CinemaGeneralLatest NewsMollywoodNEWSTV ShowsWOODs

റിയാലിറ്റി ഷോകള്‍ ആളെ കൊല്ലികളാകുമ്പോള്‍!!

എന്നും എപ്പോഴും ചര്‍ച്ച റിയാലിറ്റി ഷോകളാണ്. പാട്ടും കോമഡിയുമായെല്ലാം കടന്നു വന്ന ഷോകള്‍ ഇപ്പോള്‍ കൊച്ചു കുട്ടികളുടെ ആഭാസപ്രകടന തലത്തിലേക്ക് മാറിക്കഴിഞ്ഞു. ഒരു കാലത്ത് ടെലിവിഷന്‍ പരിപാടികള്‍ സീരിയലുകളും സിനിമകളുമായി ചുരുങ്ങി എങ്കില്‍ ഇന്നു പ്രേക്ഷകരുടെ മനസ്സും ഇഷ്ടവും തിരിച്ചറിഞ്ഞു തങ്ങള്‍ അവതരിപ്പിക്കുന്നുവെന്ന് മിഥ്യാ ധാരണയുണ്ടാക്കി ഓരോ റിയാലിറ്റി ഷോകള്‍ അവതരിപ്പിക്കുകയും വമ്പന്‍ മാര്‍ക്കറ്റുകള്‍ പിടിച്ചടക്കുകയും ചെയ്യുന്നു.

എവിടെയാണ് ഇന്ന് സമൂഹം. നമ്മുടെ കുട്ടികള്‍ കാണുന്ന പരിപാടികള്‍ എന്തൊക്കെയാണ്? എങ്ങനെയാണ് അവരെ നല്ല രീതിയില്‍ വളര്‍ത്തുക? നമ്മളില്‍ പലരും ഓര്‍ക്കുന്ന ഒരു സംഭവമാണ് റിമോര്‍ട്ട് കിട്ടാത്തതിന്റെ ദേഷ്യത്തില്‍ സഹോദരങ്ങള്‍ അടികൂടിയതും പിന്നീട് മരണത്തില്‍ കലാശിച്ചതും… ഇന്നും അത് ആവര്‍ത്തിക്കപ്പെടുന്നുണ്ട്…

പാശ്ചാത്യ ലോകത്തെ റിയാലിറ്റി ഷോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടി വി ചാനലുകളിൽ റിയാലിറ്റി ഷോ ഉടലെടുക്കുന്നത്. 2006 ആരംഭിച്ച സൂപ്പർസ്റ്റാർ (അമൃത ടി വി), ഐഡിയ സ്റ്റാർ സിംഗർ (ഏഷ്യാനെറ്റ്) എന്നീ സംഗീത പരിപാടികൾ മലയാളത്തിലെ ആദ്യകാല റിയാലിറ്റി ഷോകൾ ആയി കണക്കാക്കാവുന്നതാണ്. മുൻ സംഗീത പരിപാടികളിൽ നിന്നു വ്യത്യസ്തമായി SMS വോട്ടിംഗ്,പെർഫോം ചെയ്തു കൊണ്ടുള്ള ഗാനാലാപനം, വിധികർത്താക്കളുടെ വിശദമായ വിശകലനം തുടങ്ങിയ കാര്യങ്ങൾ പരിപാടിക്ക് ജനശ്രദ്ധ നേടിക്കൊടുത്തു, ഒപ്പം വിമർശനങ്ങളും. പാട്ടിനെ തുള്ളിക്കളിയാക്കുന്നു, മത്സരാർത്ഥികളെ തേജോവധം ചെയ്യുന്നു, പ്രതിഭയേക്കളേറെ SMS വോട്ടിനെ ആശ്രയിച്ച് വിജയിയെ തിരഞ്ഞെടുക്കുന്നു, മുതലക്കണ്ണീർ പൊഴിച്ച് പ്രേക്ഷകനെ വഞ്ചിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾ നില നിൽക്കെ തന്നെ റിയാലിറ്റി ഷോകൾ ടെലിവിഷൻ രംഗം കീഴടക്കി.

എന്നാല്‍ ഇപ്പോഴത്തെ പ്രശ്നം അതല്ല. നമ്മുടെ കുട്ടികള്‍. അവര്‍ എന്താണ് കാണുന്നത്? കുട്ടികളെ ടിവി കാണിക്കുന്നത് തെറ്റല്ല, എന്നാല്‍ അവര്‍ കാണേണ്ടത് തന്നെയാണോ കാണുന്നത്? അവര്‍ കാണുന്നതില്‍ നിന്നും വേണ്ടതും വേണ്ടാത്തതും വേർതിരിക്കാൻ കഴിയണമെന്ന് ഇതാ വീണ്ടും ഓർമിപ്പിക്കുകയാണ് തെലുങ്കാനയിൽ നിന്നുള്ള ഒരു സംഭവം. റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിക്കാന്‍ ശ്രമിച്ച രാംപല്‍ കാലി വിശ്വനാഥ് എന്ന പതിനൊന്നുകാരനാണ് ദാരുണാന്ത്യമുണ്ടായത്. മൂന്ന് ദിവസം മുമ്പ് വായില്‍ മണ്ണെണ്ണ ഒഴിച്ച് തീപന്തത്തിലേക്ക് ഊതി തീഗോളം ഉണ്ടാകുന്ന പ്രകടനം റിയാലിറ്റി ഷോയില്‍ കണ്ട കുട്ടി അത് അനുകരിക്കാന്‍ ശ്രമിച്ചതാണ് മരണത്തിനിടയാക്കിയത്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. സീരിയലുകളിലും പരസ്യങ്ങളിലും കാണുന്നത് അനുകരിക്കുന്ന പല കുട്ടികളും ഇങ്ങനെ മരണപ്പെടുന്നത് നിത്യ സംഭവമായി മാറുന്നു. കഴുത്തില്‍ ഷാള്‍ മുറുക്കി ആത്മഹത്യ അനുകരിച്ച ബാലികമാരുടെ മരണവാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവരുന്നു.

ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും നമ്മളില്‍ ആരും ഈ റിയാലിറ്റി ഷോകള്‍ നിരോധിക്കണമെന്നു ആവശ്യപ്പെടുന്നില്ല. എന്തുകൊണ്ട്? പകരം കൂടുതല്‍ കൂടുതല്‍ ജനപ്രിയമാക്കുന്ന ആ കച്ചവട തന്ത്രങ്ങളില്‍ മയങ്ങി നമ്മുടെ കുട്ടികളുടെ മാനസികവും ശാരീരികവുമായ കഴിവുകള്‍ കാട്ടി എങ്ങനെ പ്രശസ്തരാകാം എന്നാണു ഓരോ അമ്മമാരും ചിന്തിക്കുന്നത്. ചില റിയാലിറ്റി ഷോക;ളില്‍ വിജയി ആകാന്‍ കഴിയാതെ മാനസികമായി സമ്മര്‍ദ്ദത്തിനടിമയായി ജീവിതം മുരടിച്ചു പോയ എത്രയോ കുഞ്ഞുങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. റിയാലിറ്റി ഷോ വിജയി ആവാന്‍ നിര്‍ബ്ബന്ധിച്ചു ഓരോ കുഞ്ഞിനേയും വീട്ടുകാര്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. എന്നാല്‍ ഈ റിയാലിറ്റി ഷോകളില്‍ കാണിക്കുന്നത് എല്ലാം ശരിയാണോ?

ഒരു ഷോയെ വിമര്‍ശിക്കുന്നതല്ല. എന്നാല്‍ ഓരോ കുഞ്ഞുങ്ങളും നിരന്തരം കാണുന്നതിനെ അനുകരിക്കാനും മാതൃകയാക്കാനും ശ്രമിക്കാറുണ്ട്. അത് നമ്മള്‍ തിരിച്ചറിയണം. എന്തും ഏതും കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അവര്‍ അതില്‍ ആകൃഷ്ടരാകുന്നു. അതിന്റെ പിന്നാലെ പോകുമ്പോള്‍ ഉണ്ടാക്കുന്ന ഭവിഷ്യത്ത് അവര്‍ അറിയുന്നില്ല. ചാനലുകളിലെ സാഹസിക പ്രകടനവും സിനിമയിലെ സൂപ്പര്‍ ഹീറോയിസവും അനുകരിക്കാന്‍ ശ്രമിച്ചു ജീവന്‍ നഷ്ടമാകുന്ന കാഴ്ചകള്‍ വര്‍ദ്ധിക്കുന്നു. ഇതില്‍ നിന്നും എങ്ങനെ വരും തലമുറയെ രക്ഷിക്കാന്‍ സാധിക്കും? ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങള്‍ മാത്രം…

shortlink

Related Articles

Post Your Comments


Back to top button