തന്നെ സിനിമയില്‍ കൊണ്ടുവന്നത് ദിലീപേട്ടനാണ്. വെറുതെ ഇല്ലാക്കഥകള്‍ പടച്ചുവിട്ട് അദ്ദേഹത്തെ നശിപ്പിക്കരുതെന്ന് നടന്‍ സുധീര്‍. ദിലീപ് എന്ന മനുഷ്യനെ രാജ്യദ്രോഹിയായി മാധ്യമങ്ങളും സോഷ്യല്‍മീഡിയകളും ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും സുധീര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറയുന്നു. 25 ദിവസമായി ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില വഷളാണെന്നും ദിലീപിനെ പിന്തുണച്ചതിന്റെ പേരില്‍ അത്താഴപ്പട്ടിണിക്കാരനായ തന്നെ ഉപദ്രവിക്കരുതെന്നും സുധീര്‍ പറഞ്ഞു.
തന്നെ സിനിമയില്‍ കൊണ്ടുവന്നത് ദിലീപാണെന്നും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത് വരെ താന്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നും സുധീര്‍ വീഡിയോയില്‍ പറയുന്നു. സുധീറിന്റെ വാക്കുകള്‍ ഇങ്ങനെ… പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗസ്റ്റ് 6 ന് സിഐഡി മൂസയിലേക്ക് തന്നെ സെലക്‌ട് ചെയ്തത് ദിലീപായിരുന്നു. പാലാരിവട്ടം ഹൈവേ ഗാര്‍ഡനില്‍ വെച്ച് ഉദയ് കൃഷ്ണ സിബി കെ തോമസ്, ജോണി ആന്റണി, ദിലീപ് എന്നിവര്‍ ചേര്‍ന്ന സദസ്സിലേക്ക് ചെന്ന തന്നെ സിനിമയിലേക്ക് എടുത്തത് ആ സിനിമയുടെ നിര്‍മ്മാതാവ് ദിലീപായിരുന്നു. സിനിമ ഇല്ലായിരുന്നെങ്കില്‍ തന്റെ ജീവിതം തന്നെ വഴിമാറിപ്പോയേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് അദ്ദേഹം ജയിലിലാണ്. എന്താണ് ചെയ്ത തെറ്റെന്നോ കേസിന്റെ പിന്നിലെ കാര്യങ്ങളോ തനിക്കറിയില്ല. തന്റെ മനസ്സാക്ഷിക്ക് ശരിയെന്ന് കരുതുന്ന കാര്യമാണ് പറഞ്ഞത്.
മുമ്പ് വിനയന്‍ ഒറ്റയ്ക്ക് ഫൈറ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിനൊപ്പവും നിന്നയാളാണ് താന്‍. ദിലീപിന് വേണ്ടി ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഉണ്ടചോറിനുള്ള നന്ദികേടാകുമെന്നും സുധീര്‍ പറയുന്നു. ഇപ്പോഴും സിനിമയ്ക്ക് വേണ്ടി ചാന്‍സ് ചോദിച്ചു നടക്കുന്ന വ്യക്തിയാണ് താന്‍. തന്നെ ഉപദ്രവിക്കരുതെന്നും സുധീര്‍ വീഡിയോയില്‍ പറയുന്നു.
Post Your Comments