
തമിഴ് നടി അഞ്ജലി മലയാളത്തിലേക്കുള്ള തിരിച്ചു വരവിന് ഒരുങ്ങുകയാണ്. നവാഗതനായ വിനു ജോസഫ് സംവിധാനം നിർവ്വഹിച്ച് ബിജു മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘റോസാപ്പൂ’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജലിയുടെ മടങ്ങി വരവ്. റിയലിസ്റ്റിക് സ്വഭാവമുള്ള ഹാസ്യ ചിത്രമായിരിക്കും ‘റോസാപ്പൂ’ എന്നാണ് അണിയറപ്രവർത്തകർ അഭിപ്രായപ്പെടുന്നത്. ഏറ്റവും മികച്ച റിയലിസ്റ്റിക് തമിഴ് സിനിമകളായ ‘അങ്ങാടിത്തെരു’, ‘എങ്കേയും എപ്പോതും’ എന്നിവയിലൂടെ തന്റെ പ്രതിഭ തെളിയിച്ച അഞ്ജലിയ്ക്ക് ‘റോസാപ്പൂ’ ഏറ്റവും മികച്ച ഒരു അനുഭവമായിരിക്കും എന്നാണ് പ്രതീക്ഷ. പകുതി തമിഴും, പകുതി കന്നഡയും ആയിട്ടുള്ള ഒരു ശക്തമായ സ്ത്രീകഥാപാത്രമാണ് അഞ്ജലിയുടേത് എന്ന് സംവിധായകൻ വിനു ജോസഫ് അവകാശപ്പെടുന്നു.
വ്യത്യസ്തമായ 143 കഥാപാത്രങ്ങളുള്ള ചിത്രത്തിൽ ദിലീഷ് പോത്തനും, സൗബിൻ ഷാഹിറും ഏറെ രസകരമായ തമാശ കഥാപാത്രങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്. ചെന്നൈയിലും, കൊച്ചിയിലും, കോഴിക്കോടിലുമായി നടത്തിയ ഓഡിഷനിലൂടെയാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തത്. ‘റോസാപ്പൂ’ ആഗസ്റ്റ് 23’ന് ചിത്രീകരണം ആരംഭിക്കുന്നതാണ്.
Post Your Comments