തെന്നിന്ത്യയിലെ മികച്ച അഭിനേത്രിയായ കന്നട നടിയാണ് വിനയ പ്രസാദ്. നായികവേഷത്തിലും അമ്മ വേഷത്തിലും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ ഈ അഭിനേത്രി മലയാളികള്‍ക്ക് ശ്രീദേവിയാണ്. കാരണം മണിച്ചിത്രത്താഴിലെ ശ്രീദേവിയെന്ന കഥാപാത്രത്തെയാണ് വിനയ പ്രസാദ് എന്ന നടിയുടെ പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ ഓര്‍ക്കുക.
അഭിനയത്തിന് പുറമെ മറ്റൊരു ചുവടുവെപ്പുമായി മുന്നോട്ട് എത്തുകയാണ് നടിയിപ്പോള്‍. വിനയയുടെ അടുത്ത ലക്ഷ്യം സംവിധാനമാണ്. ‘ലക്ഷ്മി നാരായണാര പ്രപാഞ്ചനേ ബേരേ’ എന്ന് പേരിട്ടിരിക്കുന്ന കന്നഡ ചിത്രത്തിലാണ് നടി സംവിധായകയാവുന്നത്.ഏപ്രില്‍ 20 ന് ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രത്തിന് വിനയയുടെ ഭര്‍ത്താവ് ജ്യോതി പ്രകാശാണ് തിരക്കഥയെഴുതിയിരിക്കുന്നത്.
ഈ സിനിമ തനിക്കൊരു ചലഞ്ചാണെന്നു പറയുന്ന നടി തനിക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവും നല്ലൊരു ടെക്നിക്കല്‍ ടീമും കൂടെയുണ്ടെന്നും അഭിപ്രായപ്പെടുന്നു. സംവിധാനത്തിലെ അരങ്ങേറ്റ ചിത്രമായതിനാല്‍ ബജറ്റ് കുറഞ്ഞൊരു കോമഡി സിനിമയാണ് തയ്യാറാക്കുന്നതെന്നും നടി പറയുന്നു. ചിരിയുടെ മാലപ്പടക്കം പ്രേക്ഷകരില്‍ തീര്‍ക്കാന്‍ സിനിമക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് താരം. സിനിമയില്‍ ആക്ഷന്‍ രംഗങ്ങളൊന്നുമില്ലെന്നും നല്ലൊരു സോഷ്യല്‍ മെസേജ് സിനിമ നല്‍കുമെന്നും വിനയ പറയുന്നു.
Post Your Comments