മലയാള സിനിമ ഇപ്പോള്‍ ആദ്യ ഭാഗങ്ങളുടെ തുടര്‍ച്ച തേടുകയാണ്. മിക്ക സംവിധായകരും തങ്ങളുടെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്ന തിരക്കിലാണ്. രണ്ടാം ഭാഗമെന്ന രീതിയില്‍ പുറത്തിറക്കുന്ന ഭൂരിഭാഗം മലയാള ചിത്രങ്ങളും ബോക്സോഫീസ് പരാജയമാണെന്നതാണ് മറ്റൊരു വസ്തുത. ലാലിന്റെ മകന് ലാല്‍ ജൂനിയര്‍ ഒരുക്കിയ ഹണീബി-2വിന്റെ സമീപകാല പരാജയം രണ്ടാം ഭാഗം ഒരുക്കുന്ന പല സംവിധായകരെയും ഇരുത്തി ചിന്തിപ്പിക്കുകയാണ്.
രഞ്ജിപണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ‘ലേലം’, രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ ടീമിന്റെ ‘പുണ്യാളന് അഗര്‍ബത്തീസ്, മിഥുന് മാനുവല്‍ തോമസ്-ജയസൂര്യ ചിത്രം ‘ആട് ഒരു ഭീകര ജീവിയാണ്’ എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിന്റെ അണിയറക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ആദ്യ ഭാഗത്തിന്റെ പ്രേക്ഷക സ്വീകാര്യതയെ മുന്‍നിര്‍ത്തിയാണ് ഈ ചിത്രങ്ങളൊക്കെ ഒരുക്കുന്നതെങ്കിലും ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗത്തിന് പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ കഴിയില്ലെന്നത് നേരത്തെ തന്നെ വ്യക്തമായിട്ടുള്ളതാണ്. കെ.മധു-എസ്എന്‍ സ്വാമി ടീമിന്റെ സിബിഐ പരമ്പരയിലെ നാലു ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് ചിത്രത്തിന്റെ ആദ്യ ഭാഗമായ ഒരു സിബിഐ ഡയറിക്കുറിപ്പാണ്.പിന്നീടു വന്ന ചിത്രങ്ങള്‍ക്കൊന്നും ‘സിബിഐ ഡയറിക്കുറിപ്പ്’ പോലെ ശ്രദ്ധ നേടാനായില്ല.
സത്യന് അന്തിക്കാട്- മോഹന്‍ലാല്‍-ശ്രീനിവാസന് ടീമിന്റെ സിഐഡി പരമ്പരകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘നാടോടികാറ്റ്’ ആണ്. ലോഹിതദാസ് എന്ന അതുല്യ എഴുത്തുകാരന് കിരീടവും,ചെങ്കോലും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചപ്പോള്‍ കിരീടമായിരുന്നു ബോക്സോഫീസ് വിജയം നേടിയതും ചെങ്കോലിനേക്കാള്‍ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയതും. സിദ്ധിക്ക് ലാല്‍ ടീമിന്റെ ‘ഇന്‍ ഹരിഹര്‍ നഗറി’ന് ലാല്‍ രണ്ടാം ഭാഗം ഒരുക്കിയപ്പോള്‍ ആദ്യഭാഗത്തിന്റെ നിഴല്‍ മാത്രമായി ‘ടു ഹരിഹര്‍ നഗര്‍’ എന്ന ചിത്രം. പക്ഷേ സിനിമ വലിയ ഹിറ്റായത് ലാലിനും ടീമിനും പേരുദോഷം ഉണ്ടാക്കിയില്ല. രഞ്ജിത്ത് ദേവാസുരത്തിന്റെ രണ്ടാം ഭാഗവുമായി വന്നപ്പോഴും പ്രേക്ഷകര്‍ ചിത്രത്തെ തിരസ്കരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
Post Your Comments