സിനിമാ മേഖലയില്‍ മാഫിയാ ബന്ധങ്ങള്‍ ശക്തമാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ നടന് ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ചും അന്വേഷിക്കാന്‍ ആവശ്യം ശക്തമാകുന്നു. മോഹന്‍ലാല്‍ ചിത്രമായ ശിക്കാറിന്റെ ഷൂട്ടിങ് നടന്നുവരവെ കോതമംഗലത്തെ ഒരു ഹോട്ടല്‍ മുറിയിലാണ് ശ്രീനാഥ് മരണപ്പെട്ട നിലയില്‍ കണ്ടത്. 2010 ഏപ്രില്‍ ഇരുപത്തിമൂന്നാം തീയതി കഴുത്തില്‍ നിന്നും കൈയില്‍ നിന്നും രക്തം വാര്‍ന്ന നിലയിലാണ് ശ്രീനാഥിന്റെ ജഡം മുറിയില്‍ കാണപ്പെട്ടത്. ശിക്കാറില്‍ അഭിനയിക്കാന്‍ എത്തിയ ശ്രീനാഥിനെ മറ്റൊരു നടനു വേണ്ടി അണിയറക്കാരില്‍ ചിലര്‍ ഭീഷണിപ്പെടുത്തി ഒഴിവാക്കുകയായിരുന്നെന്നും ഇതിനേത്തുടര്‍ന്നുള്ള മാനക്കേടും മാനസിക പിരിമുറുക്കവും മൂലം ശ്രീനാഥ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് അന്ന് ഉയര്‍ന്ന പ്രമുഖ ആരോപണം.
ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീനാഥിന്റെ സഹോദരന് സത്യനാഥും മറ്റ് ബന്ധുക്കളും മരണത്തിന്റെ പിറ്റേന്ന് തന്നെ രംഗത്തെത്തിയിരുന്നു. ശ്രീനാഥിന്റെ മരണത്തിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരാന്‍ സാംസ്കാരിക വകുപ്പ് ഇടപെടണമെന്ന് നടന് തിലകന് അന്ന് അവശ്യപ്പെട്ടിരുന്നു. താരസംഘടനയായ അമ്മയിലെ ചില നടന്മാരുടെ മാനസിക പീഡനം മൂലമാണ് ശ്രീനാഥ് ആത്മഹത്യ ചെയ്തത്. എന്നാല്‍ അദ്ദേഹം മരിച്ചപ്പോള്‍ ആചാരവെടിമുഴക്കിയ സര്‍ക്കാര്‍ മരണത്തെക്കുറിച്ച് ആരോപണമുയര്‍ന്നിട്ടും അന്വേഷിക്കാന്‍ തയ്യാറായില്ല എന്നും തിലകന് കുറ്റപ്പെടുത്തിയിരുന്നു.
അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും സിനിമാ മേഖലയിലെ അവിശുദ്ധബന്ധങ്ങള്‍ പുറത്തു വരുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ ഈ മരണത്തിലെ ദുരൂഹത വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി മോഹന്‍ലാല്‍ ഫാന്‍സ് മുന്‍ഭാരവാഹിയും ജനതാദള്‍ യു സംസ്ഥാന കമ്മറ്റി അംഗവുമായ മനോജ് ഗോപിയാണ് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments