CinemaIndian CinemaMollywoodNEWSNostalgia

ഈ പാട്ട് കേട്ടാല്‍ മോഹന്‍ലാലിന് വല്ലാത്ത ദേഷ്യം വരും; ഇന്നസെന്റ് വെളിപ്പെടുത്തുന്നു

പ്രേക്ഷക ശ്രദ്ധനേടിയ ഒരു ടെലിവിഷന്‍ പരിപാടിയാണ് ബഡായി ബംഗ്ലാവ്. ഈ പരിപാടിയില്‍ അതിഥിയായി വന്ന ഇന്നസെന്റ് സിനിമാ ലോകത്തെ സൗഹൃദങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ടോണിക്കുട്ടാ… എന്ന് പറഞ്ഞ് അവസാനിക്കുന്ന പാട്ട് ഉണ്ടായതെങ്ങെയാണെന്ന് വെളിപ്പെടുത്തുന്നു.

സിനിമയില്‍ സജീവമാകുന്നതിനു മുന്പ് ശിവകാശിയില്‍ തനിക്കൊരു തീപ്പെട്ടി കമ്പനി ഉണ്ടായിരുന്നു. ആ സമയത്ത് ശിവകാശിയില്‍ പോയി വരുന്ന യാത്രയ്ക്കിടയില്‍ എവിടെ നിന്നോ കേട്ട ഒരു പാട്ടാണ് അഴകാന നീലിമയില്‍ പരുപോലെ ഓടിവരും… ചന്ദിരിക്കാ .. എന്ന് തുടങ്ങുന്ന വരികള്‍. ചന്ദ്രിക സോപ്പിനെ കുറിച്ചുള്ളള ഒരു പാട്ടായിരുന്നു അത്.

ഒരിക്കല്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും മോഹന്‍ലാലും താനും കൂടി ഒരു കാറില്‍ യാത്ര ചെയ്യുകയാണ്. മോഹന്‍ലാലിന് പനിയാണെന്ന് പറഞ്ഞു. തമാശ പറഞ്ഞു ചിരിച്ചുകൊണ്ടുള്ള ആ യാത്രയില്‍ താനെന്തോ പറഞ്ഞപ്പോള്‍ ലാല്‍ ചിരിച്ചില്ല. പ്ലീസ് കോമഡി അധികം വേണ്ട എന്ന് ലാല്‍ പറഞ്ഞു. അത് തനിക്ക് അത്ര പിടിച്ചില്ല. ആ സമയത്ത് താന്‍ ചന്ദ്രിക സോപ്പിന്റെ ആ പാട്ടിനെ അഴകാന നീലിമയില്‍ പരുപോലെ ഓടിവരും… മോഹന്‍ലാല്‍ എന്ന് മാറ്റി പാടി. അപ്പോള്‍ ദേഷ്യം വന്ന ലാല്‍ കഴുത്തിന് പിടിച്ചിട്ട്, ‘ചേട്ടാ എന്ന് വിളിച്ച നാവുകൊണ്ട് എന്നെ വേറെ ഒന്നും വിളിപ്പിക്കരുത്. മാത്രമല്ല ഈ പാട്ട് ഇവിടെ വച്ച് തന്നെ മറക്കണം’ എന്നും പറഞ്ഞു.

പിന്നീട് എപ്പോഴൊക്കെ താന്‍ ഈ പാട്ട് പാടുന്നുവോ അപ്പോഴൊക്കെ മോഹന്‍ലാലിന് വല്ലാത്ത ദേഷ്യം വരുമെന്നും ഇന്നസെന്റ് പറയുന്നു. അങ്ങനെ നമ്പര്‍ 20 മദ്രാസ് മെയിലിന്റെ സമയത്ത് ട്രെയിന്‍ അകത്ത് ഷൂട്ടിംഗ് നടക്കുന്നു. ഏതെങ്കിലുമൊരു പഴയ പാട്ട് ലാലിനെ നോക്കി പാടാന്‍ സംവിധായകന്‍ ജോഷി പറഞ്ഞു. മോഹന്‍ലാലും പറഞ്ഞു പഴയ ഏതെങ്കിലും പാട്ട് പാട് എന്ന്. താന്‍ പാടാം, ഓകെ ആണെങ്കില്‍ ഓകെ പറയണം എന്ന് പറഞ്ഞിട്ട് താന്‍ ‘അഴകാന നീലിമയില്‍ പരുപോലെ ഓടിവരും .. ടോണിക്കുട്ടാ’ എന്ന് പാടി. മോഹന്‍ലാല്‍ ആകെ തന്നെ തുറിച്ച് നോക്കി.. എന്നാല്‍ പാട്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ ജോഷി ഈ പാട്ട് തന്നെ മതി ചിത്രത്തില്‍ എന്ന് ഉറപ്പിച്ചു.

ഇപ്പോഴും ഈ പാട്ടിന്റെ ആദ്യത്തെ വരി പാടിത്തുടങ്ങുമ്പോള്‍ തന്നെ മോഹന്‍ലാലിന് ദേഷ്യമാണത്രെ. എന്നാല്‍ അതെന്തുകൊണ്ടാണെന്ന് തനിക്കറിയില്ലയെന്നും ഇന്നസെന്റ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button