എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസം
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തെക്കുറിച്ച് പങ്കുവച്ചിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അലന്‍സിയറെ ഋഷിരാജ് സിംഗ് ഫോണില്‍ വിളിച്ചു അഭിനന്ദിക്കുകയും ചെയ്തു. “എന്തേ നിങ്ങള്‍ സിനിമയില്‍ വരാന്‍ വൈകിയത്”? എന്നായിരുന്നു ഋഷിരാജ് സിംഗിന്‍റെ ചോദ്യം, വളരെ വൈകാരികമായി തന്നെ അലന്‍സിയര്‍ മറുപടിയും നല്‍കി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അലന്‍സിയര്‍ ഇത് വ്യക്തമാക്കിയത്.
അലന്‍സിയറുടെ ഫേസ്ബുക്ക് പോസ്റ്റ്
ആദരം.. നന്ദി.. സർ
ഒരു നടനെന്ന നിലയിൽ അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷങ്ങൾ…. അർത്ഥവത്തായ ഒരു കലാ പ്രവർത്തനത്തിൽ കൂട്ടാളിയാകുമ്പോൾ…. ആ അർത്ഥം പ്രേക്ഷകൻ തിരിച്ചറിയുകയും അതിനു അംഗീകാരവും അനുമോദനവും കിട്ടുമ്പോൾ….. അതെ, ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയോടൊത്ത് ഞാൻ ഈ ആനന്ദം അനുഭവിക്കുന്നു. അർത്ഥമറിയാതെ തിരസ്കരിക്കപ്പെട്ട സിനിമകൾ, പുരസ്കാരങ്ങൾ നേടിയ സിനിമകൾ.. പത്തൊമ്പതു വർഷം ഞാൻ ഈ സിനിമകളുടെ ഭാഗമായിരുന്നു. ഇന്ന് മലയാളികൾ ഏറെ ആദരിക്കുന്ന ഋഷി രാജ്‌സിങ് എന്ന പൊലീസ് ഓഫീസർ തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ട ശേഷം ഫോൺ സംഭാഷണത്തിൽ എന്നോട് ചോദിച്ചു, മഹേഷിന്റെ പ്രതികാരം എന്ന സിനിമ വരുന്നത് വരെ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു, എന്തേ ഇത്രയും കാലം സിനിമയിൽ വരാൻ വൈകിയത്. ഞാൻ ആദരവോടേയും സ്നേഹത്തോടേയും സിനിമയെ സ്നേഹിക്കുന്ന ആ പൊലീസ് ഓഫീസറോട് പറഞ്ഞു, ‘സർ മലയാളത്തിലിറങ്ങിയ ഒരുപാട് നല്ല സിനിമകളുടെ ഭാഗമായിരുന്നു ഞാൻ. പുരസ്കാരങ്ങൾ ഏറെ നേടിയവ, മലയാളി പ്രേക്ഷകൻ മനപൂർവമോ അല്ലാതേയോ തിരസ്കരിച്ച സിനിമകൾ. അന്വേഷിച്ചാൽ കണ്ടെത്താൻ പറ്റില്ല. അതാണ് സർ സിനിമയുടെ മാജിക്ക്’. അദ്ദേഹം ചിരിച്ചു. ആ ചിരിയുടെ അർത്ഥം എനിക്കൂഹിക്കാനാകും. ഒരു സിനിമാപ്രേമിയായ അദ്ദേഹത്തിനു പോലും എത്രയോ നല്ല സിനിമകൾ മിസ്സായിരിക്കുന്നു.
നന്ദി സർ, നല്ല സിനിമകളെ അകമഴിഞ്ഞു സ്നേഹിക്കുന്നതിനും തീരെ പരിചിതമല്ലാത്ത എന്നെപ്പോലുള്ള കലാകാരന്മാരെ തുറന്നു പ്രോത്സാഹിപ്പിക്കുന്നതിനും. എഎസ്‌ഐ ചന്ദ്രന്റെ നൊമ്പരങ്ങൾ കണ്ണീരോടെ സ്വീകരിച്ചതിനും.
Post Your Comments