മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം ആവിഷ്കരിക്കുന്ന ‘ഇന്ദു സര്‍ക്കാറി’നെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ചിത്രം ഇന്ദിരാഗാന്ധിയെയും കോണ്‍ഗ്രസ് നേതാവും മകനുമായ സഞ്ജയ് ഗാന്ധിയെയും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. “ഇന്ദു സര്‍ക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളായ ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും കുറിച്ചാണെന്ന് അറിയാം. ഈ ചിത്രം അവരുടെ ജീവിതത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കും. ചിത്രം പുറത്തിറങ്ങിയാല്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തും. ചരിത്രത്തെ വളച്ചൊടിക്കാന്‍ ആര്‍ക്കും അധികാരമില്ല” എന്നും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേ പാട്ടില്‍ പറഞ്ഞു.
പ്രശ്നത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഇടപെടണമെന്നും ചിത്രം ഈ രൂപത്തില്‍ പുറത്തിറങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും പാട്ടില്‍ പറഞ്ഞു. ജൂലൈ 28 നാണ് ‘ഇന്ദു സര്‍ക്കാറി’ന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൃതി കുല്‍ഹാരി, നേല്‍ നിതിന്‍ മുകേഷ്, സുപ്രിയ വിനോദ്, അനുപം ഖേര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭണ്ഡാര്‍കര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഭരത് ഷായാണ് ചിത്രം നിര്‍മിക്കുന്നത്.
Post Your Comments