
കേരളത്തിന്റെ അഭിമാനമായ പിയു ചിത്രയ്ക്ക് പിന്തുണയുമായി തിരക്കഥാകൃത്ത് രഘുനാഥ് പലേരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രയ്ക്ക് ആത്മവിശ്വാസം നല്‍കികൊണ്ടുള്ള കുറിപ്പ് രഘുനാഥ് പലേരി പങ്കുവച്ചത്. ലോക അത്ലറ്റിക് മീറ്റില്‍ നിന്നു ചിത്രയെ ഒഴിവാക്കിയിരുന്നു.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് കുറിപ്പ്
ചെറുപ്പത്തിൽ ധാരാളം കണ്ടിട്ടുണ്ട്.
ക്ലാസിൽ ബെഞ്ചുകൾക്കിടയിലൂടെ നടക്കുമ്പോൾ പിന്നിലെ ബഞ്ചിൽ നിന്നും ഡസ്‌ക്കിന്നടിയിലൂടെ കാല് വെച്ച് വീഴ്ത്തുന്നവരെ. വരാന്തകളിലും കളിക്കുന്ന മൈതാനങ്ങളിലും അതുപോലെ വീണിട്ടുണ്ട്. വല്ലാത്തൊരു വീഴ്ച്ചയാണത്. വീഴ്ച്ച പിന്നേം സഹിക്കാം. വീഴ്ത്തിയവരുടെ അടക്കിപ്പിടിച്ച ചിരി സഹിക്കാൻ കഴിയില്ല. മുസ്തഫയുടെ ഭാഷയിൽ, ഒരുമാതിരി കൊഞ്ഞനം കുത്തുംപോലെ. മനുഷ്യൻ കൊഞ്ഞനം കുത്തുന്നത് പരിണാമദശയിൽ വെച്ച് ഇടക്കാലത്തെങ്ങോ ഉപേക്ഷിക്കാൻ മറന്നുപോയൊരു ശരീര ഭാഷയാവാം. ആ ഭാഷക്ക് പ്രായഭേദമോ, വിവേക വികാര വിചാര ഭേദമോ, അധികാര നിരാധികാര ഭേദമോ ഇല്ലെന്ന് തോന്നുന്നു. തിരിച്ചുകൊടുക്കില്ലെന്ന് വാശിപിടിച്ച് സൂക്ഷിച്ചു വെച്ചൊരു നിധിപോലെ പലരും അത് പലപ്പോഴും പ്രയോഗിക്കുന്നു. കാലങ്ങ് നീട്ടുക.നടക്കുന്ന, ഓടുന്ന, ഇരിക്കുന്ന, കിടക്കുന്ന ആരെയും മനസ്സിലെ തമസ്സിന്റെ നിർവൃതിക്കായങ്ങ് വീഴ്ത്തുക. വീഴാൻ ഓടണംന്നില്ല. നടക്കണംന്നോ ഇരിക്കണംന്നോ ഇല്ല. കിടക്കുന്നവരെയും എടുത്തങ്ങ് മറിച്ചിടാം. അത്രക്കും ശക്തിയാണ് ആ നീട്ടുന്ന കാലുകൾക്ക്.
എന്തിനായിരിക്കും വിടരുന്ന ഒരു ചമ്പകപ്പൂവിനെ ഏതൊക്കെയോ കാലുകൾ വെറുതെയങ്ങ് മറിച്ചിട്ടത്. അവൾ ഈ രാജ്യത്തിന്റെ അതിർത്തി ഭേദിച്ചു പറന്നകലേണ്ടൊരു പർവ്വതമല്ലേ. ഈ വീഴ്ച്ച അവൾക്കൊരു ക്രയോജനിക്ക് തള്ളൽ എന്നല്ലാതെ മറ്റെന്താവാൻ. സമുദ്രത്തിലെ നത്തോലിപോലെ അവൾ ഇനിയും പറക്കും. സമുദ്രം വിശാലമാണ്.
നമുക്കെന്തിന് മറിച്ചിടുന്ന കാലുകൾ.?
സൃഷ്ടിച്ചവർക്ക് തരിമ്പും വിവരമില്ലെന്ന് തോന്നിപ്പിക്കുന്ന പിറകിൽ നിന്നും നീളുന്ന കാലുകൾ.?
രാജ്യത്തിന്റെ മനസ്സിൽ വരഞ്ഞുപോയ വേദനയുടെ വരയിലൂടെ ആ ചമ്പകപ്പൂ ഇനിയും ഒരുപാട് ദൂരം ഓടും.
ഓടണം. അവളെപോലുള്ളവർക്കൊപ്പം രാജ്യവും.
Post Your Comments