Movie Reviews

മേജറില്‍ നിന്ന് മൈനറാകുന്ന പട്ടാളക്കഥ- ‘1971 ബിയോണ്ട് ബോര്‍ഡേഴ്സ്’- നിരൂപണം

പ്രവീണ്‍.പി നായര്‍ 

ഈ അവധിക്കാലം ആഘോഷിക്കാന്‍ മേജര്‍ രവിക്കൊപ്പമാണ് സൂപ്പര്‍താരം മോഹന്‍ലാല്‍ എത്തുന്നത്. ദേശസ്നേഹ കഥകള്‍ പലയാവര്‍ത്തി പറഞ്ഞു കഴിഞ്ഞു മേജര്‍ രവി എന്ന ഫിലിം മേക്കര്‍. ചിലത് ബോക്സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ ചിലത് തഴയപ്പെട്ടു. മേജര്‍ രവിയുടെ ആദ്യ സംവിധാന സംഭരംഭമായ ‘കീര്‍ത്തിചക്ര’ ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ വേഗത്തില്‍ ചേക്കേറിയ സിനിമയായിരുന്നു. ഇദ്ദേഹത്തിന്‍റെ രണ്ടാം ചിത്രം മമ്മൂട്ടിക്കൊപ്പമായിരുന്നു രാജീവ്‌ ഗാന്ധി വധക്കേസ് വിഷയം പ്രമേയമാക്കിയ ‘മിഷന്‍ 90 ഡെയ്സ്’ എന്ന മേജര്‍-മമ്മൂട്ടി ചിത്രം തിയേറ്ററില്‍ വിജയം കുറിച്ചിരുന്നില്ല, പിന്നീടു മിനിസ്ക്രീനില്‍ ചിത്രം കണ്ട പല പ്രേക്ഷകര്‍ക്കും സിനിമ  നന്നായി ബോധിക്കുകയും ചെയ്തു. മൂന്നാം ചിത്രം വീണ്ടും മോഹന്‍ലാലിനൊപ്പമായിരുന്നു സ്വന്തം രാഷ്ട്രത്തിനു വേണ്ടി ജവാന്മാര്‍ നടത്തിയ ജീവന്മരണ പോരാട്ടത്തിന്റെ കഥ കീര്‍ത്തിചക്രയോളം ഭംഗിയായി കുരുക്ഷേത്രയിലും മേജര്‍ രവി ആവിഷ്കരിച്ചു. ഈ ചിത്രവും കീര്‍ത്തിചക്ര പോലെ വിജയം ആവര്‍ത്തിച്ചു.
പക്ഷേ പിന്നെടെത്തിയ ഒരു മേജര്‍ രവി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കും പ്രദര്‍ശനശാലകളെ കാര്യമായി ഇളക്കിമറിക്കാന്‍ കഴിഞ്ഞില്ല. പൃഥ്വിരാജുമായി ഒന്നിച്ച ‘പിക്കറ്റ് 43’ മാത്രമായിരുന്നു അവയില്‍നിന്നെല്ലാം ആശ്വാസമായത്. ‘കാണ്ഡഹാറും’, ‘കര്‍മ്മയോദ്ധ’യും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച ചിത്രങ്ങളായിരുന്നു. അവതരണത്തിലെ പുതുമയില്ലായ്മയും, തിരക്കഥയിലെ പാളിച്ചയും ഇരു ചിത്രങ്ങളെയും പ്രേക്ഷകരില്‍ നിന്ന് അകറ്റി നിര്‍ത്തി. സൂപ്പര്‍താരം അമിതാഭ് ബച്ചനെ മോളിവുഡിന്‍റെ ഭാഗമാക്കിയിട്ടും ബോക്സോഫീസില്‍ മേജര്‍ രവിയുടെ ‘കാണ്ഡഹാര്‍’ രക്ഷപ്പെടാതെ പോയി. ഒടുവിലെത്തിയ മേജര്‍ രവിയുടെ ‘പിക്കറ്റ് 43’ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇന്ത്യന്‍ പട്ടാളക്കാരന്‍റെയും പാകിസ്ഥാന്‍ പട്ടാളക്കാരന്റെയും സൗഹൃദകഥ പറഞ്ഞ ഈ മേജര്‍ രവി ചിത്രം സാധാരണ പ്രേക്ഷകര്‍ക്കിടെയിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു.

1971-ലെ ഇന്ത്യ-പാക് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് മേജര്‍ രവി ‘1971 ബിയോണ്ട് ബോര്‍ഡേഴ്സ്’ ഒരുക്കിയത്. മമ്മൂട്ടിയുടെ കഥാഖ്യാനത്തോടെ തുടങ്ങിയ ചിത്രത്തിന്‍റെ ടൈറ്റില്‍ ദൃശ്യങ്ങള്‍ പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്ന രീതിയിലായിരുന്നു മേജര്‍ രവി അവതരിപ്പിച്ചത്. മേജര്‍ മഹാദേവന്‍ ജോര്‍ജിയയില്‍ നടത്തുന്ന പോരാട്ടത്തോടെയാണ് ചിത്രത്തിന് ആരംഭമാകുന്നത്. വാറില്‍ ചിത്രം സ്റ്റാര്‍ട്ട് ചെയ്യുന്നതിനാല്‍ പ്രേക്ഷകര്‍ക്ക് ഉന്മേഷം പകര്‍ന്നുകൊണ്ടാണ് ബിയോണ്ട് ബോര്‍ഡേഴ്സ് സ്ക്രീനില്‍ ചലിച്ചു തുടങ്ങിയത്.

മേജര്‍ മഹാദേവനില്‍ നിന്ന് മേജര്‍ സഹദേവന്റെ കഥയിലേക്ക് കൂട് മാറുന്ന ചിത്രം പിന്നീടു കുറെ നേരം നാട്ടിന്‍പുറ കാഴ്ചകളിലേക്കാണ് കടന്നു ചെല്ലുന്നത്. അച്ഛനില്‍ നിന്ന് മകന്‍റെ കഥകളിലേക്കാണ് സിനിമയുടെ രണ്ടാം ഭാഗങ്ങള്‍ സാധാരാണയായി സഞ്ചരിക്കാറുള്ളത്. എന്നാല്‍ ഇവിടെ നേരെ മറിച്ചാണ്, മകനില്‍ നിന്ന് അച്ഛന്റെ കഥയിലേക്ക്‌ തിരികെ നടക്കുകയാണ് ‘ബിയോണ്ട് ബോര്‍ഡേഴ്സ്’.

മേജര്‍ സഹദേവനും കൂട്ടരും രാജ്യത്തിന്‌ വേണ്ടി പോരാട്ടം നടത്തുന്നതിനു മുന്‍പ് ആദ്ദേഹത്തിന്‍റെ ‘അലമ്പ്’ സ്വഭാവം പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കാനുള്ള മേജര്‍ രവിയുടെ ശ്രമമാണ് ചിത്രത്തിന്‍റെ തുടക്കത്തില്‍ അരമണിക്കൂറോളം പ്രേക്ഷകന് കാഴ്ചയാക്കുന്നത്. മേജര്‍ സഹദേവനെ പ്രേക്ഷകരുമായി കോര്‍ത്തിണക്കാനുളള സംവിധായകന്‍റെ പരിശ്രമം തുടക്കത്തില്‍ തന്നെ പാളിയെന്ന് പറയാം. അമ്പലത്തിലെ ഉത്സവും, സഹദേവന്‍റെ കൂട്ടുകാരുമൊത്തുള്ള രംഗ ചിത്രീകരണവുമൊക്കെ ഏല്‍ക്കാതെ പോകുന്നിടത്തത് മേജര്‍ രവി എന്ന സംവിധായകന്‍ മൈനറാകുന്നു. നാട്ടിലല്‍പ്പം ചുറ്റിക്കളികളൊക്കെയുള്ള സഹദേവന്‍ ചട്ടമ്പിയാണെന്ന് പ്രേക്ഷകനെ ബോധ്യമാക്കാന്‍ ഇരയായി ഇട്ടുകൊടുക്കുന്നത് വേഷം കെട്ടിയിരിക്കുന്ന പാവമൊരു കഥകളികാരനെയാണ്. ചിത്രത്തിന്‍റെ നിലാവരത്തകര്‍ച്ച അവിടെ നിന്നേ ആരംഭിച്ചിരിക്കുന്നു. പിന്നീട് സ്നേഹനിധിയായ കുടുംബനാഥനിലേക്ക് വഴി മാറുന്ന ലാല്‍ കഥാപാത്രം ഒരല്‍പനേരം അച്ഛനായും നല്ല ഭര്‍ത്താവായും മാറുന്നു. സമരമുഖത്തേക്ക് തിരികെയെത്തണമെന്ന ഓര്‍ഡര്‍ വരുന്നതോടെ സഹദേവന്‍ മകനോട്‌ യാത്ര പറയാതെ യാത്രയാകുന്നു. ഇവിടെ നിന്ന് പിന്നീട് ജവാന്‍മാരുടെ പോരാട്ടത്തിന്‍റെ കഥയാണ് മേജര്‍ രവി പ്രേക്ഷകന് അടര്‍ത്തി തരുന്നത്. ‘കീര്‍ത്തിചക്ര’യിലും, ‘കുരുക്ഷേത്ര’യിലും, ‘പിക്കറ്റ് 43’യിലുമൊക്കെ കണ്ട അതേ ആവിഷ്കാരം കോപ്പി പേസ്റ്റ് ചെയ്ത സംവിധായകന്‍ പ്രേക്ഷകരിലേക്കാണ് പിന്നീട് നിറയൊഴിക്കുന്നത്. സഹ പ്രവര്‍ത്തകരെ ശ്വാസിക്കുന്ന സഹദേവനായും, അവര്‍ക്ക് കരുത്തായി പോരാട്ടത്തിനു തയ്യാറെടുപ്പിക്കുന്ന സിംഹ ഗര്‍ജ്ജനമുള്ള സഹദേവനായും മേജര്‍ മാഹാദേവന്‍റെ നേര്‍പകര്‍പ്പാകുകയാണ് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം. ഇവരുടെ ടീമിന്‍റെ മുന്‍കാല ചിത്രങ്ങള്‍ കയ്യടിയോടെ സ്വീകരിച്ച  പ്രേക്ഷകര്‍ക്ക് കാര്യമായ കയ്യടിക്ക് ഇട നല്‍കാതെ പൂര്‍ണ്ണമാകുകയാണ് ‘1971 ബിയോണ്ട് ബോര്‍ഡേഴ്സ്’ എന്ന മേജര്‍ രവി ചിത്രം. പട്ടാളക്കഥകള്‍ പലയാവര്‍ത്തി പറയുന്നതില്‍ പ്രശ്നമില്ല, പറയപ്പെടുന്ന പട്ടാളക്കഥയുടെ രംഗ ചിത്രീകരണങ്ങള്‍ സമാനമായ രീതിയില്‍ ദൃശ്യവത്കരിക്കാതിരിക്കാനുള്ള ശ്രമമായിരുന്നു മേജര്‍ രവിയില്‍ നിന്ന് വരേണ്ടിയിരുന്നത്. അതിര്‍ത്തിയിലെ പോരാട്ടത്തിന്‍റെ കഥ നല്ലൊരു തിരക്കഥയാക്കി സ്ക്രീനില്‍ പകര്‍ത്താന്‍ ഇത്തവണ മേജര്‍ രവിയ്ക്കായിട്ടില്ല. മലയാള സിനിമയില്‍ നൂതനമായ സാങ്കേതിക വിദ്യ ലഭ്യമാകുന്ന  അവസരത്തിലും മേജര്‍ രവി അതൊന്നും തന്‍റെ സിനിമയിലേക്ക് കാര്യമായി പരിഗണിച്ചില്ല.

ചിത്രത്തിന്‍റെ തിരക്കഥ താളം തെറ്റുന്ന അവസരത്തിലും മേക്കിംഗ് ശൈലികൊണ്ട് ചിത്രത്തെ മുന്നോട്ടു വലിക്കാനും മേജര്‍ രവിക്ക് സാധിച്ചില്ല. ‘ഓപ്പറേഷൻ ചങ്കിസ് ഖാൻ’ എന്നറിയപ്പെട്ട 1971-ലെ ഈ ഇന്ത്യ-പാക് യുദ്ധത്തെ സംവിധായകന്‍ സ്ക്രീനിലേക്ക് പകര്‍ത്തിയത് തണുപ്പോടെയാണെന്ന് പറയേണ്ടി വരും, യുദ്ധ പോരാട്ടങ്ങളെക്കാള്‍ മാനുഷിക ബന്ധത്തിന് സ്പേസ് നല്‍കുന്ന ചിത്രം യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന സന്ദേശമാണ് പകുത്തു നല്‍കുന്നത്. ജീവിതത്തിലെ പ്രിയപ്പെട്ടവരെ ഉപേക്ഷിച്ച് രാജ്യത്തിന്‌ വേണ്ടി പോരാടുന്ന ജവാന്മാര്‍ പരസ്പരം വേദനയുടെ കെട്ടുപൊട്ടിക്കുമ്പോള്‍ അറിയാതെ കണ്ണ്‍ നിറയേണ്ടതാണ്.പക്ഷെ ഇവിടെ മേജര്‍ രവിയുടെ ആവിഷ്കാരം അതിനൊന്നും അവസരം നല്‍കിയിട്ടില്ല. ഇമോഷണല്‍ സീനുകള്‍ ഏറെയുണ്ടെങ്കിലും അതൊന്നും ഹൃദയസ്പര്‍ശിയായി മനസ്സില്‍ നിറയാതെ കടന്നുപോയത് എഴുത്തിലെ അപാകത തന്നെയാണ്. ഇന്ത്യൻ ചരിത്രത്തിലെ അതിപ്രാധാനമായ ഒരു വിഷയം സിനിമയാക്കി മാറ്റിയിട്ടും പ്രേക്ഷകനെ ഒരര്‍ഥത്തിലും തൃപ്തിപ്പെടുത്താന്‍ മേജര്‍ രവി എന്ന സൂത്രധാരന് കഴിഞ്ഞില്ല. ചിത്രത്തില്‍ ക്ലീഷേകള്‍ തുന്നിചേര്‍ക്കാനും സംവിധായകന്‍ മറന്നിട്ടില്ല. മേജര്‍ സഹദേവന്റെ സഹപ്രവര്‍ത്തകര്‍ രക്തസാക്ഷിയാകുന്ന ചിത്രീകരണ കാഴ്ചയൊക്കെ മേജര്‍ രവി മുന്‍ സിനിമകളിലും സമാനമായ രീതിയില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്.

ഇടവേളയ്ക്ക് തൊട്ടുമുന്‍പുള്ള സഹദേവന്റെ തകര്‍പ്പന്‍ സംഭാഷണവും, മറ്റു പട്ടാളക്കാരോട് സഹദേവന്‍ പെരുമാറുന്ന പെരുമാറ്റ രീതിയുമൊക്കെ ചിത്രത്തിന്‍റെ പ്ലസ്‌ ആണെന്നതില്‍ തര്‍ക്കമില്ല . ‘മുഹമ്മദ്‌ അക്രം രാജ’ എന്ന പാകിസ്ഥാന്‍ ജവാന്‍റെ ദാമ്പത്യ രംഗ ചിത്രീകരണവും മനോഹരമായിരുന്നു. ചിത്രത്തിന്‍റെ അവസാന ഭാഗത്തെ  വാര്‍ സീനുകളില്‍ അസ്വഭാവികത തോന്നിയെങ്കിലും പ്രേക്ഷകരിലേക്ക് ഒരു പവര്‍ സന്നിവേശിപ്പിക്കാന്‍ മേജര്‍ രവിയ്ക്ക് അവസാന നിമിഷങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്. മേജര്‍ സഹദേവനും അക്രം രാജയും തമ്മില്‍ നടത്തുന്ന വെല്ലുവിളികളൊക്കെ പ്രേക്ഷകനെ കയ്യടിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. അല്ലു സിരീഷ് എന്ന കഥാപാത്രത്തിന്‍റെ ചിന്മയ് എന്ന കഥാപാത്രത്തെ പാക് സൈന്യം കീഴ്പ്പെടുത്തുന്ന രംഗ ചിത്രീകരണവും മേജര്‍ രവിയുടെ കൈകളില്‍ ഭദ്രമായിരുന്നു.

‘അഭിനയ പ്രകടനം’

കീര്‍ത്തി ചക്രയിലെയും കുരുക്ഷേത്രയിലെയുമൊക്കെ മഹാദേവന്റെ അതേ ഉശിര് മേജര്‍ സഹദേവനിലും പ്രകടമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ലാല്‍ അഭിനയം ഒട്ടും നിറം മങ്ങാതെ ജ്വലിക്കുന്നുണ്ട്, മലയാള സിനിമയിലെ പുത്തന്‍ സംവിധായകര്‍ക്കൊപ്പം ചേര്‍ന്ന് അടുത്തിടെയായി ഹിറ്റ് കൊയ്തെടുത്ത മോഹന്‍ലാല്‍ സൗഹൃദത്തിന്‍റെ പേരിലും അടുപ്പത്തിന്‍റെ പേരിലുമൊക്കെ പഴയ മടയിലേക്ക് വീണ്ടും തിരിച്ചു കയറുന്നത് അപകടകരമാണ്.
പുലിമുരുകനും, മുന്തിരിവള്ളിയുമൊക്കെ സമ്മാനിച്ച പുതിയ വഴിയില്‍ സഞ്ചാരം നടത്തുന്ന മോഹന്‍ലാലിനെയാണ് ഇനി മലയാളികള്‍ക്ക് ആവശ്യം.

അമ്യൂല്‍ ബേബികളെ പോലെയായിരുന്നു നടന്‍ അല്ലു സിരീഷിന്റെ ചിത്രത്തിലെ പ്രകടനം, അല്ലു സിരീഷില്‍ ഒരു ജവാന്റെ ശരീരഭാഷ തീരെ ഇണങ്ങാതെ പോയി. ചിത്രത്തിലെ പാകിസ്ഥാനി പട്ടാളക്കാരനായി എത്തിയ അരുണോദയ് സിംഗിന്റെ പ്രകടനം പ്രേക്ഷകര്‍ക്കിടെയില്‍ ശ്രദ്ധിക്കപ്പെട്ടേക്കാം, കരുത്തുറ്റ അഭിനയം പ്രകടമല്ലെങ്കിലും ഈ കഥാപാത്രത്തെ മേജര്‍ രവി നന്നായി  പ്രയോജനപ്പെടുത്തിയത് ഈ നടന് കാര്യമായി ഗുണം ചെയ്യും.
ആശാ ശരത്‌, രഞ്ജി പണിക്കർ, മണിക്കുട്ടൻ, സുധീർ കരമന, സൈജു കുറുപ്പ്‌, ദേവന്‍, കണ്ണന്‍ പട്ടാമ്പി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍.

നജീം അർഷാദ്‌, രാഹുൽ സുബ്രഹ്മണ്യൻ, സിദ്ധാർത്ഥ്‌ വിപിൻ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തി. എം.ജി ശ്രീകുമാര്‍ ആലപിച്ച ‘ഒരുവാക്കിനാൽ’ എന്ന ഗാനം ഭേദപ്പെട്ടതായിരുന്നു. അല്ലു സിരീഷും പ്രണയിനിയും തമ്മിലുള്ള ‘പേസിപ്പോകുത്‌..’എന്ന ഗാനം അരോചകമായിരുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തല ഈണം പലയിടത്തും മികവ് പുലര്‍ത്തിയിട്ടുണ്ട്. ചിത്രത്തിന്റെ അവസാനഭാഗത്ത് ഗാനത്താല്‍ കേട്ട പശ്ചാത്തല ഈണം ഗംഭീരമായിരുന്നു. സുജിത് വാസുദേവിന്റെ ഛായാഗ്രഹണം നിലവാരമുള്ളതായിരുന്നു.കോസ്റ്റ്യൂം,മേക്കപ്പ് തുടങ്ങിയ വിഭാഗങ്ങളും പ്രശംസ അര്‍ഹിക്കുന്നുണ്ട്, മോഹന്‍ലാലിന്റെ 80-ചെന്ന വയസ്സന്‍ വേഷത്തിന്‍റെ ചമയം ഓവര്‍ ആക്കാതെ ചെയ്തിട്ടുണ്ട്.

അവസാന വാചകം

കര്‍മ്മയോദ്ധയും, കാണ്ഡഹാറുമൊക്കെ നല്‍കിയ കറുത്ത ഓര്‍മ്മകള്‍ മറന്നാണ് പ്രേക്ഷകര്‍ മേജര്‍ രവി -മോഹന്‍ലാല്‍ ടീമിന്‍റെ ചിത്രത്തിന് ടിക്കറ്റ് എടുത്തത്. ‘വന്ദേമാതരം എന്ന് ഉറക്കെ വിളിച്ചു കൊണ്ട് തന്നെ പറയട്ടെ ‘മേജര്‍ രവി ഇത്തവണയും പ്രേക്ഷകരെ നിരാശപ്പെടുത്തി’.

shortlink

Related Articles

Post Your Comments


Back to top button