കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു മാതാപിതാക്കളെയും സഹോദരിയും യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. നന്തന്‍കോട്ടെ കൂട്ടക്കൊലപാതകത്തില്‍ പ്രതി കേഡല്‍ ആദ്യം നല്കിയ മൊഴിയില്‍ നിറഞ്ഞു നിന്ന ഒരു പദമാണ് സാത്താന് സേവ. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചില മരണങ്ങളുടെ പിന്നില്‍ സാത്താന് സേവയുടെ സൂചനയുണ്ടെന്ന ചില വാര്‍ത്തകള്‍ പത്ര ദൃശ്യമാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുള്ള മലയാളികള്‍ ഇത്രയും ഭീകരമായി ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാല്‍ 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാത്താന് സേവയെ കുറിച്ച് ഒരു ചിത്രം മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത റെയിന്‍ റെയിന്‍ കം എഗെയിന്‍ എന്ന ചിത്രത്തമാണത്.
പരാജയമായിരുന്ന ആ ചിത്രത്തില്‍ ഒരു പിടി പുതുമുഖ താരങ്ങള്‍ അഭിനയിച്ച ആ ചിത്രത്തിന്റെ ഇതിവൃത്തം കോളേജ് വിദ്യാര്‍ത്ഥികള്‍ സാത്താന് സേവയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായിരുന്നു . ചെകുത്താൻ വിശ്വാസികളുടെ കഥകളും വാര്‍ത്തകളും ദിനംപ്രതി പുറത്തുവരുമ്പോള്‍ ഈ ജയരാജ് ചിത്രവും വീണ്ടും ചര്‍ച്ചയാവുകയാണ്. ഇങ്ങനെയൊരു പ്രമേയത്തിലേക്ക് തന്നെ എത്തിച്ച വഴിയെക്കുറിച്ച് സംവിധായകന് ജയരാജ് ഒരു പ്രമുഖ മാധ്യമത്തിനോട് പറയുന്നു.
സാത്താന് സേവയെക്കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് ലഭിക്കുന്നത് സാത്താന് ഡോട്ട് കോം എന്ന ഒരു വെബ്സൈറ്റില്‍ നിന്നാണ്. ഇങ്ങനെയൊരു ആരാധന നടക്കുന്നുവെന്ന് അറിയുന്നത് അപ്പോഴാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ പലയിടത്തും ഇങ്ങനെയൊന്നുണ്ടെന്ന് അറിഞ്ഞു.പ്രധാനമായും കേരളത്തില്‍ കൊച്ചിയിലും മട്ടാഞ്ചേരിയിലും മറ്റുമാണ് ഇതുള്ളതെന്നു അറിഞ്ഞു. ഇത്തരം സംഘങ്ങളില്‍ അംഗങ്ങളായി വരുന്നത് കൂടുതലും ധനികരായിരിക്കുമെന്നും വളരെ ഭ്രാന്തമായ ഒരന്തരീക്ഷമായിരിക്കും അവിടെയുള്ളതെന്നുമുള്ള കേട്ടറിവുകള്‍ ധാരാളം ലഭിച്ചിരുന്നു. അന്ന് ആ ചിത്രം എടുത്തത് ഇത്തരം ഒരു സംസ്കാരം കേരളത്തില്‍ വളര്‍ന്നു വരുന്നുണ്ടെന്നു കാണിക്കാനായിരുന്നു എന്നാല്‍ ഇന്ന് ഈ ടെക്നോളജിയുടെ വികാസ കാലത്തും ഇത്തരം പ്രവണതകള്‍ ശക്തിയാര്‍ജിച്ചു കേരളത്തില്‍ നിലനില്ക്കുന്നുണ്ടെന്നു അറിഞ്ഞപ്പോള്‍ അദ്ഭുതമാണ് തോന്നിയതെന്ന് ജയരാജ് കൂട്ടിച്ചേര്‍ത്തു.
തന്റെ സിനിമ പരാജയമായിരുന്നെങ്കിലും അത് കണ്ട പലരും ഇത് സത്യമാണോ എന്ന് ചോദിച്ചിരുന്നു. സാത്താന് സേവകരുടെ ഹോളി മാസ് നടക്കുന്ന സമയത്ത് ലൂസിഫറിനെയാണ് അവര്‍ ആരാധിക്കുന്നതെന്നും മറ്റും താനും കേട്ടിരുന്നു. എന്നാല്‍ അന്നൊന്നും ഇതിന് വ്യക്തമായ തെളിവുകളില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതീവരഹസ്യമായാണ് ഇവര്‍ ഒത്തുചേരുന്നത്. അതുകൊണ്ട് തന്നെ അവരില്‍ അംഗമായിക്കഴിഞ്ഞ ഒരാള്‍ക്ക് അതില്‍ നിന്നും പുറത്തു കടക്കാന്‍ സാധിക്കില്ല. മാനസികമായി വളരെ വികലമായ ഒരവസ്ഥയിലേക്ക് എത്തിച്ചേരുന്നതിനാലാണ് സ്വന്തം മാതാപിതാക്കളെപോലും കൊലപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് ഒരാള്‍ എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments