അനുദിന ജീവിതത്തിൽ എവിടെയൊക്കെയോ കണ്ടു മറന്ന ഒരു സാധാരണക്കാരിയുടെ മുഖം. ജനിച്ചു പോയത് കൊണ്ട് ജീവിതം ഓടി തീർക്കുന്ന, സ്വസ്ഥമായ ജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണ സ്ത്രീ. പല ജോലികളുമായി വീടുകളിൽ ഓടിനടക്കുന്ന സുജാതയുടെ രസകരമായ ജീവിതം അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഉദാഹരണം സുജാത’. നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് സുജാതയായി എത്തുക. ‘കന്മദo ‘ എന്ന ചിത്രത്തിന് ശേഷം തനി നടൻ വേഷത്തിൽ ഇരുണ്ടനിറത്തിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്ന കഥാപാത്രമാണ് സുജാതയുടേത്. മഞ്ജു വാര്യർക്കൊപ്പം മമ്‌താ മോഹൻദാസും ചിത്രത്തിലെത്തുന്നു.
ലാളിത്യം നിറഞ്ഞ നർമ്മരസമുള്ള ജീവിതത്തെ ഈസിയായി കാണുന്ന സുജാതയുടെ രസകരമായ ജീവിത മുഹൂർത്തങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം മാർട്ടിൻ പ്രക്കാട്ട്, നവീൻ ഭാസ്കർ എന്നിവർ ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. നെടുമുടി വേണു, ജോജു ജോർജ്ജ്, അലൻസിയർ, സ്വരാജ്, അഭിനവ്, സുധി കോപ്പ, അനശ്വര തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. പതിനെട്ടു കൊല്ലത്തിനു ശേഷം മഞ്ജു വാര്യരും നെടുമുടി വേണുവും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഹിറ്റ് ചിത്രമായ ചാർളിക്ക് ശേഷം ദി സീൻ സ്റുഡിയോസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്,ജോജു ജോർജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നാല്പതോളം പുതുമുഖങ്ങളാണ് അണിനിരക്കുക. ടേക്ക് ഓഫ്, രാമന്റെ ഏദേൻ തോട്ടം എന്നി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് ഉദാഹരണം സുജാത .
Post Your Comments