CinemaFilm ArticlesGeneralIndian CinemaLatest NewsMollywoodNEWSWOODs

ജയകൃഷ്ണനും ക്ലാരയും കണ്ടുമുട്ടിയിട്ട് മുപ്പത് വര്‍ഷങ്ങള്‍!!!

കഥാകൃത്ത്, സംവിധായകന്‍, നോവലിസ്റ്റ് തുടങ്ങിയ നിലകളില്‍ മലയാളിയെ മോഹിപ്പിച്ച ഗന്ധവ്വന്‍ പത്മരാജന്‍. എഴുത്തിന്റെ മായിക ഭാവം സിനിമയിലും പകര്‍ത്തി മലയാളിയുടെ ഇടം നെഞ്ചില്‍ സ്ഥാനം പിടിച്ച ഈ കലാകാരന്‍ ഇന്ന് ഓര്‍മ്മ മാത്രം. എന്നാല്‍ ആ വിരല്‍ തുമ്പിലൂടെ ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ ഇന്നും അനശ്വരമായി നില്‍ക്കുന്നു.

മലയാളത്തിലെ എക്കാലത്തെയും ക്ളാസിക് ഹിറ്റുകളിൽ ഒന്നായ തൂവാനത്തുമ്പികളിലൂടെ ജയകൃഷ്‌ണനും ക്ളാരയും മലയാളികളുടെ മനസിൽ ചേക്കേറിയിട്ട് 30 വർഷം. ജയകൃഷ്‍ണനും ക്ലാരയും ഒന്നിച്ചില്ലെങ്കിലും ഇന്നും മലയാളികളുടെ മനസ്സിൽ ക്ലാര, കാമുകി സങ്കൽപ്പമായി നിലനിൽക്കുന്നു. ഒളിച്ചുവയ്ക്കപ്പെട്ട ലൈംഗികതയും പ്രണയവും മായിക ഭാവത്തോടെ മഴയുടെ അകമ്പടിയോടെ കടന്നു വരുമ്പോള്‍ 30 വർഷത്തിന് ശേഷവും ആ കഥപാത്രങ്ങൾ മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നു.

തന്റെ തന്നെ നോവലായ ഉദകപ്പോളയെ ആസ്പദമാക്കി പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 1987ൽ പുറത്തിറങ്ങിയ തൂവാനത്തുമ്പികൾ. നാട്ടിന്‍പുറത്തുകാരനായ പിശുക്കനായ അറുപഴഞ്ചൻ തറവാടിയായും പട്ടണത്തിലെത്തിയാൽ സുഹൃത്തുക്കളുമൊത്ത് ജീവിതം ആഘോഷമാക്കുന്ന ദ്വന്ദ്വ വ്യക്തിത്വത്തിനുടമയായ മണ്ണാർതൊടിയിൽ ജയകൃഷ്ണൻ. കാലമിത്ര പിന്നിട്ടിട്ടും ഇന്നും കാമുകി സങ്കൽപ്പമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച നിഗൂഢ കഥാപാത്രം ക്ലാര.

പ്രണയത്തെയും രതിയെയും നിര്‍വചിക്കുക പ്രയാസമാണ്. പലര്‍ക്കും ഇവ മഴയും വേനലും മഞ്ഞും കുളിരുമെല്ലാമാണ്…. എന്നാല്‍ പെയ്തു തോരുന്ന മഴപോലെ മനുഷ്യമനസിനെ കീഴടക്കുന്ന ഈ രണ്ടു വികാരങ്ങളും ഒരുമിക്കുകയാണ് തൂവാനത്തുമ്പികളില്‍. ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടും മനസ്സും ശരീരവും കൈമാറിയ ആ പ്രണയത്തിനിടെ ക്ലാര പറയുന്നുണ്ട് ‘ആദ്യമായിട്ട് മോഹം തോന്നുന്ന ആളെ ജീവിതം മുഴുവന്‍ ഒരുമിച്ച് ഉണ്ടാവുന്നത് ഭാഗ്യമുള്ളോര്‍ക്കെ കിട്ടു’. ഒന്നാകാന്‍ ഒരായിരം വഴികളുണ്ടായിട്ടും വേര്‍പിരിയലിലായിരുന്നു തൂവാനതുമ്പികളിലെ പ്രണയത്തിന് സൗന്ദര്യം. ക്ലാരയും ജയകൃഷ്ണനും അവരവരുടെ കുടുംബജീവിതത്തിലേക്കു കടക്കുന്നതിനു മുൻപ് കണ്ടുമുട്ടുമ്പോൾ മഴയില്ലെന്നത് മറ്റൊരു പത്മരാജൻ മാജിക്. ഒന്നും മറച്ചു വെയ്ക്കാതെയാണ് രാധയെ ജയകൃഷ്ണന്‍ സ്വന്തമാക്കുന്നത്. ഏതു സാഹചര്യത്തിലും ജയകൃഷ്ണനൊപ്പം നില്‍ക്കുന്ന രാധയും യഥാര്‍ത്ഥ പ്രണയത്തിന്റെ മുഖമായി.

മോഹന്‍ലാല്‍, സുമലത, പാര്‍വതി തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷക പ്രീതി നേടിയവയാണ്.

shortlink

Related Articles

Post Your Comments


Back to top button