പോസ്റ്റുകള്‍ വിവാദമായതോടെ ഫെയ്സ്ബുക്കില്‍ നിന്ന് നിന്ന് പിന്മാറുകയാണെന്ന് സംവിധായകനും നടനുമായ എംബി പത്മകുമാര്‍. തന്റെ ഫെയ്സ്ബുക്ക് പേജില്‍ ലൈവായി സംവദിക്കുന്നതിനിടെയാണ് പത്മകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുറച്ചു നാളായി പത്മകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഫെയ്സ്ബുക്കിലെ അഭിപ്രായ പ്രകടനങ്ങളിലൂടെ ആരേയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മറ്റുള്ളവര്‍ക്ക് കല്ലെറിയാനായി തല്ക്കാലം നിന്നു കൊടുക്കുന്നില്ലെന്നും പത്മകുമാര്‍ വീഡിയോയില്‍ പറയുന്നു. മോഹന്‍ലാലിന്റെ കാല് തൊട്ട് വന്ദിച്ചതിനെയും മമ്മൂട്ടി സാറിനെപ്പറ്റിയും പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍, അതൊന്നും ഒരിക്കലും ആരെയും വേദനിപ്പിക്കാന്‍ അവഹേളിക്കാന്‍ ആയിട്ടല്ലായിരുന്നു. മമ്മൂട്ടിയാണ് തനിക്ക് ഒരു സിനിമയില്‍ അവസരം തന്നതെന്നും പത്മകുമാര്‍ തുറന്നു പറയുന്നു.
പത്മകുമാറിന്റെ വാക്കുകള്‍
മോഹന്‍ലാലിന്റെ കാല് തൊട്ട് വന്ദിച്ചതിനെയും മമ്മൂട്ടി സാറിനെപ്പറ്റിയും പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍, അതൊന്നും ഒരിക്കലും ആരെയും വേദനിപ്പിക്കാന്‍ അവഹേളിക്കാന്‍ ആയിട്ടല്ലായിരുന്നു. മമ്മൂട്ടിയാണ് തനിക്ക് ഒരു സിനിമയില്‍ അവസരം തന്നത്.
ലോഹിതദാസ് സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ സിനിമകള്‍ കാണണമെന്ന് ,അതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന്. വിഷ്വല്‍ ഓഫ് ചെയ്ത് കാണാനാണ് പറഞ്ഞിട്ടുള്ളത്. അതിന് കാരണം മമ്മൂട്ടിയുടെ ശബ്ദത്തിന്റെ ഗാംഭീര്യമാണ്. വിഷ്വലിനേക്കാള്‍ കൂടുതല്‍ ശബ്ദമാണ് ഒരു നടന് വേണ്ടത്. അത് അറിയണമെങ്കില്‍ മമ്മൂട്ടിയെ കണ്ട് പഠിക്കണം. തന്റെ ആദ്യ ചിത്രം പോലും വിവാദമായി.
മൈ ലൈഫ് പാര്‍ട്ട്ണര്‍ എന്ന ചിത്രമെടുത്തത് ഒരു സംവിധായകന്റെ തൊപ്പി ധരിച്ച് ഒരുപാട് പേര്‍ക്ക് മുന്പില് പോയി നില്ക്കാനല്ലായിരുന്നു. അതുപോലെ നിവേദ്യം സിനിമയില്‍ വില്ലന്‍ വേഷം ചെയ്തതുകൊണ്ട് മോശം വ്യക്തിയാകില്ല. അഭിപ്രായങ്ങള്‍ പറഞ്ഞത് പേരെടുക്കാന്‍ അല്ലായിരുന്നു. ഒതുങ്ങി ജീവിച്ച വ്യക്തിയായിരുന്നു. പ്രേക്ഷകരുടെ മുന്പില് എന്റെ സാന്നിധ്യമില്ലാതെ എനിക്ക് തോന്നുന്ന കാര്യങ്ങള്‍ പറയാനുള്ള മാധ്യമമായിരുന്നു സിനിമ. സംവിധാനത്തില്‍ എത്തിയത് അങ്ങിനെയാണ്. ഞാന്‍ വിദഗ്ധനല്ല.
മൈ ലൈഫ് പാര്‍ട്ട്ണര്‍ എന്ന സിനിമയില്‍ എത്തിയത് എങ്ങിനെയാണെന്ന് പറയാം. ഞാന്‍ ഒരു സ്വവര്‍ഗാനുരാഗി അല്ല. എന്നാല്‍ സ്വവര്‍ഗ പ്രണയം എന്താണെന്ന് എനിക്കറിയാമായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് റെജിമോന് ആണ് എന്നെ പിന്തുണച്ചത്. ആദ്യ സിനിമ എടുക്കുമ്പോള്‍ അതൊരു സംഭവമാക്കണം എന്ന് തോന്നിയിരുന്നു. ആ സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ പ്രശ്നങ്ങളായിരുന്നു. ഞാന്‍ ഗുരുസ്ഥാനത്ത് കണ്ടിരുന്ന ഒരു വ്യക്തിയില്‍ നിന്നാണ് ഏറ്റവും പ്രതിഷേധം ഉണ്ടായിരുന്നത്. ചിത്രം തുടങ്ങുന്ന ദിവസം തന്നെ അദ്ദേഹം നിര്‍മാതാവിനെ വിളിച്ച് പത്മകുമാറിന് സിനിമ എടുക്കാന്‍ അറിയില്ലെന്ന് പറഞ്ഞു. ആ സിനിമ നിര്‍ത്തേണ്ട അവസ്ഥയില്‍ എത്തി. ആ സിനിമയെടുക്കുന്ന ദിവസങ്ങളില്‍ ഞാന്‍ അനുഭവിച്ച സമ്മര്‍ദ്ദം ലോകത്തില്‍ മറ്റാരും അനുഭവിച്ചിട്ടുണ്ടാകില്ല. സിനിമയിലെ പറയുന്നത് സ്വവര്‍ഗ പ്രണയം അത് മലയാളികള്‍ക്ക് പരിചയം കുറവുള്ള വിഷയമാണ്. അവസാനം ആ സിനിമ തിയേറ്ററുകളിലെത്തി. റിലീസിന് 40 തിയേറ്ററുകളാണ് കിട്ടിയത്. എന്നാല്‍ തലേ ദിവസം ചില തിയേറ്റര്‍ ഉടമകള്‍ വിളിച്ച് എന്നോട് പറഞ്ഞു നിങ്ങളുടെ സിനിമ ഇറക്കാന്‍ പറ്റില്ല. മലയാളികള്‍ സ്വവര്‍ഗ പ്രണയം കാണില്ല. അഥവാ കാണണമെങ്കില്‍ പൃഥ്വിരാജോ, ജയസൂര്യയോ അഭിനയിക്കണമെന്ന്. ആ സിനിമ നാല് തിയേറ്ററുകളിലാണ് എത്തിയത്. എന്റെ ഒരു വലിയ സ്വപ്നമാണ് പൊലിഞ്ഞത്. പലരോടും ഈ ചിത്രത്തെക്കുറിച്ച് അഭിപ്രായം എഴുതുമോ എന്നും ചോദിച്ചിരുന്നു. എന്നാല്‍ ആരും സപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അതിനുശേഷമാണ് ആ സിനിമയ്ക്ക് പുരസ്കാരം ലഭിച്ചത്. പിന്നീട് രൂപാന്തരം ചെയ്തു. അതും നല്ല അഭിപ്രായം നേടി.
എന്റെ ഒരുപാട് പോസ്റ്റുകള്‍ക്ക് പലരും കമന്റ് എഴുതാറുണ്ട്. എനിക്ക് അസൂയയാണ്. വിജയിക്കാന്‍ കഴിയാത്തതിന്റെ വിഷമമാണ് എന്നൊക്കെയാണ് കമന്റുകള്‍. സമൂഹ മാധ്യമങ്ങളുടെ സത്യസന്ധത എനിക്കറിയില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഇതില്‍ നിന്ന് പിന്മാറുകയാണ്. ജന്മം ഒന്നേയുള്ളു. എന്റെ കാഴ്ചകള്‍ എന്റെ കണ്ണിന് തോന്നുന്നതാണ്. എന്റെ ചിന്തകള്‍ തലച്ചോറിന്റെ പ്രവര്‍ത്തന ഫലമാണ്.
ഇപ്പോള്‍ ഞാന്‍ യാത്രയിലാണ്. നല്ല സിനിമകള്‍ക്ക് വേണ്ടി. ഒരുപാട് നിര്‍മാതാക്കളെ കണ്ടു. പുതിയ സിനിമക്കായി ഈയിടെ ഒരു തിരക്കുള്ള നടനെ സമീപിച്ചു. അദ്ദേഹത്തിന് വേണ്ടിയിരുന്നത് നൂറ് ദിവസം ഓടുന്ന സിനിമകളാണ്. സത്യത്തില്‍ അതിന്റെ വേദനയായിരിക്കും ഞാന്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ കാരണം. തല്ക്കാലം ഫെയ്സ്ബുക്കിന്റെ ലോകത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. നിങ്ങള്‍ എന്നെ അറിയുന്ന കാലത്ത് തിരിച്ചു വന്നേക്കാം.
അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും പലപ്പോഴും എന്നെ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല. സിനിമയുടെ ഗ്ലാമര്‍ ആഗ്രഹിച്ചല്ല എത്തിയത്. ഒരുപാട് സീരീയലുകളില്‍ വില്ലനായി എത്തിയിട്ടുണ്ട്. എന്റെ വീട്ടിലെ അടുപ്പ് പുകയാന്‍ വേണ്ടി മാത്രമായിരുന്നു. പലപ്പോഴും സീരിയലില്‍ നിന്ന് പിന്മാറിയിട്ട് പല നിര്‍മാക്കള്‍ക്കും എന്നോട് ദേഷ്യം തോന്നിയിട്ടുണ്ട്. പുതിയ സിനിമക്കുള്ള യാത്രയിലാണ്. മരണം എന്ന സത്യത്തിന് മുന്നില്‍ ജീവിക്കാനുള്ള പ്രചോദനം. അത് മാത്രമാണ് എന്റെയാത്ര. ഇനി കല്ലെറിയാന്‍ എന്റെ പോസ്റ്റുകള്‍ ഉടന്‍ ഉണ്ടാകില്ല-
പത്മകുമാര്‍ .
Post Your Comments