സ്വാതന്ത്യത്തിന്റെ ഇടമായ സോഷ്യല്‍ മീഡിയ സദാചാരവാദികളുടെ പിടിയിലാണ് ഇപ്പോള്‍. അവരുടെ പ്രധാന ഇരകള്‍ നടിമാരും. പോസ്റ്റും കമന്റും ഇടുന്ന നടികള്‍ക്ക് അവരുടെ വസ്ത്രത്തെ പറ്റിയും രാഷ്ട്രീയത്തെ പറ്റിയും ക്ലാസ് എടുക്കുകയാണ് സോഷ്യല്‍ മീഡിയയും ട്രോളര്‍മാരും. ദംഗല്‍ താരം ഫാത്തിമ സനയും ദീപികാ പദുക്കോനും അമല പോളുമൊക്കെ ട്രോളുകളുടെ ഇരകളായി മാറിയത് നാം കണ്ടതാണ്. അതിനിടെയാണ് പുതിയ വിവാദത്തിനു തിരികൊളുത്തിക്കൊണ്ട് ബോളിവുഡ് സുന്ദരി രവീണാ ടണ്ടന്റെ വരവ്.
സാരിയുടുത്താല്‍ എന്നെ സംഘിയെന്നു വിളിക്കുമോ എന്ന ചോദ്യവുമായാണ് രവീണ എത്തിയിരിക്കുന്നത്. സാരിയുടുത്ത ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ശേഷം അടിക്കുറിപ്പായാണ് രവീണ ഇങ്ങനെയൊരു കുറിപ്പു ചേര്‍ത്തത്.
“സാരി ദിനം…വര്‍ഗീയവാദിയായോ സംഘിയായോ ഭക്തയായോ ഹിന്ദുത്വ ഐക്കണായോ ഞാന്‍ ചിത്രീകരിക്കപ്പെടുമോ? അങ്ങനെയെങ്കില്‍ ഞാന്‍ പറയുന്നു; എനിക്ക് സാരി ധരിക്കാന്‍ ഇഷ്ടമാണ്. അത് വളരെ മനോഹരമായ വസ്ത്രമാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്”.
രവീണയുടെ ട്വീറ്റിന് കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. വാര്‍ത്താവതാരകയായ നിധി റസ്ദാന് ഉള്‍പ്പെടെയുള്ളവര്‍ രവീണയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ വിശദീകരണ ട്വീറ്റുമായി രവീണ വീണ്ടുമെത്തി. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്.
അനാവശ്യമായി വിവാദം സൃഷ്ടിക്കുന്നുവെന്നും ശ്രദ്ധ നേടാനുള്ള തന്ത്രമാണെന്നും ചിലര്‍ ഇതിനെ പരിഹസിക്കുന്നുണ്ട്.
Post Your Comments