അസമിലെ പരമ്പരാഗത ആഘോഷമായ രംഗോലി ബിഹുവില്‍ പാടുന്നതില്‍ പ്രശസ്ത ഗായകന് സുബീന്‍ ഗാര്ഗിന് വിലക്ക്. രംഗോലി ബിഹുവിനോടനുബന്ധിച്ച് നടന്ന ഗാനമേളയില്‍ ഹിന്ദി ഗാനം ആലപിച്ചതിനെ തുടര്‍ന്നാണ് ഗായകനെ സംഘാടകര്‍ വിലക്കിയത്. എന്നാല്‍ ഹിന്ദി ഗാനം പാടാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഏത് ഭാഷയില്‍ പാടണമെന്നത് തിരഞ്ഞെടുക്കാനുള്ള അവകാശം ഗായകനുണ്ടെന്ന് അഭിപ്രായപ്പെട്ട സുബീന്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അസമീസ് ഗാനം പാടിക്കൊണ്ട് ആരംഭിച്ച ഗാനമേളയില്‍ സുബീന്‍ ഗാര്‍ഗ് പിന്നീട് ബിഹു ഗാനങ്ങള്‍ പാടുകയും ചെയ്തു. എന്നാല്‍ ക്രിഷ് 3യിലെ ‘ദില്‍ തു ഹി ബാതാ’ എന്ന ഗാനം ഗാര്‍ഗ് ആലപിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹത്തോട് പാട്ട് നിര്‍ത്താന്‍ സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു.
ബിഹു സ്റ്റേജില്‍ ഹിന്ദി പാട്ട് ആലപിക്കില്ലെന്ന് ഗായകന് നേരെത്ത ഉറപ്പു നല്‍കിയിരുന്നതായി അഭിപ്രായപ്പെട്ട സംഘാടകര്‍ ഹിന്ദി പാട്ട് പാടില്ലെന്ന കാര്യം ഇവന്റ് മാനേജര്‍മാര്‍ ഉറപ്പു വരുത്തിയിരുന്നുവെന്നും. കരാറിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തി ചെയ്തതിനാലാണ് വിലക്കാന്‍ നിര്‍ബന്ധിതരായതെന്നും പറഞ്ഞു. തങ്ങള്‍ ഒരു ഭാഷക്കും എതിരല്ല. എന്നാല്‍ ബിഹു സ്റ്റേജ് ഹിന്ദി പാട്ട് പാടാനുള്ളതല്ലെന്നും സമ്മേളനം പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ഹിന്ദി നമ്മുടെ രാഷ്ട്ര ഭാഷയാണെന്നു പറഞ്ഞ ഗാര്‍ഗ് ഹിന്ദി, അസമീസ്, ബംഗാളി തുടങ്ങി മറ്റു ഭാഷകളെല്ലാം സംസ്കൃതത്തില്‍ നിന്നാണ് ഉണ്ടായതെന്നും ഏത് ഭാഷയില്‍ പാടണമെന്നത് ഗായകന്റെ താത്പര്യമാണെന്നും പ്രതികരിച്ചു.
Post Your Comments