മലയാള സിനിമാ ഗാനലോകത്ത് തന്റേതായ കഴിവ് തെളിയിച്ച് സ്ഥാനം നേടിയ ധാരാളം കലാകാരന്മാരുണ്ട്. എന്നാല്‍ അതിനേക്കാള്‍ മുകളില്‍ ആയിരിക്കും പുതിയതും പഴയതുമായ കാലഘട്ടങ്ങളില്‍ വെള്ളിവെളിച്ചത്തിന്റെ മായിക ലോകത്ത് ഒന്നുമല്ലാതായി തീര്‍ന്ന ആളുകളുടെ എണ്ണം. സിനിമയെന്ന അത്ഭുതലോകത്തെ കൈപ്പിടിയില്‍ ഒതുക്കാന്‍ ആഗ്രഹിച്ചു വന്ന പലര്‍ക്കും ആദ്യകാലങ്ങളില്‍ കയ്പ്പുള്ള അനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നത്.
സംഗീത ലോകം മാത്രം സ്വപ്നം കണ്ടു ജീവിച്ച ചിറയിന്‍കീഴ് കാരനായ മനോഹരന്‍ എന്ന ഗായകന്‍റെ അനുഭവവും മറ്റൊന്നല്ല. യേശുദാസും മറ്റും സാന്നിധ്യം ഉറപ്പിച്ച എഴുപതുകളില്‍ സ്വന്തം ശബ്ദം വേറിട്ട് കേള്‍പ്പിക്കാന്‍ ആഗ്രഹിച്ച ഒരു ഗായകന്‍. തന്റെ കരിയറില്‍ മികച്ച സംഗീത സംവിധായകരുടെ പാട്ടുകള്‍ക്ക് ശബ്ദം നല്‍കാന്‍ സാധിച്ച ഈ ഗായകന്‍ ഇന്ന് ഒരു സെക്യൂരിറ്റിക്കാരനായി ജോലി ചെയ്യേണ്ടി വരുന്നു. ആരും തിരിച്ചറിയാതെ, സംഗീത ലോകത്തെ സ്വപ്‌നങ്ങള്‍ പൂവണിയാതെ മനോഹരന്‍ ഇന്നും ജീവിക്കുന്നു.
ദേവരാജന്‍, ബാബുരാജ്, കെ രാഘവന്‍, എം ബി ശ്രീനിവസാന്‍, ആര്‍ കെ ശേഖര്‍, ജയവിജയ, എ ടി ഉമ്മര്‍, കണ്ണൂര്‍ രാജന്‍ എന്നിങ്ങനെ ഒരു പിടി മികച്ച സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചെങ്കിലും ഗാനലോകത്ത് തന്റേതായ ഒരു ഗാനം നിലനിര്‍ത്താന്‍ ഈ ഗായകന് സാധിച്ചില്ല. പാടിയ പാട്ടുകളില്‍ പലതും ആസ്വദക സമക്ഷം എത്തിയില്ല എന്നതാണ് ഇതിനു പ്രധാനകാരണം.
മലയാളത്തിലെ ശ്രദ്ധേയമായ ചിത്രമായിരുന്നു രാജഹംസം. ചിത്രത്തിലെ സന്യാസിനി എന്ന് തുടങ്ങുന്ന പാട്ട് ജനഹൃദയങ്ങളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ഈ ചിത്രത്തിലെ മറ്റൊരു ഗാനം ആലപിക്കാന്‍ മനോഹരന് ഭാഗ്യമുണ്ടായി. പക്ഷേ അതൊരു നിര്‍ഭാഗ്യവുമായിരുന്നുവെന്ന് മനോഹരന്‍ പറയുന്നു. വയലാര്‍ എഴുതി ദേവരാജന്‍ ഈണമിട്ട ‘കേശഭാരം കബരിയില്‍ അണിയും’ എന്ന ഗാനം മനോഹരന്‍ ആലപിച്ചിരുന്നു. രാജഹംസത്തിന്റെ എല്‍ പി റെക്കോര്‍ഡ് പുറത്തിറങ്ങാതെ പോയതിനാല്‍ ആ പാട്ടിന് റേഡിയോയില്‍ പോലും വരാന്‍ യോഗമുണ്ടായില്ല . ആ ഗാനത്തെക്കുറിച്ച് മനോഹരന്റെ വാക്കുകള്‍ ഇങ്ങനെ … ”വ്യത്യസ്തമായ ഗാനമായിരുന്നു. ആരെയും അനുകരിക്കാതെ, എന്റെ സ്വന്തം ശൈലിയില്‍ ഞാന്‍ പാടിയ പാട്ട്. ശങ്കരാഭരണം രാഗത്തിന്റെ സത്ത് പിഴിഞ്ഞ് മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ആ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കില്‍ സിനിമയില്‍ എന്റെ തലക്കുറി മറ്റൊന്നായേനെ..”
സുരഭീയാമങ്ങള്‍ എന്ന ചിത്രത്തില്‍ കണ്ണൂര്‍ രാജന്റെ ഈണത്തില്‍ എസ് ജാനകിയോടൊപ്പം പാടിയ സ്വപ്നത്തില്‍ പോലും എന്ന ഗാനമായിരുന്നു മനോഹരന്റെ മറ്റൊരു പ്രതീക്ഷ. പടം ശ്രദ്ധിക്കപ്പെടാതെ പോയതിനാല്‍ മനോഹരമായ ആ മെലഡിയും അധികമാരും കേട്ടില്ല.. പുറത്തു വന്ന ഇരുപതോളം പാട്ടുകളില്‍ ശരാശരി ഹിറ്റ് എന്ന് പറയാവുന്നത് ക്രിമിനല്‍സിലെ ദൈവം വന്നു വിളിച്ചാല്‍ പോലും ഞാനില്ല എന്ന ഹാസ്യ ഗാനമായിരുന്നു. ഗുംനാം എന്ന ചിത്രത്തിന് വേണ്ടി ശങ്കര്‍ ജയകിഷന്റെ ഈണത്തില്‍ മുഹമ്മദ് റഫി പാടിയ ഹം കാലേ ഹേ തോ ക്യാ ഹുവാ എന്ന ഹിറ്റ് ഗാനത്തിന്റെ പാരഡിയായി ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനം.
നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ സിനിമാ ലോകത്തും സംഗീത ലോകത്തും തന്റേതായ ശബ്ദം നിറയ്ക്കാന്‍ കാത്തിരുന്ന ഈ കലാകാരന് ഒന്നും നേടാനായില്ല എന്നതാണ് സത്യം. ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ മകനൊപ്പം താമസിക്കുന്ന മനോഹരന്‍ സെക്യൂരിറ്റിയായി ഇന്ന് ജോലി നോക്കുകയാണ്. രാത്രി ജോലിയായതു കൊണ്ട് പഴയ കൂട്ടുകാരുടെയൊന്നും കണ്ണില്‍ പെടേണ്ടല്ലോ. ഇല്ലെങ്കില്‍, പഴയ സിനിമാ പാട്ടുകാരന്‍ എന്തേ ഈ വേഷത്തില്‍ എന്ന ക്രൂരമായ ചോദ്യത്തിന് ഉത്തരം പറഞ്ഞു തളര്‍ന്നേനെ താനെന്നും മനോഹരന്‍ പറയുന്നു.
Post Your Comments