Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

90-കളിലെ ജയറാമിനെ തിരികെ നല്‍കുന്ന ‘അച്ചായന്‍സ്’; ഇത് പ്രേക്ഷകര്‍ക്ക് ആഘോഷമാക്കാവുന്ന അടിപൊളി ‘അച്ചായന്‍സ്’

‘ആടുപുലിയാട്ട’ത്തിന് ശേഷം കണ്ണന്‍ താമരക്കുളം ജയറാം ടീം ഒന്നിക്കുന്ന ‘അച്ചായന്‍സ്’ ഇന്ന് പ്രദര്‍ശനത്തിനെത്തി. വമ്പന്‍ താരനിരയുമായി എത്തിയ ചിത്രം കോമഡിയും, സസ്പന്‍സും ചേര്‍ത്താണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരിക്കുന്നത്.സി.പദ്മകുമാറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി-സേതു ടീമിലെ സേതുവാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഏറെ കാലത്തിനു ശേഷം ജയറാമിന് ബോക്സോഫീസ് ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു കണ്ണന്‍ താമരക്കുളത്തിന്റെ ‘ആടുപുലിയാട്ടം’. ഫാമിലി ഹൊറര്‍ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ ഈ ചിത്രത്തില്‍ ജയറാം വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെട്ടത്.

‘ആടുപുലിയാട്ട’ത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പക്കാ വിനോദ സിനിമയെന്ന നിലയിലാണ് ‘അച്ചായന്‍സ്’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിരിയും, സസ്പന്‍സും കോര്‍ത്തിണക്കി ഫെസ്റ്റിവല്‍ സിനിമയായി അണിയിച്ചൊരുക്കിയ ‘അച്ചായന്‍സ്’ ആദ്യാവസാനം വരെയും പ്രേക്ഷകനെ മടുപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്. ജയറാമിന്റെയും, ടീമിന്‍റെയും കോമഡി നമ്പരുകള്‍ പ്രേക്ഷകന് ആസ്വാദ്യകരമാകുന്നിടത്താണ് ചിത്രത്തിന്‍റെ വിജയം. ആഘോഷ ചിത്രമെന്ന നിലയില്‍ പ്രേക്ഷകന് മുഷിച്ചിലില്ലാതെ ആഘോഷിക്കാനുള്ളത് അച്ചായന്‍സില്‍ വേണ്ടുവോളമുണ്ട്. സിനിമയുടെ സൂത്രധാരനെന്ന നിലയില്‍ കണ്ണന്‍ താമരക്കുളവും, ചിത്രത്തിന്റെ രചയിതാവെന്ന നിലയില്‍ സേതുവും ചിത്രത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. ‘ആടുപുലിയാട്ട’ത്തിനു ശേഷം വീണ്ടുമൊരു ജയറാം കണ്ണന്‍ താമരക്കുളം ചിത്രം ആസ്വാദന രസം സമ്മാനിക്കുമ്പോള്‍ ഈ കൂട്ടുകെട്ടിലെ തുടര്‍സിനിമകളില്‍ പ്രതീക്ഷകള്‍ ഏറെയാണ്‌.

മലയാള സിനിമയില്‍ കാലങ്ങളായി കണ്ടുവരുന്ന ക്ലീഷേ രംഗങ്ങള്‍ ‘അച്ചായന്‍സി’ലും നീണ്ടുനിവര്‍ന്നു കിടക്കുന്നുണ്ടെങ്കിലും കാലത്തിനൊത്ത കഥ പറച്ചില്‍ രീതി ചിത്രത്തെ രക്ഷിച്ചെടുക്കുന്നുണ്ട്‌. നിലവാരമില്ലായ്മയുടെ പടുകുഴിയിലേക്ക് ചിത്രം വീണുപോകാതെ സസ്പന്‍സ് വിഷയം നിറച്ച് പ്രേക്ഷകരെ കയ്യിലെടുക്കുന്ന ‘അച്ചായന്‍സ്’ സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും നല്ല വിനോദ സിനിമകളില്‍ ഒന്നാണ്.

1990 -കാലഘട്ടങ്ങളിലെ ജയറാമിനെ തിരികെ നല്‍കുന്ന ‘അച്ചായന്‍സി’ല്‍ സ്ഥിര കഥാപാത്ര സ്റ്റൈലോടെയാണ് ജയറാം സ്ക്രീനില്‍ അവതരിച്ചത്. മുന്‍ സിനിമകളില്‍ നിന്നു തികച്ചും വ്യത്യസ്തമായി ശരീര ഭാഷയില്‍ മികവു പുലര്‍ത്തുന്ന ജയറാമിലെ നടന് മലയാള സിനിമയില്‍ ഇനിയുമേറെ ആയുസ്സുണ്ടെന്ന് ‘അച്ചായന്‍സ്’ ഉറക്കെ വിളിച്ചു പറയുന്നു.
കണ്ണന്‍ താമരക്കുളത്തിന്‍റെ സംവിധാന മികവാണ് എടുത്തു പറയേണ്ടതായ മറ്റൊരു കാര്യം. ഒരു ആഘോഷ ചിത്രം ഏതുവിധം ആളുകളിലേക്ക്‌ ആസ്വാദ്യകരമാക്കാം എന്നതില്‍ സമ്പൂര്‍ണ്ണ വിജയം നേടിയ താമരക്കുളം മലയാളത്തിലെ അംഗീകരിക്കപ്പെടേണ്ട ഫിലിം മേക്കറാണെന്ന് നിസംശയം പറയാം.

തന്‍റെ സ്ഥിരം ശൈലിയിലാണ് സേതു ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിഷയത്തിന് യോജ്യമായ സംഭാഷണം എഴുതികൊണ്ട് നല്ലൊരു എന്റര്‍ടെയ്ന്‍മെന്‍റ് സിനിമാ അനുഭവം പ്രേക്ഷകന് നല്‍കുന്നതില്‍ സേതുവിലെ എഴുത്തുകാരന്‍ കൂടുതല്‍ മിന്നി തിളങ്ങിയിട്ടുണ്ട്.

ജയറാമിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഉണ്ണിമുകുന്ദനും, പ്രകാശ് രാജും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുന്നുണ്ട്. ചിത്രത്തിലെ നായികമാരായി എത്തിയ അമലാ പോള്‍, അനുസിത്താര, ശിവദ എന്നിവരുടെ പ്രകടനവും അച്ചായന്‍സിന് കൂടുതല്‍ ബലമേകുന്നുണ്ട്. സിദ്ധിക്ക്, ജനാര്‍ദ്ദനന്‍, പൊന്നമ്മ ബാബു, കവിയൂര്‍ പൊന്നമ്മ ,സാജു നവോദയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. എല്ലാവരും അവരുടെ റോളുകള്‍ ഗംഭീരമാക്കി.

‘ബാഹുബലി’ തരംഗം കേരളത്തില്‍ ആഞ്ഞടിക്കുന്ന അവസരത്തില്‍ അതിനു ശേഷം വന്ന മറ്റു മലയാള ചിത്രങ്ങള്‍ക്കൊന്നും ‘ബാഹുബലി’യുടെ കളക്ഷനെ പിന്നോട്ട് നിര്‍ത്താനായില്ല. ‘ബാഹുബലി’ക്ക് ശേഷം മലയാളത്തില്‍ ഇറങ്ങിയ ഒരു ചിത്രവും ബോക്സ് ഓഫീസ് നേട്ടമുണ്ടാക്കിയില്ല എന്നതും ശ്രദ്ധേയമാണ്. ഈ ആഴ്ച ഒട്ടേറെ മലയാള സിനിമകള്‍ സജീവമാകുന്നതോടെ ‘ബാഹുബലി’യുടെ കുതിപ്പ് ബോക്സോഫീസില്‍ കുറച്ചെങ്കിലും ആറി തണുത്തേക്കാം. പ്രേക്ഷകര്‍ക്ക്‌ പൊട്ടിച്ചിരിയുടെയും, ത്രില്ലര്‍ കാഴ്ചയുടെയും വ്യത്യസ്തത സമ്മാനിച്ചു കൊണ്ട് ‘അച്ചായന്‍സ്’ വിരുന്നെത്തിയപ്പോള്‍ ‘ബാഹുബലി’ തരംഗം മാറി ഇന്ന് മുതല്‍ ‘അച്ചയാന്‍സ്’ തരംഗം കേരളത്തില്‍ ആഞ്ഞടിക്കുമെന്നത് തീര്‍ച്ചയാണ്.

രതീഷ്‌ വേഗ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം നെഞ്ചോട്‌ ചേര്‍ത്താണ് പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടത്. ഉണ്ണി മുകുന്ദന്‍ ആലപിച്ച പ്രണയഗാനവും, വിധു പ്രതാപും, അന്‍വര്‍ സാദത്തും ചേര്‍ന്നാലപിച്ച ‘നൂലും പാമ്പാകും’ എന്ന ഫാസ്റ്റ് സോങ്ങും അച്ചായന്‍സിനൊപ്പം ആഘോഷമാക്കുകയാണ് ഓരോ ഗാന പ്രേമികളും. ‘ലജ്ജവാതി’ക്ക് ശേഷം തിയേറ്ററില്‍ നൃത്തം ചവിട്ടാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നുണ്ട് നൂലും പാമ്പാകും എന്ന അടിച്ചുപൊളി ഗാനം.

പ്രദീപ്‌ നായരുടെ ക്യാമറയും അച്ചായന്‍സിന്‍റെ അഴക്‌ വര്‍ദ്ധിപ്പിക്കുന്നുണ്ട്. അവതരണ ഭംഗിയോടൊപ്പം പല ഫ്രെയിമുകളും സുന്ദരമാക്കുന്നതില്‍ പ്രദീപ്‌ നായരുടെ ക്യാമറ നിര്‍ണ്ണായ പങ്കുവഹിച്ചിട്ടുണ്ട്. ലൈറ്റിംഗും,കളറിംഗുമൊക്കെ വേണ്ടവിധം പ്രയോജനപ്പെടുത്തിയിരിക്കുന്ന ‘അച്ചായന്‍സ്’ ടെക്നിക്കല്‍പരമായും മികവ് പുലര്‍ത്തുന്നുണ്ട്. പ്രേക്ഷകന് മടുപ്പുണ്ടാക്കാത്ത വിധം കത്രികവെച്ച രഞ്ജിത്ത് എആറിന്‍റെ ചിത്രസംയോജനവും മുന്നില്‍ നില്‍ക്കുന്നു.

അവസാന വാചകം

‘അച്ചായന്‍സ്’ ഒരിക്കലും നിങ്ങളെ നിരാശരാക്കി മടക്കി അയക്കില്ല. ഒരു ഫെസ്റ്റിവല്‍ സിനിമയില്‍ നിന്ന് നിങ്ങള്‍ എന്തെല്ലാം പ്രതീക്ഷിക്കുന്നുവോ? അതെല്ലാം അച്ചായന്‍സിലുണ്ട്. ധൈര്യമായി നിങ്ങള്‍ക്ക് ‘അച്ചായന്‍സ്’ കണ്ടിറങ്ങാം, ആഹ്ലാദത്തോടെ തിരിച്ചിറങ്ങാം….

shortlink

Related Articles

Post Your Comments


Back to top button