CinemaFilm ArticlesMollywoodNEWS

പോത്തേട്ടന്‍ ബ്രില്ല്യന്‍സിനിടയില്‍ കാണാതെ പോകരുത് ‘ഈ’ വെട്ടുകിളി നടനം

ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ വെട്ടുകിളി പ്രകാശ്‌ എന്ന നടന്‍റെ അഭിനയ സാധ്യതകള്‍ കൂടി മുന്നില്‍ നിര്‍ത്തുന്നുണ്ട് ചിത്രം. തുടക്കകാലത്ത്‌ ‘പിറവി’ പോലെയുള്ള സിനിമകളില്‍ സീരിയസ് റോളുകളില്‍ അഭിനയിച്ച വെട്ടുകിളി പിന്നീട് കൊമേഴ്സിയല്‍ സിനിമകളിലെ കോമേഡിയനായി മാറുകയായിരുന്നു. മലയാള സിനിമയില്‍ അധികം അവസരങ്ങള്‍ ലഭിക്കാതിരിന്ന വെട്ടുകിളി പ്രകാശ് തനിക്ക് കിട്ടിയ ചുരുക്കം ചില വേഷങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടുംവിധം അവതരിപ്പിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വെട്ടുകിളി പ്രകാശ്.

കമല്‍ സംവിധാനം ചെയ്ത ‘എന്നോടിഷ്ടം കൂടാമോ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് ‘വെട്ടുകിളി’ എന്നത്. അതിനു ശേഷം പ്രകാശ് പ്രേക്ഷകര്‍ക്കും സിനിമാക്കാര്‍ക്കും വെട്ടുകിളി പ്രകാശായി. പുതുക്കോട്ടയിലെ പുതുമണവാളന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഭാഗ്യദേവത, അങ്ങനെ ഒട്ടേറെ സിനിമകളില്‍ വെട്ടുകിളി പ്രകാശ് ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിട്ടുണ്ട് . മഹേഷിന്റെ പ്രതികാരത്തിനു ശേഷം പോത്തേട്ടന്‍ ബ്രില്ല്യന്‍സില്‍ രണ്ടാം ചിത്രമെത്തുമ്പോള്‍ വെട്ടുകിളി പ്രകാശ് എന്ന നടന്‍റെ ശക്തമായ തിരിച്ചു വരവിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നു ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രം. നായികയുടെ റോള്‍ കൈകാര്യം ചെയ്ത നിമിഷ സജയന്റെ അച്ഛന്റെ റോളിലാണ് വെട്ടുകിളി പ്രകാശ്‌ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തൊണ്ടിമുതലില്‍ ഗംഭീര അഭിനയം കാഴ്ചവയ്ക്കുന്ന താരം പ്രേക്ഷകര്‍ക്കിടയില്‍ വീണ്ടും സ്ഥാനം നേടുകയാണ്‌.

ചിത്രത്തിലെ പോത്തേട്ടന്‍ ബ്രില്ല്യന്‍സ് ശ്രദ്ധിക്കുന്ന വേളയില്‍ വെട്ടുകിളി പ്രകാശിന്റെ ശക്തമായ ആക്ടിംഗ് ഒരിക്കലും നമ്മള്‍ അറിയാതെയോ കാണാതെയോ പോകരുത്. ഇത് പോലെയുള്ള ചിത്രങ്ങളുടെ വരവോടെ മലയാള സിനിമയുടെ ഭാവി ഭദ്രമാകുമ്പോള്‍ വെട്ടുകിളി പ്രകാശിനെ പോലെയുള്ള കഴിവുള്ള നടന്മാരെ ഒരിക്കലും ഒഴിവാക്കി നിര്‍ത്തരുത്. തുടര്‍ന്നും ഒരുപാട് നല്ലവേഷങ്ങള്‍ വെട്ടുകിളി പ്രകാശിനെ തേടിയെത്തട്ടെയെന്ന് ആത്മാര്‍തമായി ആശംസിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button