“പണ്ട് എന്റെ ‘ഈറ്റില്ലം’ എന്നൊരു സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിരുന്നു. ഒരു ചെറിയ കഥാപാത്രമാണ്. അതിൽ ഒരു പ്രത്യേക ഡയലോഗ് ഞാൻ പറഞ്ഞു കൊടുത്തപ്പോൾ മമ്മൂട്ടി അത് സാധാരണ പോലെ അവതരിപ്പിച്ച് കണ്ടു. പുള്ളിക്കാരന്റെ പരിചയക്കുറവായിരുന്നു പ്രശ്നം. മമ്മൂട്ടിയ്ക്ക് ഞാന്‍ ആ ഡയലോഗ് വിശദമായി പറഞ്ഞു കൊടുത്തു. ഓരോ പോർഷനും ഓരോ ട്രെൻഡാണ്, ചിലയിടങ്ങളിൽ മോഡുലേഷൻ ആവശ്യമാണ് എന്നും പറഞ്ഞു. അപ്രകാരം ആ ഡയലോഗ് മമ്മൂട്ടിയ്ക്ക് വായിച്ചു കൊടുക്കുകയും ചെയ്തു. അതു കേട്ട് തനിക്ക് രോമാഞ്ചം തോന്നി എന്നാണ് മമ്മൂട്ടി അന്നെന്നോട് പറഞ്ഞത്. പുള്ളിക്ക് അത് ഭയങ്കര കോരിത്തരിപ്പായിരുന്നു. അന്ന് മുതൽ ഇന്ന് വരെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ബലം എന്നത് സൗണ്ട് മോഡുലേഷൻ തന്നെയാണ്. ഇമോഷൻസ് 100% കൊടുക്കുന്നതിലും, അതിന്റെ അടിസ്ഥാനത്തിൽ ശബ്ദം വ്യത്യസ്തമായ രീതിയിൽ മാറ്റുന്നതിലും മമ്മൂട്ടിയോളം പോന്ന പ്രതിഭയെ ഞാൻ വേറെ കണ്ടിട്ടില്ല.
‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന എന്റെ സിനിമയിൽ മമ്മൂട്ടിയായിരുന്നു നായകൻ. ആ പടം ഹിറ്റായി കഴിഞ്ഞിട്ട് ഒരു ദിവസം ഞാൻ എറണാകുളം ബി.ടി.എച്ചിലേക്ക് വരുമ്പോൾ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും അവിടെയുണ്ട്. അവർ പറഞ്ഞു, “മണിവത്തൂരിലെ ആയിരം ശിവരാത്രികൾ കണ്ടു, മമ്മൂട്ടി അസൽ പെർഫോമൻസാണ്. എന്താണ് അങ്ങേരുടെ ഡയലോഗ് മോഡുലേഷൻ! ഞങ്ങൾ മോഹൻലാലിനോട് പറയാനിരിക്കുകയാണ് ആ പടം ഒന്ന് പോയി കാണാന്‍.” സത്യത്തില്‍ എനിക്ക് തോന്നിയിട്ടുള്ളത് ആ കാലഘട്ടം വരെയൊക്കെ മോഹന്‍ലാലും ഈ മോഡുലേഷനിലൊന്നും അധികം ശ്രദ്ധിച്ചിട്ടില്ല. എണ്‍പതുകളിലെ മധ്യത്തോടെയാണ് മോഹന്‍ലാല്‍ ആ ഏരിയയിൽ കയറി അങ്ങോട്ട് പൂന്ത് വിളയാടാന്‍ തുടങ്ങിയത്…”, പ്രശസ്ത സംവിധായകൻ ഫാസിൽ ഒരു ടി.വി അഭിമുഖത്തിൽ പറഞ്ഞത്.
Post Your Comments