CinemaGeneralIndian CinemaMollywoodNEWS

കശാപ്പുനിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളുന്നവരോട് ജോയ് മാത്യുവിനു പറയാനുള്ളത്

കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ തന്‍റെ നിലപാട് തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ ജോയ് മാത്യു. കന്നാലി വിഷയത്തില്‍ ഇടം വലം നോക്കാതെയുള്ള ആക്രോശങ്ങളല്ല വേണ്ടതെന്നു തുറന്നു പറയുന്ന ജോയ് മാത്യു കന്നാലി നിയമം കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ തന്‍റെ നിലപാടുകള്‍ പങ്കുവയ്ക്കുന്നു. സാധാരണക്കാരുടെ ഭക്ഷണമാണ് ബീഫ് എന്നും അതു നിരോധിക്കുക എന്ന പൊട്ടത്തരമൊന്നും ഭരണകൂടം ചെയ്തിട്ടില്ലെന്നും ഇപ്പോള്‍ പറയുന്ന ഉത്തരവില്‍ നിരോധനം ഇല്ലെന്നും ജോയ് മാത്യു പറയുന്നു

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കന്നാലി നിയമം കൊണ്ടുള്ള പ്രയോജനങ്ങള്‍

കന്നാലി ദൈവമാണൊ എന്നൊക്കെ ചോദിച്ചാല്‍ അതിനെങ്ങിനെ ഉത്തരം പറയും? ചിലര്‍ പാമ്ബിനെ മറ്റുചിലര്‍ കുരങ്ങിനെ വേറെ ചിലര്‍ എലിയെ ഇതൊന്നും കൂടാതെ ഉറുബിനെ വരെ ആരാധിക്കുന്ന ജനങ്ങള്‍ ലോകത്തിലുണ്ട്. പല രാജ്യങ്ങളിലും ഇമ്മാതിരി ദൈവങ്ങളെ ഭക്ഷിക്കുന്നവരും ഉണ്ട്. അതൊക്കെ ഓരോ ജനതയുടെ ബുദ്ധിവികാസം,രാജ്യത്തിന്റെ ഭക്ഷ്യ ലബ്ദി, ആരോഗ്യം, സാമ്ബത്തികം എന്നിവയെയൊക്കെ ആശ്രയിച്ചായിരിക്കും. അതുകൊണ്ട് തല്‍ക്കാലം നമുക്കത് വിടാം. മനുഷ്യന്റെ അടിസ്ഥാന പ്രശ്നം വിശപ്പാണല്ലോ. അത് മാറാനാണല്ലോ അവന്‍ ഭക്ഷണം കഴിക്കുന്നത്. അത് അവന്റെ രുചിക്കും ആരോഗ്യത്തിനും പോക്കറ്റിലെ പണത്തിനും ഒത്ത് വരുന്നതാണെങ്കില്‍ അവന്‍ എന്തും കഴിക്കും കഴിക്കണം അപ്പോഴാണു ഭക്ഷ്യവസ്തുക്കള്‍ ദൈവങ്ങളാകുന്നത് അല്ലാതെ വിശക്കുന്ന ജനതക്ക് മേല്‍ ബൈബിളില്‍ പറയുന്ന പോലെ ‘മന്നാ’വര്‍ഷിക്കാനൊന്നും ഇക്കാലത്ത് ഒരു ദൈവത്തിനുമാവില്ലല്ലോ.
നമ്മുടെ പ്രശ്നം ഇപ്പൊള്‍ കന്നാലികളാണു. മാംസഭുക്കുകളായ ഇന്ത്യക്കാരന്‍, അതും സാധരണക്കാരന്‍, അവന്റെ ഇഷ്ട ഭക്ഷണമാണൂ ബീഫ്. അതു നിരോധിക്കുക എന്ന പൊട്ടത്തരമൊന്നും ഭരണകൂടം ചെയ്യില്ല അത് അവരുടെ ഇപ്പോള്‍ പറയുന്ന ഉത്തരവില്‍ ഇല്ലാതാനും. മതാനുഷ്ടാനങ്ങളൂടെ ഭാഗമായി മൃഗങ്ങളെ അറവിനു വിധേയമാക്കരുത് എന്നത് വിശ്വാസികളെ സംബന്ധിക്കുന്ന കാര്യമായതിനാല്‍ ഇഷ്ടം പോലെ വിശ്വാസികളും അവരുടെ നേതാക്കന്മാരും അതെപ്പറ്റി ചിന്തിക്കുന്നതിനിടക്ക് അവിശ്വാസിയായ ഞാന്‍. അതിനു വേണ്ടി സമയം കളയേണ്ടതില്ലല്ലോ. ഇനി അവര്‍ക്കെന്തെങ്കിലും ബുദ്ധിപരമായ സഹായം വേണമെന്ന് വെച്ചാല്‍ അവിശ്വാസിയായ ഞാന്‍ അതും നല്‍കാന്‍ തയ്യാറാണ്.

എനിക്ക് മനുഷ്യര്‍ ഭക്ഷണം കഴിക്കുന്നതിനെപ്പറ്റിയാണു ചിന്തിക്കാനുള്ളത്. അങ്ങിനെ ചിന്തിച്ചപ്പോള്‍ കിട്ടിയ വെളിപാടുകള്‍ ഇങ്ങിനെയാണു:

സത്യത്തില്‍ നമുക്ക് ശാസ്ത്രീയമായ അറവുശാലകള്‍ ഉണ്ടോ?
വൃത്തിഹീനമായ സ്ഥലങ്ങളില്‍ വെച്ച്‌ പ്രാകൃതമായി മൃഗങ്ങളെ അറുത്ത് കൊല്ലുന്നു. പിന്നെ വഴിയോരങ്ങളിലെ കടകളില്‍ ചോരയിറ്റുന്ന രൂപത്തില്‍ വില്‍പനക്ക് വെക്കുന്നു. മൃഗാവശിഷ്ടങ്ങള്‍ വഴിയരികില്‍ തള്ളുന്നു. അത് രോഗാണുക്കളെ സൃഷ്ടിക്കുക മാത്രമല്ല തെരുവ് നായ്ക്കളെ നരഭോജികളാക്കുന്നു. തെരുവ് നായ്ക്കള്‍ രക്തത്തിന്റെ രുചിയറിഞ്ഞിട്ടാണല്ലോ. മനുഷ്യനെ കടിക്കുന്നതും ചിലപ്പോള്‍ കൊല്ലുന്നതും (രണ്ടുവര്‍ഷം മുന്‍പ് ഞാന്‍ ഇതേപ്പറ്റി ഈ പേജില്‍തന്നെ എഴുതിയിരുന്നു )കഴിഞ്ഞ വര്‍ഷം രണ്ടായിരം പേരെയാണത്രെ തെരുവു നായ്ക്കള്‍ ആക്രമിച്ചത്)

അതുകൊണ്ടൊക്കെയാണു ഞാന്‍ പറയുന്നത് കന്നാലി നിയമം നുമുക്ക് ഗുണം ചെയ്യുന്ന ഒന്നാണെന്ന്. അറുപത് ശതമാനം മാംസഭുക്കുകളുള്ള നമ്മുടെ നാട്ടില്‍ രോഗാണൂമുക്തവും വൃത്തിയുമുള്ള മാംസം ലഭിക്കുന്ന അവസ്ഥയുണ്ടൊ? അതിനെന്താണൂ പോവഴിയെന്നാലോചിക്കാത്ത രാഷ്ട്രീയ തിമിരം ബാധിച്ച്‌ ‘അയ്യൊ ബീഫ് നിരോധിച്ചേ. ഫാസിസം വന്നേ ‘എന്ന് തലയില്‍ കൈവെച്ച്‌ നിലവിളിക്കുകയല്ല തലക്കുള്ളില്‍ വല്ലതുമുണ്ടൊ എന്ന് സ്വന്തം തലകുലുക്കി നോക്കുകയാണു നമ്മുടെ ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്. അങ്ങിനെ കുലുക്കിയപ്പോള്‍ എനിക്ക് കിട്ടിയത് ഇങ്ങിനെയൊക്കെയാണ്. അതായത് ഈ കന്നാലി ഉത്തരവ് ഓരോ സംസ്ഥാനങ്ങളിലേയും ഗവണ്‍മെന്റിനുള്ള വെല്ലുവിളി തന്നെയാണു. സ്വയം നന്നാവാനുള്ള വെല്ലുവിളി.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗോവധം രാജ്യവ്യാപകമായി നിരോധിക്കാനാവില്ല. അപ്പോള്‍ കേന്ദ്രം കണ്ടുപിടിച്ച മാര്‍ഗ്ഗമാണു ഈ കന്നാലി നിയമം. 1960 ല്‍ മൃഗങ്ങളോടുള്ളക്രൂരത തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമം ഒന്നു പൊടിതട്ടിയെടുത്തുവെന്നേയുള്ളൂ. ഫെഡറല്‍ സംവിധാനത്തിനുള്ളില്‍ നിന്നുകൊണ്ട്തന്നെ എങ്ങിനെ ഓരോ സംസ്ഥാനങ്ങള്‍ക്കും സ്വയം പര്യാപ്തത കൈവരിക്കാനാവും എന്ന് ആലോചിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവസരമായിട്ടു വേണം ഈ കന്നാലി നിയമത്തെക്കാണാന്‍. അവസരങ്ങളുടെ വണ്ടി വരുംബോള്‍ അതില്‍ കയറാതെ വണ്ടി പോയിക്കഴിഞ്ഞിട്ട് നടന്ന് പോകുന്നതാണല്ലോ നമുക്ക് ശീലം.

കന്നാലി വിഷയത്തില്‍ ഇടം വലം നോക്കാതെയുള്ള ആക്രോശങ്ങളല്ല വേണ്ടത്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയുടെ നിലപാട് നമുക്ക് വേണ്ട. സംഗതി അദ്ദേഹം കേരള മുഖ്യമന്ത്രിയെ ഒരുപോറല്‍പോലുമേല്‍പ്പിക്കാതെ വന്‍ സുരക്ഷയില്‍ സംഘപരിവാര്‍ ഭീഷണിക്കെതിരെ വെല്ലുവിളി പ്രസംഗം നടത്താന്‍ അവസരമൊരുക്കിക്കൊടുത്തു എന്നത് ശരിതന്നെ. എന്നാലിപ്പോള്‍ കന്നാലിനിയമത്തെ പുല്ലുപോലെ തള്ളികളഞ്ഞിരിക്കുന്നു. നമുക്ക് ഏതായാലും സിദ്ധാരാമയ്യ ലൈന്‍ വേണ്ട. നമ്മുടെതായ ലൈന്‍ മതി, എന്തായിക്കണം നമ്മുടെ ലൈന്‍?
കന്നാലി ചന്തകളില്‍ കൊണ്ടുവരുന്ന മാടുകളെ അറവുശാലയിലേക്ക് വാങ്ങുന്നതാണല്ലോ നിയമം മൂലം തടഞ്ഞത്. ആയ്ക്കോട്ടെ, കന്നാലികളെ മൊത്തം നമ്മള്‍ അറവിനല്ല സ്നേഹിക്കാനാണു വാങ്ങുന്നതെങ്കിലോ?അതിനാര്‍ക്കും വിരോധമുണ്ടാവാന്‍ വഴിയില്ല. പിന്നെ ചെയ്യേണ്ടത് ശ്രീലങ്കയിലേക്കോ മറ്റേതെങ്കിലും അയല്‍ രാജ്യത്തിലേക്കോ കയറ്റി അയക്കുക. കമ്മ്യൂണിസ്റ്റ് ചൈനയാണെങ്കില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ സഹായിക്കാന്‍ എപ്പോഴേ റെഡി. അവിടെയൊക്കെ നല്ല ശാസ്ത്രീയ അറവ് ശാലകളുണ്ട് അവിടെ വെച്ച്‌ വൈദ്യ പരിശോധന നടത്തി നൈസായി കൊന്നു സംസ്കരിച്ച്‌ ടിന്നുകളിലാക്കി കേരളത്തിലേക്ക് തന്നെ ഇറക്കുമതി ചെയ്യുക. ബീഫ് കഴിക്കുന്നതും ഇറക്കുമതിചെയ്യുന്നതും ഇവിടെ നിരോധിക്കാത്ത സ്ഥിതിക്ക് കേന്ദ്രനിയമത്തെ മറീകടക്കാന്‍ ഇതല്ലേ നല്ല വഴി? പല മൃഗങ്ങളേയും പല രാജ്യങ്ങളീലും പൂജിക്കുന്നുവെന്ന് പറഞ്ഞല്ലോ. നമ്മുക്ക് വെള്ളാനകളെ പൂജിക്കാനാണിഷ്ടം. ഇന്ന് കേരളത്തില്‍ വെള്ളാനകളാനകളാണധികവും അവയെ സ്വര്‍ണ്ണമുട്ടയിടുന്ന താറാവുകളാക്കുകയാണു വേണ്ടത്
പകുതിയിലധികം പൊതുമെഖലാ സ്ഥാപനം പോലും കേരളത്തില്‍ ലാഭത്തില്‍ ഓടാത്തതിനാല്‍ ശ്രീലങ്കന്‍ /ചൈന ഗവണ്‍മെന്റുകളുമായി ചെര്‍ന്ന് കേരള ഗവണ്‍മെന്റിന് ചെയ്യാവുന്ന ഒരു വന്‍ ബിസിനസ്സാക്കി ഇതിനെ മാറ്റിയെടുക്കാം. അല്ലാതെ ലോട്ടറി വിറ്റും കള്ളു വിറ്റുമല്ല ഖജനാവ് നിറക്കേണ്ടത്. ഇതിനെയാണു കേന്ദ്ര കന്നാലി നിയമത്തെ ഈസിയായി മറികടക്കേണ്ടത്. അതിന്റെ ആദ്യപടിയായിവെണം ഇന്ന് കൂത്താട്ടുകുളത്തിനടുത്ത് ഇടയാറില്‍ മുപ്പത്തിരണ്ടു കോടി രൂപാ ചിലവില്‍ നിര്‍മ്മിച്ച ആധുനിക അറവ് ശാല യുടെ ഉദ്ഘാടനത്തെ കാണേണ്ടത്. ഇതൊന്നു മാത്രമേ നാളിത് വരെയായി വിവിധ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടും ഉണ്ടായിട്ടുള്ളൂ. ഇതുപോലെ അനേകം ആധുനിക അറവുശാലകള്‍ ആരംഭിക്കാനുള്ള സാദ്ധ്യതയും സാഹചര്യവുമാണിപ്പോള്‍ കൈവന്നിരിക്കുന്നത്.

ജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം കൊടുക്കുക എന്നത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്. അത് മനസ്സിലാക്കണമെങ്കില്‍ യുഎഇ പോലുള്ള അയല്‍ രാജ്യങ്ങള്‍ വിനോദയാത്രക്കല്ലാതെയെങ്കിലും നമ്മുടെ ഭരണകര്‍ത്താക്കള്‍ സന്ദര്‍ശ്ശിക്കണം. മാംസം മാത്രമല്ല ഏതൊരു ഭക്ഷണപദാര്‍ഥവും നിരന്തരമായി പരിശോധിച്ച്‌ അതിന്റെ ഗുണമേന്മ ഉറപ്പു വരുത്തുകയും കാലാവധികഴിഞ്ഞ ആഹാരസാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കാന്‍ മടിക്കുകയും ചെയ്യാത്ത ഒരു ഭരണ സംവിധാനമാണവിടെയുള്ളത്
അതുകൊണ്ട് നമുക്ക് ആധുനിക അറവുശാലകളെപ്പറ്റി ആലോചിക്കാന്‍ സമയമായി. അങ്ങിനെയായാല്‍. തെരുവു നായ ശല്യം ഇല്ലാതാക്കാം. കേരളം മാംസ മാലിന്യമുക്തമാക്കാം. മനുഷ്യര്‍ക്ക് ആശുപത്രി വാസം കുറക്കാം. കൂടാതെ ഖജനാവിനു വരുമാനവുമുണ്ടാക്കാം. അല്ലാതെ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക കേന്ദ്ര മന്ത്രിയുടെ കോലം കത്തിക്കുക എന്നൊക്കെപ്പറഞ്ഞ് മര്യാദക്ക് ജോലിയെടുത്ത് ജീവിക്കേണ്ട ചെറുപ്പക്കാരെക്കൊണ്ടുപോയി പോലീസില്‍ നിന്നും തല്ലും വെടിയുണ്ടയും വാങ്ങിക്കൊടുക്കുക, ബസ്സ് കത്തിക്കുക, മനുഷ്യരെ ബുദ്ധിമുട്ടിലാക്കുന്ന ഹര്‍ത്താല്‍ നടത്തുക, ഇതൊന്നുമല്ല ചെയ്യേണ്ടത്. ഇതിന്റെയൊക്കെ കാലം കഴിഞ്ഞെന്നും ഇതൊന്നും പുതിയ തലമുറക്ക് താല്‍പ്പര്യമില്ലെന്നും മനസ്സിലാക്കുക. അവസരങ്ങളുടെ വണ്ടി വന്നുനില്‍ക്കുന്നതിന്‍ മുന്‍പേ ചാടിക്കയറി സീറ്റ് പടിക്കുക

shortlink

Related Articles

Post Your Comments


Back to top button