും കൂടുതൽ ചെയ്തത്.

* ലോഹിതദാസ് കിരീടത്തിന്റെ തിരക്കഥാരചന നിർവ്വഹിച്ചത് വെറും നാലു ദിവസം കൊണ്ടാണ്. സംവിധായകൻ സിബി മലയിലിന്റെ കല്യാണത്തിന് പോകാൻ തനിക്ക് കഴിയില്ലല്ലോ എന്ന വിഷമം കാരണം, അത് ഒഴിവാക്കാതിരിക്കാനായി അദ്ദേഹം രാവും പകലും വിശ്രമമില്ലാതെ ഇരുന്നു തയ്യാറാക്കിയതാണ് ‘കിരീടം’.

* മോഹൻരാജ് എന്ന നടന്റെ തുടക്കം കിരീടത്തിലൂടെയായിരുന്നു. അതു വരെ കാണാത്ത തരം പ്രത്യേക ശൈലിയിലുള്ള വില്ലൻ കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്. ‘കീരിക്കാടൻ ജോസ്’ എന്ന ആ വില്ലൻ കഥാപാത്രത്തിന്റെ പേരിൽ തന്നെയായിരുന്നു ആ നടൻ പിൽക്കാലത്ത് അറിയപ്പെട്ടത്. മോഹൻലാലുമായുള്ള സംഘട്ടന രംഗങ്ങളിൽ തുടക്കത്തിൽ മോഹൻരാജിന് ഏറെ പിഴച്ചിരുന്നു. ടൈമിംഗ് തെറ്റുന്നതായിരുന്നു പ്രധാന പ്രശ്നം. അതു കാരണം മോഹൻലാലിന് ശാരീരികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. ശേഷം ഇന്ത്യയിലെ പല ഭാഷകളിലും വില്ലൻ വേഷങ്ങളിൽ ഗംഭീര പ്രടകണം കാഴ്ച വച്ച മോഹൻരാജ് ഇപ്പോൾ തമിഴ്‌നാട്ടിലെ മധുരയിൽ എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറായി ജോലി ചെയ്യുകയാണ്.

* ഇന്ത്യൻ സിനിമയിലെ നാല് ഭാഷകളിലേക്കാണ് ‘കിരീടം’ റീമേക്ക് ചെയ്യപ്പെട്ടത്. തെലുങ്കിൽ ‘റൗഡിസം നാസിഞ്ചലി’ (1990), കന്നടയിൽ ‘മൊടട മറയല്ലി’ (1991), ഹിന്ദിയിൽ ‘ഗർദ്ദിഷ്‌’ (1993), തമിഴിൽ ‘കിരീടം’ (2007) എന്നിങ്ങനെയായിരുന്നു അവ. ഇവയെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button