പ്രവീണ്‍.പി നായര്‍
എല്ലാത്തരം സിനിമകളും മലയാളി പ്രേക്ഷകര്‍ക്ക് കാഴ്ചയാക്കി മിടുക്ക് കാട്ടിയ കലാകാരനാണ് രഞ്ജിത്ത്. പ്രാഞ്ചിയേട്ടനും, ഇന്ത്യന്‍ റുപ്പിയും സ്പിരിറ്റുമൊക്കെ കയ്യടി നേടിയ ഹിറ്റ് ചിത്രങ്ങളായിരുന്നു. താരത്തെ ഉപയോഗപ്പെടുത്തുന്ന ശൈലിയില്‍നിന്ന് മാറ്റമുള്‍ക്കൊണ്ടാണ് രഞ്ജിത്ത് ഇത്തരം സിനിമകള്‍ ഒരുക്കിയിട്ടുള്ളത്. ‘ദേവാസുരം’ പോലെ ക്ലാസും, മാസും ഒരു സിനിമയില്‍ ലയിപ്പിച്ച രഞ്ജിത്ത് മലയാളത്തില്‍ ഇന്നും ഇടവേളകളില്ലാതെ സിനിമയെടുക്കുന്നുണ്ട്. സമീപകാലത്തെ രഞ്ജിത്ത് ചിത്രങ്ങളില്‍ പലതും പ്രേക്ഷകര്‍ക്കിടെയില്‍ വിമര്‍ശനങ്ങളാല്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഉണ്ണി.ആറിന്റെ ചെറുകഥയായ ‘ലീല’യുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു രഞ്ജിത്തിന്റെ പോയവര്‍ഷത്തെ സംഭാവന. ഒരുകൂട്ടം നിരൂപകരാല്‍ വിമര്‍ശിക്കപ്പെട്ട ചിത്രം തിയേറ്ററില്‍ പൂര്‍ണ്ണപരാജയം ഏറ്റുവാങ്ങിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ‘ലോഹ’വും പ്രേക്ഷക ക്ഷമ പരീക്ഷിച്ച ബോറന് ചലച്ചിത്രാവിഷ്കാരമായിരുന്നു.
പഴയ പ്രതാപത്തിന് മങ്ങലേറ്റെന്ന് തെളിയിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രഞ്ജിത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. അവസാനമായി മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്ത ചിത്രവും തിയേറ്ററില്‍ ആളനക്കം കൂട്ടാതെ കടന്നുപോയതാണ്. ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുന്ന രഞ്ജിത്തിന്റെ പുത്തന്‍ചിത്രമാണ് ‘പുത്തന്‍പണം’.
ഇന്ത്യന്ഗവണ്മെന്റിന്റെ നോട്ട് നിരോധനത്തെ മുന്‍നിര്‍ത്തി രഞ്ജിത്ത് പറയാന്‍ ശ്രമിച്ച വിഷുക്കാല ചിത്രം വിഷുവിനും മുന്‍പേ തിയേറ്ററില്എത്തിയിരുന്നു. സമകാലീന വിഷയമാണ് പറയപ്പെടാന്പോകുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍, എന്നാല്‍ ഇതുമായൊന്നും യാതൊരു ബന്ധവും ഇല്ലാതെയായിരുന്നു ആദ്യ പകുതിയുടെ സഞ്ചാരം. ‘ലോഹം’ പറയപ്പെട്ട അതേ രീതിയില്‍തന്നെ വീണ്ടുമൊരു ഉണര്‍വില്ലാത്ത ആവിഷ്കാരം രഞ്ജിത്ത് പ്രേക്ഷകന് കാഴ്ചയാക്കി മുന്നില്‍വെക്കുകയാണ്. ഇത്രയും എക്സ്പീരിയന്‍സായ ഒരു എഴുത്തുകാരന്റെ സൃഷ്ടി ഇത്രയും ആഴത്തില്‍ താഴുന്നത് കണ്ടിരിക്കാന്‍ ഒരു പ്രേക്ഷകനെന്ന നിലയില്‍ പലപ്പോഴും സാധിക്കുന്നുണ്ടായിരുന്നില്ല!.
ഷാജി കൈലാസ്, ജോഷി, സിബി മലയില്‍ തുടങ്ങിയവരുടെ നിരയിയിലേക്ക് ഇനിമുതല്‍ രഞ്ജിത്തിന്റെ പേരും ധൈര്യമായി ചേര്‍ക്കാം. സിനിമ രൂപപ്പെടുന്ന സമയ പരിധിയാണ് രഞ്ജിത്ത് സിനിമകളുടെ പ്രധാന പ്രശ്നം. നോട്ട് നിരോധനം വന്ന ദിവസം തന്നെയാകാം രഞ്ജിത്ത് ഇത്തരമൊരു സിനിമയെക്കുറിച്ച് പ്ലാന്‍ചെയ്യുന്നത്, മമ്മൂട്ടിയുടെ ഡേറ്റ് രഞ്ജിത്തിനെ പോലെ ഒരാള്‍ക്ക് പെട്ടെന്ന് ലഭ്യമാകുന്ന അവസരത്തില്‍ എഴുതാനുള്ള വെപ്രാളവും വര്‍ദ്ധിക്കും. അങ്ങനെ എന്തൊക്കെയോ വെള്ളപ്പേപ്പറില്‍ വേഗത്തില്‍ എഴുതിപിടിപ്പിക്കും, കാര്യമായ ചിന്തകള്‍ക്കോ ചര്‍ച്ചകള്‍ക്കോ തയ്യാറാകാതെ ഒരു തട്ടികൂട്ട് സിനിമ അതിവേഗം പരുവപ്പെടും. അങ്ങനെ പരുവപ്പെട്ട സിനിമയാണെന്ന് തോന്നുന്നു പുത്തന്‍പണം. ‘തിരക്കഥ’യും ‘പാലേരി മാണിക്യ’വുമൊക്കെ പോലെ ശക്തമായ രചനകള്‍ നടത്തിയ മിടുക്കനായ എഴുത്തുകാരനില്‍നിന്ന് ഇത്തരമൊരു കബളിപ്പിക്കല്‍ സൃഷ്ടി എത്തുമ്പോള്‍ പുശ്ചഭാവം മാത്രമാണ് പ്രേക്ഷകനെന്ന നിലയില്‍ പ്രകടമാക്കാന്‍ തോന്നുന്നത്.
പുത്തന്‍പണത്തിലെ കാസര്ഗോഡ്ഭാഷ ശൈലി മലയാള സിനിമാ പ്രേക്ഷകന് പുത്തന്‍അനുഭവം സമ്മാനിക്കുന്നിടത്തും പ്രേക്ഷകന്റെ ഹൃദയത്തില്‍ സ്പര്‍ശിക്കാതെ കടന്നുപോകുകയാണ് ചിത്രം. സിനിമയുടെ വിപണന തന്ത്രം മുന്‍നിര്‍ത്തി രചനകള്‍ നടത്തിയിട്ടുള്ള രഞ്ജിത്തിനെ പോലെ ഒരാള്‍ക്ക് ഇന്നും അതേ പോലെ ഒരു മാസ് സൃഷ്ടി അവതരിപ്പിച്ച് ബോക്സ്ഓഫീസ് ഹിറ്റ് രചിക്കാന്‍ തീര്‍ച്ചയായും കഴിയും. എന്തുകൊണ്ടോ രഞ്ജിത്ത് അത്തരം ചിത്രങ്ങളില്‍നിന്ന് മാറിനടക്കുകയാണ്. ബുദ്ധി ജീവി ചമഞ്ഞുള്ള ക്ലാസ്-മാസ് അവതരണം സമീപകാലത്തെ ഓരോ രഞ്ജിത്ത് ചിത്രങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്. മമ്മൂട്ടിയെന്ന താരത്തെ കോടികള്‍മുടക്കി സിനിമയിലേക്ക് ക്ഷണിച്ചത് എന്തിനെന്ന ചോദ്യം പുത്തന്‍പണം ബാക്കി നിര്‍ത്തുന്നു. കാരണം 45 മിനിറ്റോളം മമ്മൂട്ടി സ്ക്രീനിലില്ല. ഓടുന്ന സിനിമ പിടിക്കണമെന്ന ചിന്തയോടെയാണ് രഞ്ജിത്തും കൂട്ടരും ഈ സിനിമ ഒരുക്കിയതെന്ന് വ്യക്തമാണ് എന്നിട്ടും താരമൂല്യമുള്ള നടനെ മൂല്യമില്ലാതാക്കി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നു. തുടക്കത്തില്‍തന്നെ പ്രേക്ഷകര്‍ക്ക് ഹരമായി മാറുന്ന നിത്യാനന്ദ ഷേണായിയെ മാറ്റി നിര്‍ത്തിയാണ് രഞ്ജിത്ത് പുത്തന്‍പണം എന്ന കുട്ടിക്കളി അവതരിപ്പിച്ചിരിക്കുന്നത്.
ഒരു തോക്കിന്റെ പിറകെ പോകുന്ന അലസന്സൃഷ്ടിയില് നിത്യാനന്ദ ഷേണായി എന്ന മാസ് പരിവേഷമുള്ളയാളെ രഞ്ജിത്ത് ഒളിപ്പിച്ച് നിര്‍ത്തുന്നു. പഴയ രഞ്ജിത്തിനെ ഓര്‍മിപ്പിച്ചുകൊണ്ട് ചില രംഗങ്ങളിലൊക്കെ നിത്യാനന്ദ ഉശിരന്‍ കാസര്‍ഗോഡ് ഭാഷ പറഞ്ഞു രംഗത്ത് എത്തുന്നുണ്ട്. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’ പോലെ ഇടയ്ക്കു നിത്യാനന്ദ രാജവെമ്പാലയായി അവതരിക്കുന്നത് കാണാം! ചിലപ്പോള്‍ കൂളായി കടന്നു വരും അങ്ങനെ പ്രേക്ഷകനെ ‘രണ്ടര’ മണിക്കൂര്‍ പൊട്ടനാക്കികൊണ്ട് പുത്തന്‍പണത്തിന് രഞ്ജിത്ത് കര്‍ട്ടനിടുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കാര്യമായ ചര്‍ച്ചകളിലേക്ക് കടക്കാതെ തുപ്പാക്കി കൊണ്ടൊരു കുട്ടിക്കളി മാത്രമാണ് രഞ്ജിത്ത് സിനിമയിലുടനീളം അവതരിപ്പിച്ചത്.
കഥാഗതിയില്‍ മര്മ്മമാകാത്ത നിത്യാനന്ദ ഷേണായി മറഞ്ഞു നില്ക്കുന്നിടത്തു പുത്തന്‍പണം അരോചകമാകുന്നു. രഞ്ജിത്തിന്റെ സ്ഥിരം മേക്കിംഗ് രീതി പുത്തന്‍പണത്തെ മുന്നോട്ട് നിര്‍ത്തിയതുമില്ല. പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് ഗംഭീരമാക്കേണ്ട ചിത്രം രഞ്ജിത്ത് തണുപ്പോടെ ചിത്രീകരിച്ചതാണ് തിരിച്ചടിയായത്. കെട്ടുറപ്പുള്ള തിരക്കഥയൊരുക്കി സിനിമ സംവിധാനം ചെയ്തിരുന്ന രഞ്ജിത്ത് ഇത്തവണ വിഷയത്തിന് യോജിക്കുന്ന രീതിയിലുള്ള തിരക്കഥ പരുവപ്പെടുത്താതെ പതറി പോകുന്നുണ്ട്. ‘ലോഹ’മെന്ന സിനിമയിലെ വേറിട്ട ആശയം പ്രേക്ഷകരിലേക്ക് കൃത്യമായി കണക്റ്റ് ചെയ്യാന്‍ കഴിയാതെ പോയതായിരുന്നു പരാജയമെങ്കില്‍ പുത്തന്പണത്തിലെത്തുമ്പോള് നിലവാരം കുറഞ്ഞ ഒരു തോക്ക് കഥ മാത്രമാക്കി രഞ്ജിത്ത് ചിത്രത്തെ ലഘൂകരിച്ചു.ചിത്രത്തിലെ സാരാംശം ഉശിരില്ലാതെ അവതരിപ്പിക്കുകയും കുട്ടികള്‍ തോക്ക് കൊണ്ട് കളിക്കരുതെന്ന സാരോപദേശവും നല്കി ചിത്രം അവസാനിപ്പിക്കുകയും ചെയ്തപ്പോള്‍ പുത്തന്‍പണം ആയുഷ്കാലം പെട്ടിയിലിരിക്കുന്നതായിരുന്നു ഭേദമെന്ന് തോന്നി.
അഭിനയ പ്രകടനം
കാസര്‍ഗോഡ് ഭാഷാ ശൈലിയില്‍ ഗംഭീര ലുക്കുമായി കടന്നു വരുന്ന നിത്യാനന്ദയെ മമ്മൂട്ടി മികച്ചതാക്കിയിട്ടുണ്ട്. ‘രാജമാണിക്യം’ പോലെയുള്ള ചിത്രങ്ങളിലെ ആ തകര്‍പ്പന്‍ മമ്മൂട്ടി തിരികെയെത്തുമെന്ന് ചിത്രത്തിന്റെ തുടക്കത്തില്‍ തോന്നിപ്പിച്ചെങ്കിലും മമ്മൂട്ടിയിലെ നടന് കൂടുതല്‍ മിന്നി തിളങ്ങാനുള്ള സ്പേയിസ് രഞ്ജിത്ത് നല്‍കിയില്ല. നടന് മാമുക്കോയയ്ക്ക് കോഴിക്കോടന്‍ ഭാഷ തന്നെയാണ് ഉചിതം സ്വാഭാവികമായ അഭിനയശൈലി കൈമുതലായുള്ള നടനാണ് മാമുക്കോയയെങ്കിലും കാസര്‍ഗോഡ് ഭാഷ പ്രയോഗം അദ്ദേഹത്തിന് തീരെ ഇണങ്ങുന്നില്ല. ചിത്രത്തിലെ മറ്റൊരു പ്രധാന പ്ലസ്, നടന് ബൈജുവിന്റെ കഥാപാത്രമാണ്. മികച്ച ടൈമിംഗോടെയുള്ള ബൈജുവിന്റെ അഭിനയപ്രകടനം എല്ലാ പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തി. ‘മുത്തു’വെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ഗണപതി, നിരഞ്ജന, ഇന്ദ്രന്‍സ് , ഹരീഷ് പെരുമണ്ണ, പി. ബാലചന്ദ്രന്, സുരേഷ് കൃഷ്ണ, ജോയ് മാത്യൂ, വിജയകുമാര്‍, ഷീലു എബ്രഹാം, ഇനിയ, രഞ്ജി പണിക്കര്‍, സായ്കുമാര്, വിശാഖ് നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
ഷാന്‍ റഹ്മാന്റെ ഗാനങ്ങള്‍ മികച്ചതായി തോന്നിയില്ല, അച്ചു രാജമണിയുടെ പശ്ചാത്തല സംഗീതവും ശരാശരി നിലവാരമേ പുലര്‍ത്തിയുള്ളൂ. മനോഹരമായ ലൊക്കേഷന്‍ കാഴ്ചയാല്‍ ഓം പ്രകാശിന്റെ ഛായാഗ്രഹണം വേറിട്ട് നിന്നു.
അവസാനവാചകം
കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ കുഞ്ഞച്ചന് പറയുന്നൊരു സംഭാഷണമുണ്ട്, “ജോഷി എന്നെ ചതിച്ചാശാനേ” അത് വീണ്ടും ഓര്‍ത്ത് പോകുന്നു. സത്യത്തില്‍ ജോഷിക്ക് മാത്രമല്ല രഞ്ജിത്തിനും ചതിക്കാനറിയാം, പുത്തന്‍പണം അത് തെളിയിക്കുന്നു.
Post Your Comments