Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralNEWS

“പ്രേമം” കണ്ടപ്പോഴാണ് ആദ്യം കിട്ടിയ പ്രേമലേഖനം ഓർമ്മ വന്നത്;രഘുനാഥ് പലേരിയുടെ രസകരമായ എഴുത്ത് വായിക്കാം

രഘുനാഥ് പലേരിയുടെ സിനിമകള്‍ പോലെയാണ് അദ്ദേഹത്തിന്റെ മിക്ക ഫേസ്ബുക്ക് പോസ്റ്റുകളും. നര്‍മം നിറഞ്ഞുനില്‍ക്കുന്നതായ സുന്ദരമായ എഴുത്തിനു അഴക്‌ ഏറെയാണ്‌. പ്രേമം എന്ന ചിത്രം കേരളത്തില്‍ തരംഗം സൃഷ്ടിക്കുന്ന വേളയില്‍ അദ്ദേഹം തനിക്ക് കിട്ടിയ ആദ്യ പ്രേമലേഖനത്തിന്‍റെ രസകരമായ കഥ ഫേസ്ബുക്ക് പോസ്റ്റില്‍ മുന്‍പൊരിക്കല്‍ പങ്കുവെച്ചിരുന്നു.

അൻവർ റഷീദിന്റെയും അൽഫോൺസ് പുത്രന്റെയും *പ്രേമം* കണ്ടപ്പോൾ ആദ്യം കിട്ടിയ പ്രേമ ലേഖനം ഓർമ്മ വന്നു.. .
പെൻസിൽ അഴകുള്ള അവൾ പെൻസിൽകൊണ്ടെഴുതിയ എഴുത്തിന് പതിനൊന്ന് താളുകൾ ഉണ്ടായിരുന്നു.!!
സെന്റ് ജോസഫ് ഹൈസ്‌ക്കൂളിൽ ഒമ്പതിലായിരുന്നു അന്ന്.
എനിക്ക് കണ്ണട പിറന്നിട്ടില്ല. സുതാര്യമായൊരു സിൽക്ക് പ്രതലത്തിനിപ്പുറം നിൽക്കുന്നതുപോലെ ആയിരുന്നു അന്ന് ലോകം കണ്ടിരുന്നത്. “നക്ഷത്രമായ് മൂന്നക്ഷരം” എന്ന കഥയിലെ ഡേവിഡിനൊപ്പം സക്കൂളിൽ നിന്നും തിരിച്ചു വരുന്ന നേരത്തായിരുന്നു തൊട്ടപ്പുറത്തെ സ്‌ക്കൂളിൽ നിന്നും ഇറങ്ങി പിന്നിലൂടെ വന്ന് നോട്ട് ബുക്കിൽ തിരുകിവെച്ച കത്ത് കാണുമ്പോഴെല്ലാം ചിരിക്കുന്ന പെൻസിൽ പെണ്ണ് തന്നത്. അപ്പോൾ ഒപ്പം അനിയൻ അജിയും, അശോകനും തോമസ്സും ഉണ്ടായിരുന്നു. ആരും ഒന്നും അറിഞ്ഞില്ല. കത്തും തന്ന് അവൾ എവിടെയോ അലിഞ്ഞു.
ആദ്യത്തെ താളുകൾ നിറയെ നെറ്റിയിലേക്ക് തെന്നി വീഴുന്ന മുടിച്ചുരുൾപോലെ അഴകാർന്ന കയ്യക്ഷരമായിരുന്നു. ഹൃദയം മിടിച്ചു എഴുതിയതുകൊണ്ടാവാം പിന്നീടങ്ങോട്ടുള്ളവയിൽ കയ്യക്ഷരം പക്ഷികൾ പറക്കുന്നപോലായി. പിന്നെപ്പിന്നെ പക്ഷികൾക്ക് വയ്യാതായി. അവസാന താളുകളിലെ പല പക്ഷികളും പരസ്പരം തലതല്ലി കരയുന്ന അവസ്ഥയിലായി. ആദ്യ താളുകളല്ലാതെ മറ്റെല്ലാം വായിച്ചെടുക്കാൻ ഒരു വഴിയുമില്ല. അവൾ തന്നെ വരണം.
ഏട്ടൻ പഠിക്കുന്ന കിഴക്കേ മുറിയിൽ സ്വന്തമായി കിട്ടിയ കുഞ്ഞു പീഞ്ഞപ്പെട്ടിക്കുള്ളിൽ ആ പക്ഷികളെ പറന്നു പോവാതെ ഭദ്രമായി സൂക്ഷിച്ചു. ഇടക്കിടെ എടുത്തു നോക്കും. അവസാന താളുകളിലെ പക്ഷികളുടെ ചിറകുകൾ കഷ്ടപ്പെട്ട് നിവർത്താൻ നോക്കും. രക്ഷയില്ല. എങ്ങിനെയും വായിച്ചേ പറ്റൂ. ഒടുക്കം നിവൃത്തിയില്ലാതെ അഛനെ കാണിച്ചു. അഛനോളം വിശ്വസിക്കാൻ കഴിയുന്ന മറ്റൊരാൾ എനിക്കന്ന് ഇഹലോകത്തും പരലോകത്തും ഇല്ല.
കൗതുകത്തോടെ കണ്ണട എടുത്ത് മകനു കിട്ടിയ പെൻസിൽ പ്രേമം ചാരുകസേരയിൽ ഇരുന്ന് വെച്ചെഴുത്ത് പലകയിൽ നിവർത്തി വെച്ച് അഛൻ പതിയെ വായിച്ചു. നിമിഷാർദ്ധം കൊണ്ട് പതിനൊന്ന് താളുകളിലെ മൂന്ന് താളുകൾ മാറ്റിവെച്ച് ബാക്കിയുള്ളവ കയ്യിൽ തന്ന് അഛൻ പുഞ്ചിരിച്ചു.
“ഈ മൂന്നു കടലാസേ നിനക്കുള്ളു. ബാക്കി ആ കുട്ടി ഇഷ്ടംല്ലാതെ എന്തോ ഇമ്പോസിഷൻ എഴുതിയതാടാ. ഇതവൾക്ക് തന്നെ കൊടുക്ക്. ടീച്ചർടെ തല്ല് കിട്ടണ്ട പാവത്തിന്…”
………….
ജീവിതത്തിൽ നിരന്തരം എഴുതേണ്ട ഒരു ഇമ്പോസിഷൻ ആണ് പ്രണയാർദ്രമായ പ്രേമം. എഴുതിയെഴുതി പഠിക്കണം.
എന്നാലോ… എത്ര എഴുതിയാലും പഠിക്ക്യേം ഇല്ല.. !!

shortlink

Related Articles

Post Your Comments


Back to top button