സത്യന് അന്തിക്കാട്- രഘുനാഥ് പലേരി ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 1988-ല്‍ പുറത്തിറങ്ങിയ ‘പൊന്മുട്ടയിടുന്ന താറാവ്’. താട്ടാന്‍ ഭാസ്കരന്റെ ഹൃദയസ്പര്‍ശിയായ കഥ പങ്കുവെച്ച ‘പൊന്മുട്ടയിടുന്ന താറാവ്’ ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളില്‍ ഒന്നാണ്. അതുല്യ നടന്മാരായ ഒട്ടേറെപ്പേര്‍ സ്വാഭാവിക അഭിനയത്താല്‍ മിന്നിയ ചിത്രം ആ കാലത്തെ ഏറ്റവും വലിയ ബോക്സോഫീസ് വിജയങ്ങളില്‍ ഒന്നായിരുന്നു. സ്നേഹലതയെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഉര്‍വശിക്കാണ് ആ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചത്.
ഒടുവില്‍ ഉണ്ണികൃഷ്ണന്,ജഗതി ശ്രീകുമാര്‍, ശങ്കരാടി, മാമുക്കോയ, കരമന ജനാര്ദ്ദനന് നായര്‍, കൃഷ്ണന്‍കുട്ടി നായര്‍, ഫിലോമിന തുടങ്ങിയവരുടെ മത്സരിച്ചുള്ള അഭിനയമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. . ശ്രീനിവാസനൊപ്പം ജയറാമും മറ്റൊരു മര്‍മ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടി. നടി ശാരിയായിരുന്നു ചിത്രത്തിലെ മറ്റൊരു നായിക. ബി ശശികുമാര്‍ നിര്‍മ്മിച്ച ചിത്രം സത്യന് അന്തികാടിന്റെ സംവിധാനത്തില്‍ രഘുനാഥ് പലേരിയാണ് എഴുതിയിരിക്കുന്നത്.
രഘുനാഥ് പലേരി സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി സത്യന് അന്തിക്കാടിന് നല്കുമ്പോള് അദ്ദേഹം ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ “ശ്രീനിവാസനെ തട്ടനാക്കണം”.
സത്യന് അന്തിക്കാടിന് അതില്‍ പൂര്‍ണ്ണ
സന്തോഷമേയുണ്ടായിരുന്നുള്ളൂവെന്നും
രഘുനാഥ് പലേരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഉയരവും നീളവും വീതിയും എല്ലാം കുറവാണെങ്കിലും ശ്രീനിയിൽ ഒരു പ്രകാശമുണ്ട്. കാലത്തിലൂടെ സഞ്ചരിച്ച് ജീവിതരീതിയും ചുറ്റുപാടും മാറിയതോടെ നല്ല തെളിച്ചം വെച്ചിട്ടുണ്ടെങ്കിലും ശ്രീനിയിൽ പ്രകടമായ ഒരു നടൻ ഇല്ലാത്തത് തന്നെയാണ് ശ്രീനിയിലെ അഭിനയ മികവും. രഘുനാഥ് പലേരി കുറിക്കുന്നു .
ശ്രീനിവാസനെന്ന നടനെക്കുറിച്ച് ചിത്രത്തിന്റെ രചയിതാവായ രഘുനാഥ് പലേരി പങ്കുവെയ്ക്കുന്നതിങ്ങനെ
നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ശ്രീനിവാസനെ പരിചയപ്പെടുന്നത് മദിരാശിയിലെ അണ്ണാനഗറിലെ ഒരു നിരത്ത് വക്കിൽ വെച്ചാണ്. കരിഞ്ഞ വിറകു കമ്പുപോലെ ഒരാൾ. ഉള്ളിലെ ജീവിതച്ചൂട് പുറത്തു കാണിക്കാതെ ചെറിയ വാക്കുകളും ഇത്തിരി ചിരിയും മുഖത്ത് പുരട്ടിയ ഒരാൾ. പരിചയപ്പെടുത്തിയത് ശ്രീ പിഎ ബക്കർ. ബക്കറിന്റെ ചാരം എന്ന സിനിമക്കായി ഞാൻ തിരക്കഥ എഴുതുന്ന കാലം. ആ തിരക്കഥ എഴുതാൻ ഞാൻ തീരുമാനിച്ചതിന് മൂന്ന് കാരണങ്ങൾ ഉണ്ടായിരുന്നു.
ഒന്ന് ബക്കറിനോടുള്ള ഇഷ്ടം. മറ്റൊന്ന് പ്രേംനസീർ മേക്കപ്പില്ലാതെ അഭിനയിക്കുന്നു എന്നത്. മൂന്ന് ഹേമചന്ദ്രനായിരുന്നു ഛായാഗ്രാഹകൻ. അതിൽ മിച്ചൽ ക്യാമറ ഉപയോഗിക്കുന്നുണ്ട്. ഹേമചന്ദ്രന്റെ കൂടെ ആ ഗംഭീര ക്യാമറയുടെ പ്രവർത്തനം കാണുവാനും പഠിക്കുവാനും ഉള്ള മോഹം. അതെല്ലാം എന്നെ ശ്രീനിവാസന് ഒരു ഹസ്തദാനം നൽകുന്നതിൽ എത്തിച്ചു. അന്ന് തുടങ്ങിയ ചങ്ങാത്തത്തിന്റെ പിൻബലത്തിൽ കുട്ടിച്ചാത്തനിലെ ഹിന്ദി നടന് ശബ്ദം നൽകാനായി
ശ്രീനിവാസനെ ക്ഷണിക്കാൻ ഞാൻ ജിജോയോട് പറഞ്ഞു. ജിജോ വിളിച്ചു. ശ്രീനിവാസൻ വന്നു. കുട്ടിച്ചാത്തൻ കാരണം ചിത്രാഞ്ജലി സ്റ്റൂഡിയോയിൽ ശ്രീനിയുടെ തോളിൽ കയ്യിട്ട് ഞാനും ഒപ്പം നടന്നു.
ഒരിക്കൽ സത്യനു വേണ്ടി തിരക്കഥ എഴുതാൻ ശ്രീനി വന്നു താമസിച്ച ഹോട്ടലിൽ തൊട്ടടുത്ത മുറിയിലായിരുന്നു ഞാൻ. ഞാനന്ന് ഒന്നു മുതൽ പൂജ്യം വരെയുടെ എഴുത്തിലായിരുന്നു. പിന്നീട് പൊന്മുട്ടയിടുന്ന താറാവ് സത്യന് നൽകുമ്പോൾ ഞാൻ സത്യനോട് ആവശ്യപ്പെട്ടത് ശ്രീനിയെ തട്ടാനാക്കണം എന്നായിരുന്നു. സത്യന് അത് ഏറ്റവും സന്തോഷമായിരുന്നു. ഉയരവും നീളവും വീതിയും എല്ലാം കുറവാണെങ്കിലും ശ്രീനിയിൽ ഒരു പ്രകാശമുണ്ട്. കാലത്തിലൂടെ സഞ്ചരിച്ച് ജീവിതരീതിയും ചുറ്റുപാടും മാറിയതോടെ നല്ല തെളിച്ചം വെച്ചിട്ടുണ്ടെങ്കിലും ശ്രീനിയിൽ പ്രകടമായ ഒരു നടൻ ഇല്ലാത്തത് തന്നെയാണ് ശ്രീനിയിലെ അഭിനയ മികവും. ശ്രീനിയുടെ തിരക്കഥയിൽ എനിക്കേറ്റവും ഇഷ്ടം മഴയെത്തും മുൻപേയാണ്. അതിലേറെ ഇഷ്ടം ഏതാണെന്ന് ചോദിച്ചാൽ സന്ദേശവും. എന്നിട്ടും കൂടുതൽ ഇഷ്ടം ചോദിച്ചാൽ ഗാന്ധിനഗർ രണ്ടാം തെരുവും ശ്രീനിയുടെ തന്നെ സംവിധാനം രുചിച്ച ചിന്താവിഷ്ടയായ ശ്യാമളയും എല്ലാം പറഞ്ഞുപോകും.
Post Your Comments