വെള്ളിത്തിര എന്നും മോഹിപ്പിക്കുന്ന തലമാണ്. സിനിമയെന്ന മായിക ലോകത്തിന്റെ വെള്ളിവെളിച്ചത്തില്‍ തന്റേതായ മുഖ മുദ്ര പതിപ്പിക്കാനും അതുവഴി പേരും പ്രശസ്തിയും നേടുവാനും കൊതിച്ചു ധാരാളം പേര് ഈ മായികവലയത്തിലേയ്ക്ക് വരുന്നു. എന്നാല്‍ പുരുഷാധിപത്യം അടക്കി വാണിരുന്ന ഈ ലോകത്ത് സ്ത്രീ വെറും ഉപഭോഗവസ്തു മാത്രമായിരുന്നു.
നായകന്മാരുടെ പൗരുഷത്തിനു മുന്നില്‍ കീഴടങ്ങേണ്ടവളും കുലീനയും പതിവ്രതയുമായി എന്നും നായികമാര്‍ ഒതുങ്ങികൂടിയിരുന്നു. ധീരനായകന്റെ പിന്നില്‍ ഒതുങ്ങിയ ഈ സുന്ദരികള്‍ പ്രേക്ഷകന്റെ ലൈംഗിക താത്പര്യങ്ങളെ ഒരു പരിധിവരെ തൃപ്തയാക്കുന്ന ഉപഭോഗവസ്തുമാത്രമായി മാറി. നായികമാരുടെ ഉടല് വടിവുകളിലേക്ക് ആവശ്യത്തിലധികം ക്യാമറ കണ്ണുകള്‍ തടഞ്ഞു നിന്നു. അതുകൊണ്ട് തന്നെ ആവശ്യത്തിലധികം ഇളകി മറിയുന്ന, ഗാന രംഗങ്ങളില്‍ കെട്ടിമറിയുവാന് നായികയെന്ന പേരില്‍ സ്ത്രീകളെ വേണ്ടിവന്നു. കാലം മാറിയപ്പോള്‍ നായിക ശരീരത്തിനുമപ്പുറം പ്രാധാന്യമുള്ള ചില ചിത്രങ്ങള്‍ ഉണ്ടായി എന്നത് സത്യമാണ്. എന്നിരുന്നാആലും ഇന്നും സ്ഥിതി അത്രമെച്ചമല്ല എന്നതാണ് വാസ്തവം. സിനിമാ മേഖലയിലെ ചില കാസ്റ്റിംഗ് വിവേചനത്തെക്കുറിച്ച് പല നടിമാരും ചില തുറന്നു പറച്ചിലുകള്‍ നടത്തിയിരുന്നു. എന്നാല്‍ നമ്മള് ആരും ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. എന്തിനായിരുന്നു വെള്ളിത്തിരയിലെ താര റാണിമാരായി വിലസിയ ചില നടികള്‍ ആത്മഹത്യ ചെയ്തത്? സിനിമാ മേഖലയില്‍ മാഫിയാ ബന്ധങ്ങളും മയക്കുമരുന്ന് സംഘങ്ങളും സജീവമാണെന്ന പുതിയ ചില വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയിലെ ചില ദുരൂഹ മരണങ്ങളിലേക്ക് ഒരു എത്തി നോട്ടം.
വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്നു മരണത്തിന്റെ തണുത്ത ഇരുട്ടിലേക്ക് നടന്നിറങ്ങിയ അഭിനേത്രികള്‍ നിരവധിയുണ്ട്. മലയാളത്തിന്റെ മാദകറാണിയായി എഴുപതുകളില്‍ വിശേഷിപ്പിക്കപ്പെട്ട വിജയശ്രീയില്നിന്ന് ആരംഭിക്കുന്ന ആ പട്ടികയില്‍ ശോഭ, സില്‍ക്ക് സ്മിത, ദിവ്യ ഭാരതി, സിമ്രാന്റെ സഹോദരി മൊണാല്‍, ബോളിവുഡ് നടി ജിയ ഖാന്, ശിഖ ജോഷി, മയൂരി, പ്രമുഖ മോഡല്‍ വിവേക ബാബാജി, പ്രശസ്ത മോഡലായിരുന്ന കുല്‍ദീപ് രണ്‍ധവ തുടങ്ങി ധാരാളംപേര്‍.
സിനിമയില്‍ യവനസുന്ദരിയായി തിളങ്ങി നില്ക്കുന്നതിനിടയില് 21-ാം വയസ്സിലാണ് വിജയശ്രീ മരണത്തെ പുല്കുന്നത്. പൊന്നാപുരം കോട്ട എന്ന ചിത്രവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് ഇവരുടെ മരണത്തിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ ഒരു പാട്ട് സീനില്‍ നായികയുടെ നീരാട്ട് ചിത്രീകരിച്ചിരുന്നു. എന്നാല്‍ നീരാട്ട് ചിത്രീകരിക്കുന്നതിനിടയില്‍ വസ്ത്രം വെള്ളത്തില്‍ ഒലിച്ചുപോയെന്നും അത് കാര്യമാക്കാതെ ചിത്രീകരണം തുടരുകയും ചെയ്തത് വിജയശ്രീയെ പ്രകോപിതയാക്കി. ഈ വിഷയം അവരുടെ ജീവിതത്തെ ബാധിച്ചുവെന്ന തരത്തിലായിരുന്നു അന്നത്തെ വാര്‍ത്തകള്‍. ജയരാജ് നായിക എന്ന പേരില്‍ വിജയശ്രീയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുക്കിയിരുന്നു. വിജയശ്രീയുടേത് ഒരു കൊലപാതകമായിരുന്നു എന്ന വാദത്തിലേക്കാണ് ചിത്രത്തില്‍ ഊന്നല്‍ കൊടുത്തിരിക്കുന്നത്.
ശോഭ എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളി പ്രേക്ഷകന്റെ മനസ്സില്‍ പെട്ടന്ന് വരുന്നത് മറ്റൊരു പേരുകൂടിയാണ്, ബാലുമഹേന്ദ്ര. മലയാള സിനിമയില്‍ ഗ്രാമീണത്വമുള്ള നായികയായി വിലസിയ ശോഭയും സംവിധായകന് ബാലു മഹേന്ദ്രയും തമ്മിലുണ്ടായിരുന്ന പ്രണയം അന്നത്തെ സിനിമാ ഗോസിപ്പുകളില്‍ നിറഞ്ഞു നിന്ന ചര്‍ച്ചയായിരുന്നു. ബാലുമഹേന്ദ്രയുമായുള്ള പ്രണയത്തകര്‍ച്ചയാണ് പതിനേഴാം വയസ്സില്‍ ആ ജീവിതത്തിന് തിരശ്ശീലയിട്ടത് എന്ന് പറയപ്പെടുന്നു. ശോഭയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ എന്ന ചിത്രം കെ.ജി. ജോര്‍ജ് സംവിധാനം ചെയ്തു. ഈ ചിത്രം ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വിജയലക്ഷ്മി എന്ന സാധാരണപെണ്‍കുട്ടി തെന്നിന്ത്യന്‍ സിനിമയില്‍ താരമായ കഥയാണ് സില്‍ക്ക് സ്മിത എന്ന അഭിനേത്രിയുടെ ജീവിതം. സിനിമയുടെ അണിയറയില്‍ ടച്ചപ്പ് ആര്‍ടിസ്റ്റാറയി എത്തിയ സില്‍ക്ക് ക്യാരക്ടര്‍ റോളുകളിലൂടെ അഭിനയ മേഖലയിലേക്ക് കടന്നു വരുകയും അവരുടെ ശരീര വടിവിലെ മാദകത്വം തിരിച്ചറിഞ്ഞ സംവിധായകര്‍ അത്തരം വേഷങ്ങളിലൂടെ അവരെ ഉപയോഗിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ സില്‍ക്ക് സിനിമയെന്നാല്‍ കഥയ്ക്കപ്പുറം ലൈംഗികതയുടെ ഒരു ഇടമാണെന്ന് വരുത്തി തീര്‍ത്തു. അതുകൊണ്ട് തന്നെ സില്‍ക്ക് ഉള്ള ചിത്രങ്ങള്‍ കാണുവാന്‍ മാത്രമേ പ്രേക്ഷകന് ഉള്ളുവെന്ന നിലയില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം മാറി. എന്നാല്‍ പല താരങ്ങളും പ്രമുഖരും കടന്നു പോയ ജീവിതത്തില്‍ ഒന്നുമല്ലാതായി തീര്‍ന്നുവെന്നു മനസിലാക്കിയ താരം ആ ജീവിതത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടമായാണ് മരണത്തെ കണ്ടത്. ഏകത കപൂര്‍ സംവിധാനം ചെയ്ത ഡേര്‍ട്ടി പിക്ചര്‍ സില്‍ക്കിന്റെ ജീവിതമാണ് ആവിഷ്ക്കരിക്കുന്നത്.
ആകാശഗംഗയെന്ന ചിത്രത്തിലെ പൂച്ചക്കണ്ണുള്ള സുന്ദരി മയൂരിയെ അത്രപെട്ടന്നു സിനിമാ ലോകം മറക്കില്ല. ജീവിതത്തിലെ പ്രതീക്ഷകള്‍ നഷ്ടമായി എന്നൊരു കുറിപ്പ് മാത്രം അവശേഷിപ്പിച്ചാണ് മയൂരി ആത്മഹത്യചെയ്തത്. ഇവരെല്ലാം ആത്മഹത്യയിലൂടെ ഈ ജീവിതത്തില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ പല നടിമാരും ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. അവരില്‍ ചിലരാണ് ഉണ്ണിമേരിയും ചാര്‍മിളയും. ഇത് മലയാള സിനിമയുടെ കാര്യം മാത്രം. തമിഴ് തെലുങ്ക് ഹിന്ദി തുടങ്ങി പല ഭാഷകളിലും നടിമാരുടെ കാര്യം വ്യത്യസ്തമല്ല.
എന്നാല്‍ ഇവര്‍ എന്തിനായിരുന്നു ആത്മഹത്യ ചെയ്തത്? പ്രശസ്തിയുടെ ഔന്നിത്യത്തില്‍ നില്‍ക്കുമ്പോഴുള്ള ജീവിത വിരക്തിയല്ല. ഗ്ലാമര്‍ ലോകത്ത് വിലസിയ ഇവര്‍ സ്വജീവിത സുരക്ഷയില്‍ പരാജയമായി മാറിയതാണ് ഇതിനു കാരണം. പണവും പേരും നല്കിയ സംതൃപ്തിയേക്കാള്‍ ജീവിത സംതൃപ്തിയില്‍ ഇവര്‍ പരാജിതരായതാണ് ഇവരില്‍ പലര്‍ക്കും സംഭവിച്ചത്.
മരണവും ജീവിതവും വലിയ വാര്‍ത്തകളും ചലനങ്ങളും സിനിമാ മേഖലയില്‍ സൃഷ്ടിക്കപ്പെട്ടുവെങ്കിലും ആരാധക ഹൃദയങ്ങളില്‍ വെള്ളിവെളിച്ചത്തില്‍ അവര്‍ ആടിത്തിമിര്‍ത്ത ഒരു പിടി കഥാപാത്രങ്ങളിലൂടെ ഇന്നും അവര്‍ ജീവിക്കുന്നു.
Post Your Comments