CinemaGeneralIndian CinemaNEWS

അനുമതിയില്ല; മള്‍ട്ടിപ്ലെക്‌സ് സിനിമാശാലകളുടെ പ്രവര്‍ത്തനം ജില്ലാകളക്ടര്‍ തടഞ്ഞു

എംജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളില്‍ മള്‍ട്ടിപ്ലെക്‌സ് സിനിമാശാലകളുടെ പ്രവര്‍ത്തനം ജില്ലാകളക്ടര്‍ തടഞ്ഞു. അനുമതിയില്ലാതെയുള്ള പ്രവര്‍ത്തനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പിന്റെ എന്‍ഒസി ഇല്ലാതെയാണ് മള്‍ട്ടിപ്ലെക്‌സ് പ്രവര്‍ത്തിക്കുന്നതെന്നും മറ്റ് ഉത്തരവുകള്‍ ഉണ്ടാകുന്നത് വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നല്‍കിയ ഉത്തരവില്‍ കളക്ടര്‍ വ്യക്തമാക്കി. ദുരന്ത നിവാരണ നിയമത്തിലെ 30, 33, 34, 51 (ബി) വകുപ്പുകള്‍ പ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടറുടെ ഉത്തരവ്.

ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ദുരന്തങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളൊഴിവാക്കാന്‍ അടിയന്തര നടപടികളെടുക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്ന് ചൂണ്ടികാട്ടികൊണ്ടാണ് കളക്ടറുടെ ഉത്തരവ്. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് ഉത്തരവ് നടപ്പാക്കേണ്ടത്. പീവീസ് പ്രൊജക്ട്‌സ്‌ പ്രൈവറ്റ് ലിമിറ്റഡ്, സിറ്റി പൊലീസ് കമ്മീഷണര്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഡിവിഷണല്‍ ഓഫീസര്‍, അസി. ഡിവിഷണല്‍ ഓഫീസര്‍, കണയന്നൂര്‍ തഹസില്‍ദാര്‍ എന്നിവര്‍ക്കും ഉത്തരവിന്റെ കോപ്പി നല്‍കിയിട്ടുണ്ട്.

53.3 മീറ്റര്‍ ഉയരത്തില്‍ വാണിജ്യ, പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടം നിര്‍മിക്കുന്നതിനുള്ള ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റിനാണ് സ്ഥലത്തിന്റെ ഉടമസ്ഥരായ പീവീസ് പ്രൊജക്ട്‌ പ്രൈവറ്റ് ലിമിറ്റഡ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പിന്റെ അനുമതി തേടിയിരുന്നത്. എന്നാല്‍ കെട്ടിട സമുച്ചയത്തില്‍ 40.6 മീറ്റര്‍ ഉയരത്തില്‍ അസംബ്ലി ഒക്യുപന്‍സി വിഭാഗത്തില്‍ വരുന്ന 11 സ്‌ക്രീനിങ് ഹാളുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു. 1675 സീറ്റുകളുള്ള മള്‍ട്ടിപ്ലെക്‌സ് അടങ്ങുന്ന കെട്ടിടത്തില്‍ എന്തെങ്കിലും തരത്തിലുള്ള അത്യാഹിതമുണ്ടായാല്‍ അത് കനത്ത ദുരന്തത്തിന് വഴിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button