ഏതെങ്കിലും ചില ഘടകങ്ങൾ കെങ്കേമമാകുന്നതിന്റെ പേരിൽ മാത്രം നല്ലതെന്നു പറയേണ്ടി വരുന്ന, ആകെയുള്ള കണക്കെടുക്കുമ്പോൾ “ഓ, തരക്കേടില്ല” എന്ന മുഖം ചുളിപ്പിച്ച ഡയലോഗിൽ ഒതുക്കാൻ കഴിയുന്ന സിനിമകളാണ് ഇക്കാലത്ത് ഏറെയും. കുപ്പികൾ പലതരം, പക്ഷെ വീഞ്ഞ് അത് പഴയത് തന്നെ. അല്ലെങ്കിൽ പുതുപുത്തൻ കോമാളിത്തരങ്ങൾ. ഇവയിൽ നിന്നൊക്കെ വ്യത്യസ്തമായി ചില സിനിമകൾ തീയറ്ററിലെത്തും, പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കും. തീയറ്റർ വിട്ടിറങ്ങിയാലും, സിനിമ മനസ്സിൽ നിന്നും ഇറങ്ങില്ല. അത്തരത്തിലൊന്നാണ് ഷാനും, ബിബിൻ ചന്ദ്രനും ചേർന്ന് രചന നിർവ്വഹിച്ച്, നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്ത ‘C/o സൈറ ബാനു’. തുടക്കം മുതൽ ഒടുക്കം വരെ നല്ല ഫീൽ സമ്മാനിക്കുന്ന, ജീവനുള്ള, ത്രില്ലിംഗ് എക്സ്പീരിയൻസ് സമ്മാനിക്കുന്ന കുടുംബ ചിത്രം.
ഇഷ്ടമായത്
* സംവിധായകൻ ആന്റണി സോണിയ്ക്കും, രചയിതാക്കളായ ഷാനും ബിബിൻ ചന്ദ്രനും അഭിനന്ദനങ്ങൾ. ഹൃദയത്തിൽ തൊടുന്ന ഒരുപാട് മുഹൂർത്തങ്ങൾ കോർത്തിണക്കി, ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പ്രേക്ഷകർക്ക് അതിമനോഹരമായ ഒരു കുടുംബചിത്രം സമ്മാനിച്ചതിൽ നിങ്ങൾ മൂന്നു പേരുടെയും പങ്ക് പ്രശംസനാർഹമാണ്. പാളിപ്പോയേക്കാവുന്ന ഇടങ്ങളിലൊക്കെ ഉടനടി പരിഹാരങ്ങളുമായി നല്ല രീതിയിൽ ഓടിമാറിയ സിനിമ ഏറ്റവും ഒടുവിൽ അർഹിച്ച കയ്യടി നേടുകയാണ്. അടിച്ചേൽപ്പിക്കാതെ, ഉള്ളിൽ നിന്നും പറയാതെ പറഞ്ഞ ഒരു പിടി സന്ദേശങ്ങൾ എക്കാലവും മനസ്സിലുണ്ടാകും. ഉറപ്പ്. എഡിറ്റർ സാഗർ ദാസിനും, സിനിമാട്ടോഗ്രാഫർ അബ്ദുൾ റഹീമിനും അഭിനന്ദനങ്ങൾ.
* ലേഡി സൂപ്പർ താരം മഞ്ജു വാര്യരെ പ്രതീക്ഷിച്ച് തീയറ്ററിലെത്തിയപ്പോൾ, നിഷ്ക്കളങ്കമായ പുഞ്ചിരിയോടെ സൈറ ബാനുവാണ് വരവേറ്റത്. പഴയ നടി മഞ്ജു വാരിയർ വീണ്ടും സിനിമയിൽ അഭിനയിച്ചു തുടങ്ങി എന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നെങ്കിലും, ഇപ്പോഴാണ് അത് ശരിക്കും കാണാൻ സാധിച്ചത്. സൈറ ബാനുവായി മഞ്ജു ജീവിച്ചു എന്നു തന്നെ പറയാം. ആ പഴയ മുഖഭാവങ്ങൾ ഒക്കെ വീണ്ടും കാണാൻ കഴിഞ്ഞു. ‘അച്ചുവിന്റെ അമ്മ’ യിൽ ഉർവ്വശിയ്ക്ക് കിട്ടിയതുപോലെ ഉഗ്രനൊരു കഥാപാത്രമാണ് സൈറ ബാനു. ബാനുവിന്റെ കുറുമ്പ്, കുശുമ്പ്, ഇഷ്ടം, പിണക്കം, ദേഷ്യം, കരച്ചിൽ, നിസ്സഹായത, തുടങ്ങി എല്ലാം തന്നെ മഞ്ജുവിൽ ഭദ്രം. മകൻ ജോഷ്വാ പീറ്ററായി അഭിനയിച്ച ഷെയിൻ നിഗം മഞ്ജുവിനൊപ്പം സമാസമം നിന്നു. ഇരുവരും ചേർന്നുള്ള, ഒറ്റ ഷോട്ട് എന്നു പറയാവുന്ന ഒരു രംഗം ഏറെ ആകാംക്ഷയോടെയാണ് കണ്ടത്. സ്പെഷ്യൽ അഭിനന്ദനങ്ങൾ.
* മിനിസ്ക്രീൻ സൂപ്പർ താരം ബിജു സോപാനം (ഉപ്പും മുളകും ഫെയിം) ബിഗ് സ്ക്രീനിൽ ! സുബ്ബു വക്കീൽ എന്ന കഥാപാത്രം ബിജുവിന് വെറുതേ കുലുക്കി തുപ്പുന്ന ലാഘവത്തോടെ ചെയ്യാൻ കഴിയുന്ന ഒന്നാണ്. അത് വളരെ രസകരമായ ശരീര ഭാഷയോടെ, തനതായ ഡയലോഗ് പ്രസന്റേഷനോടെ ബിജു ഗംഭീരമായി ചെയ്തു. ഇതുപോലൊരു പ്രതിഭയെ ഇത്രയും ചെറിയ രീതിയിൽ അവതരിപ്പിച്ചാലൊന്നും മതിയാകില്ല എന്ന പരാതിയുണ്ടെങ്കിലും, നഞ്ചെന്തിന് നാനാഴി എന്നു പറയുന്ന പോലെയായിരുന്നു ആ സാന്നിധ്യം.
സിനിമയിലെ വഴിത്തിരിവായ പ്രിൻസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന് ഭാവിയുണ്ട്. അത്രയ്ക്കും സ്വാഭാവികമായിരുന്നു പ്രകടനം. മറ്റു ജൂനിയർ അഭിനേതാക്കളും നല്ല രീതിയിൽ അഭിനയം കാഴ്ച വച്ചു.
* വിക്കിപീഡിയ പേജിൽ പോലും കൊടുത്തിട്ടുള്ള വിഷയത്തെ സസ്പെൻസ് എന്നു പറയാൻ കഴിയില്ലെങ്കിലും, സിനിമയെ സംബന്ധിച്ച് ഏറെ രസകരമായ ഒന്നായിരുന്നു പ്രിയ നടൻ മോഹൻലാലിന്റെ “സാന്നിധ്യം”. സിനിമയിലുടനീളം അത് നന്നായി ഫീൽ ചെയ്തു. ഇത്തരമൊരു കഥാപാത്രത്തെ സൃഷ്ടിച്ചതിൽ രചയിതാക്കൾക്ക് അഭിമാനിക്കാം.
* നല്ല പാട്ടുകൾ, അതിലുപരി ഏറ്റവും യോജ്യമായ രീതിയിലുള്ള പശ്ചാത്തല സംഗീതം, ഇങ്ങനെ മെജോ ജോസഫ് തന്റെ റോൾ ഗംഭീരമാക്കി. സൈറ ബാനുവിന്റെ മനഃശക്തിയെ അറിയിക്കുന്ന ആ തീം മ്യൂസിക് അതിഗംഭീരം! പ്രധാന രംഗങ്ങളിലെല്ലാം തന്നെ അത് ആവർത്തിക്കപ്പെടുമ്പോൾ കേട്ടിരിക്കാൻ ഒരു സുഖം.
ഇഷ്ടപ്പെടാത്തത്
* മനോഹരമായ സ്ക്രീൻ പ്രെസൻസു കൊണ്ടും, പ്രത്യേകതയുള്ള അഭിനയശൈലി കൊണ്ടും ഒരു കാലത്ത് പ്രേക്ഷകരുടെ മനം കവർന്ന അമല ഒരു നീണ്ട ഗ്യാപ്പിനു ശേഷം തിരികെ വന്നപ്പോൾ അഭിനയം, ചുണ്ടനക്കം തുടങ്ങി എല്ലാം തന്നെ പ്രേക്ഷകർ ചേരുംപടി ചേർക്കേണ്ട അവസ്ഥയാണെന്നു തോന്നി. പുള്ളിക്കാരിക്ക് വേണ്ടി ഡബ്ബ് ചെയ്ത കലാകാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ ! അഭിനന്ദനം ഒരു പടി കൂടെ കടന്ന്, ഇതെങ്ങനെ സാധിച്ചു എന്നും ചോദിക്കേണ്ടി വരും. ഏറ്റവും പ്രാധാന്യമുള്ള ഈ ഒരു കഥാപാത്രം, അഭിനയത്തിൽ നല്ല ടച്ചുള്ള, മലയാളം അറിയാവുന്ന വേറെ ആരെങ്കിലും ചെയ്തെങ്കിൽ നന്നായേനെ എന്നു കൊതിച്ചു പോയി.
* ഏതാണ്ട് മുഴുവനായും റിയലിസ്റ്റിക് സമീപനത്തോടെ നീങ്ങിയ സിനിമയിൽ കോടതി രംഗങ്ങളും അത്തരത്തിൽ സൃഷ്ടിക്കാത്തതിൽ ചെറിയ രസക്കേട് തോന്നി.അങ്ങനെ ചെയ്തിരുന്നെങ്കിൽ ശ്വാസം അടക്കിപ്പിടിച്ചിരുന്നു കാണേണ്ട രീതിയിൽ അതിഗംഭീരമായേനെ ഏറ്റവും ഒടുവിലെ അരമണിക്കൂർ. ഇപ്പോഴും കുറവൊന്നും സംഭവിച്ചിട്ടില്ല, എന്നാലും ത്രിൽ ഇതിലും ഇരട്ടിയായേനെ എന്നു തോന്നിപ്പോയി.
ഇക്കാലത്ത് പ്രേക്ഷകർക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ഒരു കുടുംബ ചിത്രമാണ് ‘C/o സൈറ ബാനു’. അമ്മമാർക്ക് മക്കളോടുള്ള സ്നേഹം എവിടെയെങ്കിലും പരീക്ഷിക്കപ്പെട്ടാൽ, സംശയിക്കേണ്ട, അമ്മമാർ തന്നെ വിജയിക്കും. ഹൃദയത്തെ തൊട്ടുണർത്തുന്ന ഒട്ടനവധി മുഹൂർത്തങ്ങളുള്ള, മൊത്തം കണക്കെടുത്താൽ നല്ലൊരു ഫാമിലി ത്രില്ലർ എന്നു പറയാവുന്ന ‘C/o സൈറ ബാനു’ എല്ലാവരും കാണേണ്ട സിനിമയാണ്. ധൈര്യമായി തീയറ്ററിൽ പൊയ്ക്കോളൂ. ഇഷ്ടമാകും. ഉറപ്പ്.
റേറ്റിംഗ് :- 4 / 5
സുരേഷ് കുമാർ രവീന്ദ്രൻ
Post Your Comments