ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ച ആടുതോമ വീണ്ടും എത്തുന്നതാണ്. മോഹന്‍ലാലിന്റെ താര പദവി ഉറപ്പിക്കുന്നതില്‍ നിര്‍ണ്ണായ കഥാപാത്രമായിരുന്നു 1995-ൽ പുറത്തിറങ്ങിയ സ്ഫടികത്തിലെ തോമസ് ചാക്കോ എന്ന ആടുതോമ. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തിലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ച ജോർജ്ജ് ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടർന്ന് സ്ഫടികം ജോർജ്ജ് എന്നറിയപ്പെടാൻ തുടങ്ങി. മലയാള സിനിമയിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും ഭദ്രന്റെ സ്ഫടികത്തില്‍ ഒത്തു ചേര്‍ന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ അതിലെ പ്രധാന താരങ്ങളില്‍ ചിലര്‍ അരങ്ങൊഴിഞ്ഞുവെന്നത് മലയാളികളെ സങ്കടപ്പെടുത്തുന്നു.
പല ചിത്രങ്ങളുടെയും രണ്ടാം ഭാഗം അല്ലെങ്കില്‍ പുനര്‍ അവതരണമുണ്ടാകുമ്പോള് മണ്മറഞ്ഞു പോയ താരങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കഥാപാത്രങ്ങളെ മറ്റൊരുരൂപസാദൃശ്യമുള്ള വ്യക്തിയോ കൊണ്ടോ അല്ലെങ്കില്‍ കഥാഗതിയില്‍ അയാള്‍ക്ക് മരണം നല്‍കികൊണ്ട് മറ്റൊരു കഥാപാത്രത്തെ നിര്‍മ്മിക്കുകയോ ചെയ്യുക സ്വാഭാവികം. എന്നിരുന്നാലും ഒരു ചിത്രത്തിലൂടെ മലയാളി മനസ്സുകളില്‍ ചേക്കേറിയ ഒരുപിടി കലാകാരന്മാരുടെ നഷ്ടമാണ് സ്ഫടികം 2 സംഭവിക്കുമ്പോള്‍ ഉണ്ടായിരിക്കുന്നത്.
സ്ഫടികം അവസാനിച്ചത് ചാക്കോ മാഷിന്റെ അന്ത്യതോടെയായതിനാല് പുതിയ ഭാഗത്ത് തിലകന് ഓര്മ്മമാത്രമാകുന്നു. പുനരവതരിക്കാന്‍ ഭാഗ്യമില്ലാതെ ചില്ല് കൂട്ടില്‍ ആടുതോമയെ നോക്കി സ്നേഹ വാത്സല്യം നിറഞ്ഞ ചിരി നല്‍കികൊണ്ട് തിലകന് നില്ക്കും. പക്ഷെ തിലകന്റെ സഹോദര വേഷത്തില്‍ എത്തിയ രാജന് പി ദേവ് വിടവാങ്ങി. മണിമല വക്കച്ചന് തോമസ് ചാക്കോയുടെ പ്രവര്‍ത്തികള്‍ക്ക് കൂട്ട് നില്ക്കുന്ന രാജന് പി ദേവിന് പുതിയ ഭാഗത്ത് എന്ത് സംഭവിക്കുമെന്നു കണ്ടറിയാം. അത് പോലെ ലൈല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സില്‍ക്ക് സ്മിത ആത്മഹത്യയിലൂടെ ഈ ലോകത്ത് നിന്നും പിന്‍വാങ്ങി. ഒറ്റപ്ലാക്കൻ എന്ന ഫാദരെ അവിസ്മരണീയമാക്കിയ കരമന ജനാർദ്ദനൻ നായർ, പാച്ചു പിള്ള എന്ന പോലീസ് ഓഫീസരെ അവതരിപ്പിച്ച എൻ.എഫ്.വർഗ്ഗീസ്, തയ്യല്കടക്കാരന് കുറുപ്പായി എത്തിയ ബഹദൂർ, ആടുതോമ സമയത്തിന്റെ വില പഠിപ്പിച്ച ജഡ്ജി ശങ്കരാടി, പറവൂർ ഭരതൻ, എൻ.എൽ. ബാലകൃഷ്ണൻ തുടങ്ങി ഒരു പിടി കഥാപാത്രങ്ങള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വരുമ്പോള്‍ ആസ്വാദകന് മുന്നില്‍ ഒരു സംശയമായും പ്രതീക്ഷയായും ചോദ്യചിഹ്നമുയര്‍ത്തുന്നു.
Post Your Comments