സിനിമയില്‍ അഭിനയമികവുള്ളവരെയും മികച്ച ചിത്രങ്ങളെയും എല്ലാവരും അംഗീകരിക്കും. അവിടെ ഭാഷയും ദേശവും പ്രശ്നമല്ല. അതിനു തെളിവാണ് ഏതാനും ദിവസം മുന്‍പ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ താന്‍ ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും മികച്ച സിനിമയാണെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന് അനുരാഗ് കാശ്യപ് പറഞ്ഞത്. മലയാളത്തില്‍ തനിക്ക് പ്രിയങ്കരനായ ഒരു യുവനടന് ഉണ്ടെന്ന് പറയുകയാണ് ബോളിവുഡിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമൊക്കെയായ വിധു വിനോദ് ചോപ്ര.
ദുല്‍ഖര്‍ സല്‍മാനാണ് പുതുതലമുറയില്‍ വിധുവിന്റെ ശ്രദ്ധ പിടിച്ച മലയാളി നടന്. കൊച്ചിയില്‍ ബിനാലെ കാണാനെത്തിയപ്പോഴാണ് വിധു മലയാളത്തില്‍ താന്‍ ശ്രദ്ധിക്കാറുള്ള യുവനടനെക്കുറിച്ച് പറഞ്ഞത്. ദുല്‍ഖര്‍ അഭിനയിച്ച മികച്ച ചില സിനിമകള്‍ താന്‍ കണ്ടിട്ടുണ്ട്. ഗംഭീരമായിരുന്നു അവ. അതിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ദുല്‍ഖറിനെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും വിധു വിനോദ് പറയുന്നു.
കൊച്ചിയില്‍ ബിനാലയില്‍ പങ്കെടുക്കാന്‍ എത്തിയ സമയം അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ താന്‍ കൊച്ചിയിലെത്തിയപ്പോള്‍ അദ്ദേഹം ബോംബൈയില്‍ ആയിരുന്നുവെന്നും അതിനാല്‍ കാണാനായില്ലെന്നും വിധു പറയുന്നു. ഡെക്കാന്‍ ക്രോണിക്കലിലാണ് വിധു ഇത് പറയുന്നത്. ദുല്‍ഖറിനൊപ്പം ഒരു ചിത്രം ആഗ്രഹമാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
മലയാളിയായ ബോളിവുഡ് സംവിധായകന് ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘വസീറാ’ണ് വിധു വിനോദ് ചോപ്ര അവസാനം നിര്‍മ്മിച്ച ചിത്രം. പികെ, 3 ഇഡിയറ്റ്സ്, മുന്നാഭായി എംബിബിഎസ് തുടങ്ങി ഒട്ടനവധി ശ്രദ്ധേയ ചിത്രങ്ങളുടെ പിന്നണിയില്‍ വിധുവുണ്ട്.
Post Your Comments