GeneralNEWS

ശ്രീ അങ്ങിനെ ചെയ്തപ്പോൾ സത്യത്തിൽ എന്‍റെ കണ്ണ് നിറഞ്ഞു

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സബിത കല്‍പനയുടെ മകളെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കിട്ട വരികള്‍ വായിക്കുന്ന ഏതൊരാളുടെയും ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതാണെന്ന് നിസംശയം പറയാം. അത്രമേല്‍ ജീവനുണ്ട് സബിതയുടെ ഹൃദയസ്പര്‍ശിയായ ഈ കുറിപ്പിന്.

ഒരു ഫോട്ടോ ഷൂട്ടിനു വേണ്ടി ശ്രീമയിയെ അണിയിച്ചൊരുക്കാനാണ് സബിത കല്‍പനയുടെ വീട്ടിലെത്തിയത്. രണ്ടു മാസങ്ങള്‍ക്ക് മുന്‍പുള്ള ആ കൂടികാഴ്ച ഇപ്പോള്‍ വലിയ സ്നേഹബന്ധം സമ്മാനിച്ചിരിക്കുകയാണെന്നാണ് സബിത ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

സബിതയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ദിവസവും തിയതിയും ഒന്നും കൃത്യമായി ഓർമ്മിക്കുന്നില്ല …ഏതാണ്ട് രണ്ട് മാസം മുൻപ് വനിതയിൽ നിന്നും ശ്രീകാന്തിന്റെ കാൾ ….കൽപ്പനചേച്ചിയുടെ മോൾടെ 2 പടം എടുക്കണം …സബിത ഫ്രീ ആണെങ്കിൽ വരൂ ….നടി എന്ന നിലയിലും നേരിട്ട് പരിചയപ്പെട്ടിട്ടുള്ള വ്യക്തി എന്ന രീതിയിലും എനിക്ക് കൽപ്പന ചേച്ചിയെ ഒരുപാട് ഇഷ്ടമായിരുന്നു ….നേരിൽ സംസാരിക്കുമ്പോൾ സ്ക്രീനിൽ കാണുന്ന ആളേ ആയിരുന്നില്ല ചേച്ചി ….തമാശയുടെ മേമ്പൊടി ചേർക്കുമെങ്കിലും എന്തിനും ഏതിനും ചേച്ചിക്ക് വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്നു ….അതാണെന്നെ ഏറെ ആകർഷിച്ചത് ….
ചേച്ചിയുടെ വേർപാടിന് ശേഷം അധികമൊന്നും ചേച്ചിയെക്കുറിച്ചു ഓർമിച്ചിട്ടുമില്ല ….അപ്പോഴാണ് ഇങ്ങനെ ഒരു അവസരം …കേട്ടപ്പോൾ ഒരുപാട് സന്തോഷത്തോടെയാണ് പുറപ്പെട്ടത് …ഉർവശി,കൽപ്പന , കലാരഞ്ജിനിമാരുടെ അമ്മയുടെ അടുത്ത് ഇരുന്ന് സംസാരിച്ചത് എനിക്ക് സന്തോഷം മാത്രമല്ല ഒരുപാട് അഭിമാനവും തന്നു എന്ന് തന്നെ പറയണം ….
മേക്കപ്പ് തുടങ്ങുന്നതിനു മുൻപ് അമ്മ ശ്രീമയിയോട് പറഞ്ഞു ….മോളേ ആന്റിയുടെ കാൽ തൊട്ട് തൊഴുത്തിട്ടു വേണം മേക്കപ്പ് തുടങ്ങാൻ …ശ്രീ അങ്ങിനെ ചെയ്തപ്പോൾ സത്യത്തിൽ എൻറെ കണ്ണ് നിറഞ്ഞു ….മോൾടെ അമ്മയുടെ മകളായി പിറക്കാൻ കഴിഞ്ഞതിനേക്കാൾ വലിയ ദൈവാനുഗ്രഹം വേറെ ഇല്ല എന്ന് പറഞ്ഞു ഞാൻ ശ്രീയെ ചേർത്ത് പിടിച്ചു …..പിന്നെ ഏതൊരു ഷൂട്ടും പോലെ ചിരിയിലും തമാശയിലും ഒക്കെ കുതിർന്നു ആ ദിവസം കടന്നു പോയി ….
എപ്പോഴും എല്ലാവരോടും ചെയ്യുന്നത് പോലെ whatsapp number വാങ്ങി എടുത്ത selfies ഒക്കെ അയയ്ക്കാം എന്ന് വാക്ക് കൊടുത്തു പിരിഞ്ഞു ….വീടെത്തുന്നതിനു മുൻപേ ശ്രീയുടെ മെസ്സേജ് വന്നു …തിരിച്ചും റിപ്ലൈ കൊടുത്തു ….അപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല , ആന്റി എന്ന് വിളിച്ചുകൊണ്ടുള്ള മെസ്സേജുകൾ ഒരു പതിവായി മാറുമെന്ന് ….
പിന്നെ കലാരഞ്ജിനിച്ചേച്ചിയും മോളും വീട്ടിലും വന്നു ….ഹെയർ സെറ്റ് ചെയ്യാൻ …അങ്ങിനെ അറിയാതെ ഒരു അടുപ്പം ഉടലെടുക്കുന്നത് ഞാൻ അറിഞ്ഞു ….മിക്കവാറും ദിവസങ്ങളിൽ ”ആന്റി എവിടെയാ ?”….” കഴിച്ചോ ?”…. ”എന്തുണ്ട് വിശേഷം ?” എന്നൊക്കെ ചോദിച്ചു കൊണ്ട് ശ്രീയുടെ ഒരു മെസ്സേജ് എങ്കിലും വരും ….
പക്ഷേ …അന്ന് വന്ന മെസ്സേജ് എന്നെ അടിമുടി മാറ്റിക്കളഞ്ഞു ….അതിരാവിലെ വന്ന ആ മെസ്സേജ് …” ആന്റി , ഇന്ന് എൻറെ കോളേജിലെ ഫസ്റ്റ് ഡേ ആണ് …ആന്റി എന്നെ അനുഗ്രഹിക്കണം ”….സന്തോഷം വന്നിട്ടാണോ , സങ്കടം വന്നിട്ടാണോ ഞാൻ കരഞ്ഞതെന്നു ഇപ്പോഴുമെനിക്കറിയില്ല ….
ഇത് വരെ ആരോടും മകളെപ്പോലെ എന്നൊരു വികാരം തോന്നിയിട്ടില്ല …പക്ഷേ ശ്രീമയി …..നീ എനിക്ക് മകൾ തന്നെ ….
നാളെ ലോകം അറിയുന്ന അഭിനേത്രി ആയി മാറുമോ എന്നെനിക്കറിയില്ല (മാറണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു ) പക്ഷേ ,ജീവിതത്തിന്റെ തുടർപാതയിൽ നീ വ്യക്തി മുദ്ര പതിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല മോളേ ..

shortlink

Related Articles

Post Your Comments


Back to top button