Movie Reviews

അരുതേ…പ്രേക്ഷകരോട് ഈ കൊടും ചതി ‘ഹണീ ബി 2’ നിരൂപണം

പ്രവീണ്‍.പി നായര്‍ 

വാണിജ്യവിജയവും കലാമൂല്യവും ഉയര്‍ത്തിപ്പിടിച്ച് മലയാള സിനിമ മുന്നേറുന്ന അവസരത്തിലാണ് ജൂനിയര്‍ ലാല്‍ വീണ്ടും ഹണീബി ലഹരിയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്‌ എത്തിയത്. ഹണീബിയുടെ ആദ്യ ഭാഗത്തിലെ അതേ താരങ്ങളെ ഉപയോഗിച്ചാണ് ജീന്‍ പോള്‍ ലാല്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗം ഒരുക്കിയത്. ‘എയ്ഞ്ചല്‍’ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് തന്‍റെ കാമുകനായ സെബാനൊപ്പം ഒളിച്ചോടുന്നതാണ് ഹണീബിയുടെ ആദ്യ ഭാഗം. കൊച്ചിയുടെ പശ്ചാത്തലത്തില്‍ കോമഡി ചേര്‍ത്ത് വിളമ്പിയ ഈ ചിത്രം അന്ന് തിയേറ്ററില്‍ ആളെ കൂട്ടിയിരുന്നു. രണ്ടു മണിക്കൂറില്‍ ഒരു ബോറഡിയും ഇല്ലാതെ ഒതുക്കി പറഞ്ഞ ചിത്രം ആസ്വാദകര്‍ക്ക് നന്നേ രസിച്ചിരുന്നു. ദ്വയാർത്ഥ പ്രയോഗങ്ങളും, അശ്ലീല സംഭാഷണങ്ങളും ഗൗനിക്കാതെ പ്രേക്ഷകര്‍ ആഘോഷമാക്കിയ സിനിമയായിരുന്നു ഹണീബീ. ജീന്‍ പോള്‍ ലാല്‍ തന്നെ രണ്ടാം ഹണീബിയുടെ മുഖ്യ സൂത്രധാരനായപ്പോള്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം ലാല്‍ ആണ്.

ഒരു സിനിമയുടെ വിജയത്തില്‍ നിന്ന് കിട്ടുന്ന ആത്മവിശ്വാസമാണ് അതിന്‍റെ രണ്ടാം ഭാഗം പറയാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. പുതു തലമുറയിലെ മിക്ക സംവിധായകരും ഒരു സിനിമയുടെ രണ്ടാം ഭാഗത്തിലേക്ക് കാലു വെയ്ക്കുന്നത് അപൂര്‍വ്വമാണ്. ഒന്നില്‍ പറഞ്ഞവസാനിപ്പിക്കുന്നത് അവിടെ തീരണമെന്നാഗ്രഹിക്കുകയും അടുത്തത് മറ്റൊരു മാറ്റമുള്ള ചിത്രം പറയണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് മിക്ക സംവിധായകരും. ഏതെങ്കിലും ഒരു സിനിമകളുടെ രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന വാര്‍ത്ത പരന്നാല്‍ പ്രേക്ഷകര്‍ക്കിടെയില്‍ പുശ്ചമാണ്. എത്ര നല്ല സിനിമയായാലും ഭൂരിപക്ഷം സിനിമാ പ്രേമികളും ഒരു സിനിമയുടെയും രണ്ടാം ഭാഗം കാണാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ലാല്‍ ജൂനിയര്‍ ഹണീബിയുടെ രണ്ടാമത്തെ കഥ പറയാനായി തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത പ്രേക്ഷകരില്‍ ഇഷ്ടകൂടുതലാണ് ഉണ്ടാക്കിയത്.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ പരുവത്തില്‍ പകര്‍ത്തിയെടുത്താലും ഹിറ്റ് കൊയ്യാവുന്ന ചേരുവയെല്ലാം ഹണീബിയിലുണ്ട്. സൗഹൃദം, വെള്ളമടി,കൊച്ചിയിലെ ഭാഷയെന്ന പേരില്‍ ഫ്രീക്കന്‍മാര്‍ പൊളിക്കുന്ന ഡാര്‍ക്ക് സംഭാഷണം ഇതൊക്കെ മതി ഹണീബിയുടെ ലഹരി ഇരട്ടിയാക്കാന്‍. പക്ഷേ ലാല്‍ ജൂനിയര്‍ ഇവിടെ ഉപയോഗിച്ചത് മറ്റൊരു തന്ത്രമാണ്. ആദ്യ ഭാഗം പറഞ്ഞപ്പോള്‍ കഥയെവിടെ എന്ന പ്രേക്ഷകരുടെ ക്ലീഷേ ചോദ്യം സംവിധായകന്‍ കാര്യമായി ഇവിടെ പരിഗണിച്ചിരിക്കുന്നു. സെബാന്‍,ഫെര്‍ണോ,അബു, അംബ്രു എന്നീ ഫ്രീക്കന്മാര്‍ക്ക് സിനിമ പതിച്ചു നല്‍കാതെ കഥ പരത്തി പറഞ്ഞു ഫാമിലിയെ കൂട്ടാനുള്ള തന്ത്രമാണ് ജീന്‍ പ്രയോഗിച്ചത്. ആസിഫ് അലി ചെയ്ത സെബാന്റെ കുടുംബത്തിലേക്കാണ് ഇത്തവണ ക്യാമറ തിരിച്ചത്. എയ്ഞ്ചലിന്റെയും,സെബാന്റെയും പ്രണയം അംഗീകരിക്കുന്ന എയ്ഞ്ചലിന്‍റെ വീട്ടുകാര്‍ സെബാന്റെ വീട്ടിലേക്കു പെണ്ണ് അന്വേഷിച്ചു ചെല്ലുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പങ്കുവെയ്ക്കുന്നത്. ആദ്യ പാര്‍ട്ടിലെ അതേ സംഭാഷണങ്ങള്‍ വീണ്ടും കടമെടുത്ത് അലങ്കോലമാക്കിയിട്ടുണ്ട്. ഒരു എന്റര്‍റ്റെയ്നര്‍ എന്ന നിലയില്‍ തെറ്റില്ലാത്ത വിധം ചിത്രത്തിന്‍റെ ആദ്യപകുതി പരിഹരിക്കപ്പെടുന്നുണ്ട്. പ്രേക്ഷകരുടെ ചിരി കൂടെ ചേര്‍ക്കാന്‍ ചിത്രത്തിലെ ചില തമാശരംഗങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കിലും ആദ്യ പകുതിയില്‍ തന്നെ പ്രേക്ഷകര്‍ അസ്വസ്ഥരാവുകയാണ്. ഹണീബിയുടെ ആദ്യ ഭാഗത്തിന്‍റെ ആസ്വാദന രസം രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ കൂടെ ചേരുന്നില്ലയെന്നത് അരമണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്നു.

ആദ്യ പകുതി അവസാനിച്ചപ്പോള്‍ ശരാശരി മാര്‍ക്കിട്ടാണ് ഞാനടക്കമുള്ള പ്രേക്ഷകര്‍ പുറത്തേക്ക് ഇറങ്ങിയത്. രണ്ടാം ഭാഗം ഡാര്‍ക്ക് സീനായിരിക്കും എന്ന തോന്നലും മനസ്സിലേക്ക് വന്നില്ല. ഒരു ശരാശരി സിനിമയെന്ന നിലയില്‍ മുദ്ര കുത്തപ്പെടുകയും ചെറിയൊരു ബോക്സ് ഓഫീസ് വിജയം നേടിയേക്കാം എന്ന ചിന്തയുമായിട്ടാണ് ചിത്രത്തിന്‍റെ രണ്ടാം പകുതി കാണാനിരുന്നത്.
പ്രേക്ഷകരുടെ മനസ്സ് മടുപ്പിക്കുന്ന രംഗങ്ങള്‍ വീണ്ടും മുന്നിലെത്തിയതോടെ ചിത്രം ആവറേജ് എന്ന വിലയിരുത്തലില്‍ നിന്നും വീണുപോയി. മുഖ്യധാര സിനിമകളില്‍ സമീപകാലത്ത് കണ്ട ഏറ്റവും മോശം സിനിമയാണ് ഹണീബി 2. കാണുന്ന പ്രേക്ഷകനെ മനപൂര്‍വ്വം പറ്റിക്കാനെടുത്തത് പോലെ തോന്നുന്ന അസഹനീയമായ കാലസൃഷ്ടി.

സെബാന്റെയും എയ്ഞ്ചലിന്റെയും കല്യാണത്തിന്‍റെ തലേദിവസമാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്‌ കുറേ നേരത്തേക്ക് കാഴ്ചയാക്കുന്നത്. ഉണര്‍ന്നിരിക്കുന്നവനെ ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന സീനുകള്‍ ബിഗ്‌സ്ക്രീനില്‍ നിറഞ്ഞപ്പോള്‍ പ്രേക്ഷകരും മനസ്സറിഞ്ഞു കൂവി. പ്രേക്ഷകരുടെ അവകാശമാണത്. കൂവാന്‍ തോന്നുന്ന സിനിമകള്‍ക്ക് കൂവുക തന്നെ വേണം, കയ്യടിക്കേണ്ട സിനിമകള്‍ക്ക് പ്രേക്ഷകര്‍ ഇവിടെ കയ്യടിക്കുന്നുണ്ട്. കൂവല്‍ ഏറ്റുവാങ്ങാന്‍ അര്‍ഹതയുള്ള ഈ ചിത്രത്തെ കൂവി തന്നെ തോല്‍പ്പിക്കണം. മലയാള സിനിമാ ഏറെ മുന്നേറിക്കൊണ്ടിരിക്കുന്ന  സാഹചര്യത്തില്‍ ഇവിടെ ആര്‍ക്കും ഇങ്ങനെ ഒരു ചതി പറ്റരുത്‌. ചിത്രത്തിന്‍റെ അവസാനത്തോടടുക്കുമ്പോള്‍ പ്രേക്ഷകര്‍ നല്‍കിയ കൂവല്‍ തന്നെയാണ് ചിത്രത്തിനുള്ള അംഗീകാരം. തിയേറ്ററില്‍ ഇരുന്ന് കൂവിയിട്ടില്ലാത്ത ഞാന്‍ തൊട്ടടുത്തിരുന്ന് ഗംഭീരമായി കൂവുന്ന ഒരു പയ്യനോട് ആവശ്യപ്പെട്ടു, “എനിക്കൂടെ വേണ്ടി ഒന്ന് കൂവാമോ” സര്‍വ്വ ശക്തിയുമെടുത്ത് അവന്‍ ആ ജോലി ഭംഗിയായി നിര്‍വഹിച്ചു.

എന്തോ പറയാനായി   വെറുതെ വലിച്ചു നീട്ടികൊണ്ട്പോയ ചിത്രം  ഒരു ചുക്കും പറയാതെ പ്രേക്ഷകനെ മണ്ടനാക്കി തിരിച്ചു അയക്കുകയാണ്. ഞങ്ങള്‍ ഈ സിനിമ അറിയാതെ ചെയ്തു പോയതാണേ! ഇനി ഇത് ഒരിക്കലും ആവര്‍ത്തിക്കില്ല എന്ന രീതിയിലാണ് ചിത്രത്തിന്‍റെ രണ്ടാം പകുതി സഞ്ചരിച്ചത്. കടന്നു വന്ന കഥാപാത്രങ്ങളത്രയും തോളത്തിരുന്നു ചെവി തിന്നു. സെബാന്റെയും എയ്ഞ്ചലിന്റെയും പ്രണയം പങ്കുവെയ്ക്കലും തുടര്‍ന്ന് ഉണ്ടാകുന്ന ഒളിച്ചോട്ടവുമൊക്കെ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചപ്പോള്‍ ഹണീബീ ഹണീബീ തന്നെയായിരുന്നു. എന്നാല്‍ രണ്ടാം ചിത്രത്തിലെത്തുമ്പോള്‍ ഇവരുടെ വിവാഹ തലേദിവസം പ്രേക്ഷകരെ കടന്നു അക്രമിച്ചിരിക്കുകയാണ്. മേക്കിംഗ് ശൈലിയില്‍ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും വ്യക്തമായൊരു പ്ലാനിംഗോ ചര്‍ച്ചയോ ഇല്ലാതെ എഴുതിയെടുത്ത നിലവാരംകെട്ട സ്ക്രിപ്റ്റ് തന്നെയാണ് സിനിമയിലെ വില്ലന്‍. എന്തോ പറയാനുണ്ടെന്ന തോന്നലില്‍ ഒന്നും പറയാനില്ലാതെ പ്രേക്ഷകരെ മടക്കിയക്കുന്ന ചിത്രം രണ്ടു മണിക്കൂറോളം പ്രേക്ഷകരുടെ ക്ഷമയെ കാര്യമായി പരീക്ഷിക്കുന്നുണ്ട്.

ലക്ഷ്യബോധത്തോടെ പറഞ്ഞു തീര്‍ത്ത ഹണീബീ ഫസ്റ്റ് രണ്ടാമതായി എടുക്കുമ്പോള്‍ കുറച്ചുകൂടി ഗൗരവപരമായി ലാല്‍ ജൂനിയര്‍ അടക്കമുള്ളവര്‍ സിനിമയെ സമീപിക്കണമായിരുന്നു .
പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരു കഥ കൂട്ടിയിണക്കുകയായിരുന്നു വേണ്ടത്. ഇത്തരം സിനിമകള്‍ക്ക്‌ കുടുംബ വൈകാരികതയുടെ ആഴമെന്തിനാണ്? അത് ഈ സിനിമയുടെ വിഷയവുമായി യോജിക്കുന്നില്ല. ഇതില്‍ ‘ഫുള്‍ ടൈം’ ഫണ്‍ എന്ന രീതിയില്‍  കളി നടക്കണമായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹണീബീ പോലെ മികച്ചൊരു വിനോദ സിനിമയൊരുക്കിയ ലാല്‍ ജൂനിയറിനു ഈ ചിത്രമൊരു തിരിച്ചറിവാണ്.എന്തും കൊടുത്താല്‍ പ്രേക്ഷകര്‍ ചവക്കും എന്ന തോന്നലിലേക്ക് ഇവരെപ്പോലെയുള്ളവര്‍ വീണുപോകുന്നതില്‍ അത്ഭുതം തോന്നാറുണ്ട്. മലയാള സിനിമകള്‍ മാറി എന്നതിനര്‍ത്ഥം പ്രേക്ഷകരും മാറി എന്നാണ്. അവര്‍ക്കരികിലേക്കു ഇത്തരം ചവറു സൃഷ്ടികള്‍ കാഴ്ചയാക്കിയാല്‍ സിനിമ തീരും മുന്‍പേ അവര്‍ തിയേറ്റര്‍ വിടും.

പ്രകടനത്തിന്‍റെ കാര്യത്തില്‍ ആസിഫ് അലി പതിവ് അഭിനയ രീതിയില്‍ ആലോങ്കലമക്കാതെ പിടിച്ചു നിന്നു.സെന്റിമെന്‍സ് സീനുകളില്‍ ആസിഫിന്‍റെ അഭിനയം നിറംകെടുകയും ചെയ്തു. ഹണീബിയിലെ സെബാന്‍ ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണെങ്കില്‍ രണ്ടാം ഹണീബീയില്‍ ആസിഫിന്റെ സെബാന്‍ കരിയറിലെ ഏറ്റവും മോശമായ കഥാപാത്രമായി. പ്രേക്ഷകരുടെ ഇഷ്ട ടീംസായി കടന്നു കൂടിയ ഫെര്‍ണോ,അബു.അംബ്രു എന്നീ ഫ്രീക്ക് ടീം തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ട്. ബാബുരാജിന്‍റെ പല നമ്പറുകളും ഏല്‍ക്കാതെ വന്നപ്പോള്‍ ശ്രീനാഥ് ഭാസിയുടെ പതിവ് അഭിനയ രസം പ്രേക്ഷകരെ ഇന്നും ചിരിപ്പിക്കുന്നുണ്ട്. ബാലു വര്‍ഗീസ്‌ എന്ന നടനെ ഈ ചിത്രത്തില്‍ കാര്യമായി പരിഗണിച്ചിട്ടില്ല. ഹണീബിയില്‍ മികച്ച നെഗറ്റീവ് റോള്‍ ചെയ്ത ലാല്‍ ഇവിടെയെത്തുമ്പോള്‍ വെറുതെ വന്നു പോയത് പോലെയുണ്ട്. ശ്രീനിവാസനാണ് ഹണീബിയിലെ പുതിയ മുഖം.സെബാസ്റ്റ്യന്‍റെ അച്ഛനായി വേഷമിട്ട അഡ്വക്കേറ്റ് കളത്തില്‍ പറമ്പില്‍ തമ്പിയെന്ന കഥാപാത്രം ശ്രീനിവാസന് തീരെ ചേരാത്ത പോലെ തോന്നി. യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹമില്ലാതെ ഒരു കുട്ടി സ്റ്റേജിലേക്ക് കയറിവന്നു പരിപാടി അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥയുണ്ടല്ലോ അതേ അവസ്ഥയോടെയാണെന്ന് തോന്നുന്നു ശ്രീനിവാസന്‍ കളത്തില്‍ പറമ്പില്‍ തമ്പിയെ അവതരിപ്പിച്ചത്.
പ്രേം കുമാർ, ശശി കലിംഗ, ചെമ്പിൽ അശോകൻ, ഹരിശ്രീ അശോകൻ, ജോയ് മാത്യു, ഗണപതി , കവിത നായർ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഇതില്‍ ഗണപതിയുടെ ഫ്രെഡിയെന്ന കഥാപാത്രം പ്രേക്ഷകരില്‍ ചിരിയുണര്‍ത്തി.ഹണീബീ സെക്കന്ഡ് ബാക്കി വയ്ക്കുന്ന ഒരേയൊരു നല്ല കാര്യം ഗണപതിയെന്ന നടനാണ്‌. മലയാള സിനിമയുടെ ഭാവിയില്‍ മിന്നി നില്‍ക്കാന്‍ പോകുന്ന താരമായി ഗണപതി മാറാന്‍ സാധ്യതയുണ്ട്.നാച്വറല്‍ ആക്ടിംഗ് പ്രകടമാക്കി സിനിമയിലുടനീളം കലക്കുന്നുണ്ട് ഗണപതിയിലെ നടന്‍.

ജീന്‍ പോള്‍ എന്ന സംവിധായകന്‍ ഇപ്പോഴും ഇവിടെ തലയുയര്‍ത്തി തന്നെ നില്‍പ്പുണ്ട്. കഥാപരിസരം വില്ലനാകുന്നെങ്കിലും ഹണീബീ 2-വില്‍ നിലാവരമുള്ള മേക്കിംഗ് ശൈലി പ്രകടമാണ്. തിരക്കഥാകൃത്തെന്ന നിലയിലാണ് ജീന്‍ പരാജയപ്പെട്ടത്. ഭാവിയില്‍ പ്രേക്ഷകരുടെ അഭിരുചിക്കനുസൃതമായ ചിത്രമെടുക്കാന്‍ ലാല്‍ ജൂനിയറിനു കഴിയട്ടെ.

ചിത്രത്തിലെ ദീപക് ദേവിന്‍റെ സംഗീതം നിലവാരം പുലര്‍ത്തി. സിനിമയിലെ ഫാസ്റ്റ് സോംഗ് കേട്ടിരിക്കാന്‍ സുഖമുള്ളതായിരുന്നു.പ്രത്യേകിച്ച് അനുപല്ലവി. സന്തോഷ്‌ വര്‍മ്മയുടെ വരികളുടെ ഭംഗി കൂടിയാണ് അതിന്‍റെ കാരണം. ആല്‍ബിയുടെ ഛായാഗ്രഹണം അഴകുള്ളതായിരുന്നു.പലയിടത്തുമുള്ള ചിത്രത്തിന്‍റെ ലെങ്തി ഷോട്ടുകളില്‍ ആല്‍ബിയുടെ ക്യാമറ പിടുത്തം വേറിട്ട്‌ നിന്നു.

അവസാന വാചകം

ഇനിയും അരുതേ… പ്രേക്ഷകരോട് ഈ കൊടും ചതി, ഇതല്ലാതെ ഈ ചിത്രത്തിന് യോജിക്കുന്ന മറ്റൊരു അവസാന വാചകം കണ്ടെത്താന്‍ എനിക്കും പ്രയാസമാണ്.

shortlink

Related Articles

Post Your Comments


Back to top button