അമരാവതിയുടെ മണ്ണിലിരുന്നു മനുഷ്യവികാരങ്ങള്‍ കൊണ്ടുള്ള വീതുളിയില്‍ തനിയാവര്ത്തനങ്ങളല്ലാത്ത വെള്ളാരംകല്ലിന്റെ പൊടി ഇട്ട് രാകി മിനുക്കിയെടുത്ത കഥകളുടെ പെരുംതച്ചനാണ് ലോഹിതദാസ്. രണ്ടു പതിറ്റാണ്ടുകളായി മലയാളത്തിന്റെ കഥാസരിത്സാഗരം അഭ്രപാളിയില്‍ മെനഞ്ഞെടുത്ത അനുഗ്രഹീത എഴുത്തുകാരന്. നാട്ടിൻപുറങ്ങളുടെ നന്മമണത്തിലൂടെ മലയാളസിനിമയില്‍ സ്വന്തമായ മേച്ചില്‍ പുറങ്ങള്‍ തേടിയ ആ എഴുത്തുകാരന് ഏറ്റവും കൂടുതല്‍ പ്രചോദനം നല്കിയ കൃതി ഏതാണെന്ന് ചോദിച്ചാല്‍, അതന്വേഷിച്ച് അദ്ദേഹത്തിന്റെ സൃഷ്ടികളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍, ഭാരതത്തിന്റെ പൗരാണിക ഇതിഹാസങ്ങളില്‍ ഒന്നായ ‘രാമായണം’ ആണെന്ന് കരുതപ്പെടേണ്ടിയിരിക്കുന്നു.
സിനിമകളുടെ പേരില്‍ നിന്നും (ഭരതം, ദശരഥം തുടങ്ങിയവ ) ചിലതിന്റെ സന്ദര്‍ഭങ്ങളില്‍ നിന്നും, ഇതിനു മുമ്പും ഈ വിഷയം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഒരു കൗതുകത്തിന് ഒന്നുകൂടെ സിനിമകളിലൂടെ യാത്ര ചെയ്തപ്പോള്‍ ആരാലും അധികം ചര്‍ച്ചചെയ്യപ്പെടാത്ത ചില നിരീക്ഷണങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധിച്ചു. ആദ്യകാലത്ത് വന്ന ‘കിരീടം’ പോലെയുള്ള സിനിമകളില്‍ ‘രാമപുരം’ എന്ന പോലെയുള്ള സ്ഥലപേരുകളിൽ നിറയുന്ന ചെറിയ രാമായണസ്പർശം ക്രമേണ ഒരു പറ്റം ലോഹിതദാസ് സിനിമകളിലെ പല സന്ദര്‍ഭങ്ങളും, കഥ മുഴുവനായും ആ ഇതിഹാസത്തിലൂന്നി ചെയ്തതു പോലെ തോന്നുന്നു.
‘ഭരതം’ എന്ന സിനിമയെ ചർച്ചയ്ക്കെടുത്താൽ ഇത്തരത്തിലുള്ള ചില പ്രത്യേകതകൾ അറിയാൻ കഴിയും. ജേഷ്ഠൻ വിട്ടുപോയ അനിയന്റെ ദുഃഖം എന്ന അർത്ഥം വരുന്ന, രാമനില്‍ നിന്ന് അകന്ന ഭരതന്റെ ദുഖം “ഭരതം” ആയി മാറുന്നു. നെടുമുടിയുടെ കഥാപാത്രത്തിന്റെ പേരിലും ഒരു രാമന് ഉണ്ട്. കല്ലിയൂര്‍ രാമനാഥന് എന്ന പ്രശസ്ത ഗായകന്. ഭരതന് ശ്രീരാമന്റെ മെതിയടികള്‍ സിംഹാസനത്തില്‍ വച്ച് ആരാധിച്ചതായി രാമായണത്തില്‍ പറയുന്നുണ്ട്. മോഹൻലാൽ അവതരിപ്പിച്ച അനിയൻ കഥാപാത്രമായ ഗോപിനാഥൻ പോലീസ് സ്റ്റേഷനില്‍ നിന്ന് തനിക്ക് കിട്ടുന്ന രാമനാഥന്റെ ചെരുപ്പ് അടക്കമുള്ള വസ്തുക്കള്‍ നെഞ്ചോട് ചേർത്തു പിടിക്കുന്നത് ഈ അവസരത്തില്‍ ഓര്‍ക്കാം.
ദശരഥവും ഇങ്ങനെ പേരിലും കഥയുടെ കാമ്പിലും രാമായണം പേറുന്നുണ്ട്. ‘Artificial Insemination’ എന്നത് പ്രധാന വിഷയമായി വരുന്ന സിനിമയില്‍ രണ്ടു തരത്തില്‍ അതിന്റെ പേരിനെ സാധൂകരിക്കുന്ന സംഗതികളുണ്ട്. ഒന്ന് മൂല വിഷയമായ രാമായണത്തില്‍ ദശരഥന് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് അലൈംഗികമായ പ്രത്യുല്പാദനത്തിലൂടെ ആണ്. വിശേഷമായ പായസം കഴിച്ചാണ് അദ്ദേഹത്തിന്റെ ഭാര്യമാര്‍ ഗർഭം ധരിക്കുന്നത്. ‘പുത്രദുഃഖം’ എന്ന ശാപം കിട്ടിയിട്ടുള്ള ദശരഥന് മരിക്കുന്നത് മകനെ വിട്ടുപോയതിലുള്ള കടുത്ത വേദന കാരണമാണ്. രാജീവ് മേനോനും സമാനമായ മാനസികാവസ്ഥയില്‍ ചിത്രത്തിന്റെ ക്ലൈമാക്സില്‍ എത്തുന്നുണ്ട്. അങ്ങനെ, അച്ഛന്റെ ദുഖം എന്ന വശം നോക്കുമ്പോഴും “ദശരഥം” എന്ന പേര് അര്‍ത്ഥവത്താണ് .
ഇനി ‘വാത്സല്യം’ എന്ന സിനിമയിലേക്ക് തിരിയാം. അനുജനെയും കുടുംബത്തെയും നിഷ്ക്കളങ്കമായി സ്നേഹിച്ച ഏട്ടന്റെ കഥയാണ് ‘വാത്സല്യം’. ത്യാഗം, സ്നേഹം, ഭൂമിയും വീടും വേണ്ടെന്ന് വച്ചുള്ള യാത്ര, കാടിന് സമാനമായ കുന്നിന്‍പുറത്തുള്ള ജീവിതം, ഇതൊക്കെ മമ്മൂട്ടി അവതരിപ്പിച്ച മേലേടത്ത് രാഘവന് നായര്‍ എന്ന കഥാപാത്രത്തെ രാമായണത്തിലെ ശ്രീരാമാനുമായി സാമ്യപ്പെടുത്തുന്നു. രാഘവന് എന്നുള്ളത് ശ്രീരാമന്റെ പര്യായമാണെന്നതും ക്ലൈമാക്സില്‍ പശ്ചാത്തലമായി വരുന്ന ശ്ലോകം രാമായണത്തിലേതാണെന്നതും ഏവർക്കും അറിവുള്ളതാണെന്ന് വിശ്വസിക്കുന്നു. രാമായണം വായിക്കുന്ന മമ്മൂട്ടിയുടെ പോസ്റ്റർ അക്കാലത്ത് ഏറ്റവും പ്രചാരം നേടിയ ഒന്നായിരുന്നു. സിനിമയിലെ പാട്ടിലെ ചില വരികളില്‍ പോലും ഈ രാമായണബന്ധമുണ്ട് (“രാമായണം കേള്‍ക്കാതെയായ് പൊന്‍മൈനകള്‍ മിണ്ടാതെയായ്…”). ഒരുപക്ഷെ രാമായണവുമായി ഏറെ അടുത്ത് നില്ക്കുന്ന ലോഹിതദാസ് സിനിമയും വാത്സല്യം തന്നെയാകും.
‘കമലദളം’ എന്ന ക്ലാസിക്കിലേക്ക് വരുമ്പോള്‍, മോഹൻലാൽ ചെയ്ത കേന്ദ്രകഥാപാത്രമായ നന്ദഗോപന്റെ ഏറ്റവും വലിയ സ്വപനം തന്നെ തന്റെ ഭാര്യ സുമംഗലയെ കൊണ്ട് “സീതാ രാമായണം” എന്ന നൃത്തശിൽപ്പം യാഥാർത്ഥ്യമാക്കുക എന്നുള്ളതാണ്. ജീവിതത്തിലെ നല്ല കാലത്ത് നടക്കാത്ത ആ ആഗ്രഹം സാധിക്കാനായി പിന്നീട് മാളവിക (മോനിഷ) എന്ന കഥാപാത്രം നന്ദഗോപനെ സമീപിക്കുന്നു. വലിയൊരു നർത്തകിയാണെന്ന മാളവികയുടെ അഹങ്കാരം ഇല്ലാതാക്കി, നന്ദഗോപൻ തന്റെ സ്വപ്ന സൃഷ്ടിയിലേക്ക് അവളെ എത്തിക്കുന്നത് ആ നൃത്തശിൽപ്പത്തിലെ ‘അഹല്യാ മോക്ഷം’ എന്ന ഭാഗത്തിൽ കാണാൻ കഴിയും. മറ്റൊരു സാധ്യത “അഗ്നിപരീക്ഷ”യാണ്. തന്റെ സ്നേഹവും ആത്മാര്‍ത്ഥയും സത്യമെന്ന് തെളിയിക്കാൻ സുമംഗല തിരഞ്ഞെടുത്ത മരണത്തിലേക്കുള്ള വഴി രാമായണത്തിലെ ‘അഗ്നിപരീക്ഷ’യോട് ഉപമിക്കാമെന്നു കരുതുന്നു.
‘പാഥേയം’ എന്ന സിനിമയില്‍ പരോക്ഷമായാണ് രാമായണ ബന്ധം കടന്നു വരുന്നത്. രാമായണത്തിലെ മറ്റു ചില ആഖ്യാനങ്ങളിൽ സീത രാവണന്റെ പുത്രിയാണെന്ന് സൂചിപ്പിക്കുന്നുണ്ട്. കമ്പരാമായണം ആസ്പദമാക്കിയാണ് ലോഹിതദാസ് ‘പാഥേയം’ എഴുതിയതെന്നും കേട്ടിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ രാവണന് സീതയെ മകളായി സ്വീകരിച്ച് തന്റെ കൊട്ടാരത്തില്‍ കുറച്ചു കാലം വാഴിച്ച പോലെയാണ് ചന്ദ്രദാസ് (മമ്മൂട്ടി) ഹരിതയെ (ചിപ്പി) ചെറിയൊരു കാലത്തേക്ക് തന്റെ കൂടെ കൂട്ടുന്നത്. ഭഗവാൻ ശിവന് കൊടുത്ത വാളായ ‘ചന്ദ്രഹാസം’ കയ്യിലുള്ള രാവണന് ‘ചന്ദ്രഹാസന്‍’ എന്നും അറിയപ്പെട്ടിരുന്നതായി പുരാണം പറയുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആ പേരിന് നല്ല സാമ്യമുള്ള “ചന്ദ്രദാസ്” എന്നതാണ് മമ്മൂട്ടിയുടെ കഥാപാത്രം എന്നും നിരീക്ഷിക്കാം.
ഇങ്ങനെ സിനിമകളില്‍ പ്രധാന ശീർഷകമായും കഥാപാത്രങ്ങളുടെ പേരുകളായും, സന്ദര്‍ഭങ്ങളായും രാമായണത്തെ ലോഹിതദാസ് തന്റെ എഴുത്തിലേക്ക് എത്തിച്ചിരുന്നു എന്ന് വേണം കരുതാന്‍. ‘കൗരവർ’, ‘വെങ്കലം’ തുടങ്ങിയ ലോഹിതദാസ് രചനകളിൽ മഹാഭാരതത്തിന് സമാനമായ സംഗതികളാണുള്ളത്.’രാമായണം’, ‘മഹാഭാരതം’ ഈ രണ്ടു ഇതിഹാസങ്ങൾ തമ്മിൽ ഒരു താരതമ്യപഠനം നടത്തിയാൽ മാനുഷികവികാരങ്ങള്‍ ഏറ്റവും കൂടുതലുള്ളത് രാമായണത്തിലാണെന്ന് വിശ്വസിക്കുന്നു. മനുഷ്യമനസ്സിന്റെ കഥകള്‍ മണ്ണിന്റെ ഗന്ധം ചേര്‍ത്തെഴുതിയ ലോഹിതദാസ് കൂടുതല്‍ രാമായണത്തെ ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നതിന് ഇതിലും കൂടുതല്‍ തെളിവ് വേണ്ടാ എന്ന് കരുതുന്നു.
ശ്രീഹരി സ്വര
Post Your Comments