ഗോവധവുമായി ബന്ധപ്പെട്ട് ഹിന്ദു വാദികളുടെ നിരീക്ഷണം ശക്തമായിരിക്കേ പരസ്യമായി ബീഫ് കഴിച്ച് കുടുങ്ങിയ നടി കാജല്‍ വിശദീകരണവുമായി രംഗത്ത്. താന്‍ കഴിച്ചത് പോത്തിറച്ചിയാണെന്നും ഗോമാംസമല്ലെന്നുമാണ് വിശദീകരണം. ഒരു പാര്‍ട്ടിക്കിടെ താരം ബീഫ് കഴിക്കുന്ന വീഡിയോ വൈറലായി മാറുകയും അതില്‍ പിടിച്ച് അനേകര്‍ താരത്തിനെതിരേ ട്രോള്‍ വിടാനും തുടങ്ങിയതോടെയാണ് കാജല്‍ ഗോ സംരക്ഷകരെ പേടിച്ച് മാപ്പപേക്ഷയുമായി രംഗത്ത് വന്നിരിക്കുന്നത്.
താന്‍ ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കഴിച്ചത് ബീഫല്ല പോത്തിറച്ചിയാണെന്നും താരം ട്വിറ്ററിലൂടെയാണ് പറഞ്ഞിട്ടുള്ളത്. ടേബിളില്‍ ഒരു ബീഫ് വിഭവം ഇരിക്കുന്ന ഒരു സുഹൃത്തുമായുള്ള തന്റെ ഒരു ലഞ്ചിന്റെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്. അത് തെറ്റിദ്ധാരണ പരത്തുന്നതാണ്. അതില്‍ ദൃശ്യമാകുന്നത് നിയമാനുസൃതം ഉപയോഗിക്കാവുന്ന പോത്തിറച്ചിയാണ്. മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നു ഒന്നായതിനാലാണ് താന്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
അത്തരം ഒരു ഉദ്ദേശം തനിക്കില്ലെന്നും താരം ട്വീറ്റില്‍ പറഞ്ഞു. സുഹൃത്ത് പാകം ചെയ്ത ഭക്ഷണമായിരുന്നു അതെന്നും താരം പറഞ്ഞിട്ടുണ്ട്. നെഗറ്റീവ് കമന്റുകള്‍ വരാന്‍ തുടങ്ങിയതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വിവരങ്ങളുമെല്ലാം ഡിലീറ്റ് ചെയ്തു. താരം കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് സുഹൃത്ത് വിവരിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. താരത്തിന്റെ വിശദീകരണത്തിനും രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. ”കാജല്‍ ഭാഗ്യവതിയാണ്. മുസ്ളീങ്ങളാണെങ്കില് തല്ലിച്ചതയ്ക്കപ്പെടുമായിരുന്നു. ഇത്തരമൊരു വിശദീകരണത്തിന് പോലും അവര്‍ക്ക് അവസരം കിട്ടില്ല.” ഒരാളുടെ പ്രതികരണം ഇങ്ങിനെയായിരുന്നു.
Post Your Comments