CinemaMovie Reviews

ധ്രുവങ്കൾ പതിനാറ് – അഴക്, ഗൗരവം, അതിശയം !

തമിഴ് സിനിമയിൽ ഇപ്പോൾ സൂപ്പർ താരങ്ങൾക്ക് കഷ്ടകാലമാണ്. സീനിയർ, ജൂനിയർ എന്നിങ്ങനെ ഗ്രേഡ് വ്യത്യാസമില്ലാതെ എല്ലാവരും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയാണ്. ലോകത്തെമ്പാടും റിലീസ്, അതിലൂടെ ഗംഭീര ഇനിഷ്യൽ കളക്ഷൻ, ഇത് മാത്രമാണ് പരമമായ ലക്‌ഷ്യം. സമീപ കാലത്ത് റിലീസായ തമിഴ് ‘ബ്രഹ്‌മാണ്ഡ’ സിനിമകളുടെ കണക്കെടുത്താൽ ഈ സംഗതി ശരിക്കും മനസ്സിലാകും. ഇമ്മാതിരി അഖില ഉലക പേക്കൂത്തുകളുടെ നടുവിൽ ചില യുവപ്രതിഭകളുടെ ഭാഗത്തു നിന്നും അത്ഭുതപ്പെടുത്തുന്ന തരത്തിൽ വേറിട്ട ശ്രമങ്ങൾ ഉണ്ടാകുന്നു എന്നതാണ് ആശ്വാസം. എല്ലാക്കാലത്തും അത് സംഭവിക്കുന്നു. ആ വകയിൽ 2016-ന്റെ ഏറ്റവും ഒടുവിൽ സംഭവിച്ചതാണ് കാർത്തിക് നരേൻ എന്ന ഇരുപത്തിയൊന്നുകാരൻ എഴുതി സംവിധാനം ചെയ്ത്, മലയാളത്തിന്റെ സ്വന്തം റഹ്‌മാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ധ്രുവങ്കൾ പതിനാറ്’ എന്ന തമിഴ് സിനിമ. ഒറ്റവാക്കിൽ പറഞ്ഞാൽ, അതും നല്ല കട്ടിയ്ക്ക് പറയാനായി ഇംഗ്ലീഷ് ഭാഷ കടം കൊണ്ടാൽ, “ബ്രില്യന്റ്സ്” എന്ന് പറയാം ! സിനിമാ അനുഭവം അതിന്റെ പരമമായ മികവിൽ ! തമിഴ്‌നാട്ടിൽ റിലീസായി 3 മാസങ്ങൾ കഴിഞ്ഞ് ഇങ്ങനെയൊരു സിനിമ ഇവിടെ കേരളത്തിൽ പ്രദർശിപ്പിക്കാനായി വിതരണത്തിനെടുത്ത തമീൻസ് ടീമിന് ഒരായിരം നന്ദി.

ഇഷ്ടമായത്

* കാർത്തിക് നരേൻ ! പലരും സിനിമ എന്താണെന്ന് പഠിച്ചു തുടങ്ങുന്ന പ്രായത്തിൽ (21), യഥാര്‍ത്ഥത്തില്‍ അതെന്താണെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്ത അതുല്യ പ്രതിഭ. സസൂക്ഷ്മം തയ്യാറാക്കപ്പെട്ട തിരക്കഥ, അതിന്‍റെ സമര്‍ത്ഥമായ സിനിമാവിഷ്ക്കരണം, ഒരു തരി പോലും കലര്‍പ്പില്ലാതെ നിര്‍വ്വഹിക്കപ്പെട്ട ഈ രണ്ട് പ്രക്രിയകള്‍ക്കും വേണ്ടി കാര്‍ത്തിക്കിന് കൊടുക്കാം എണീറ്റു നിന്ന്, തൊപ്പിയൂരി, പുഞ്ചിരിയോടെ അനേകം റൗണ്ട് കയ്യടികള്‍. റഹ്മാന്‍, ഡല്‍ഹി ഗണേഷ്, അശ്വിൻ കുമാർ, പേരറിയാത്ത അനേകം പുതുമുഖ പ്രതിഭകള്‍, ഇവരെയൊക്കെ ടെയിലര്‍ ഫിറ്റ് അളവില്‍ തന്‍റെ സിനിമയിലെ കഥാപാത്രങ്ങളാക്കി മാറ്റാന്‍ കാര്‍ത്തിക്കിന് കഴിഞ്ഞു. സബാഷ് ! അച്ഛന്‍ മുന്‍കൈയെടുത്ത് സിനിമ നിര്‍മ്മിച്ചത് പ്ലസ് പോയന്റാണെങ്കിലും, സ്ക്രീനില്‍ ഏറ്റവും മികച്ചത് തന്നെ കിട്ടണം എന്ന പ്രേക്ഷകരുടെ സ്വതസിദ്ധമായ ഇഷ്ടത്തെ കാര്‍ത്തിക് ബഹുമാനപൂര്‍വ്വം അംഗീകരിച്ചു, ആദരിച്ചു. ഫലമോ, ഏറ്റവും മികച്ച ത്രില്ലിംഗ് മൂഡില്‍ ഒരു സസ്പന്‍സ് ത്രില്ലര്‍ സിനിമ ! ഈ ഫീല്‍ഡില്‍ ഒരു തുടക്കക്കാരന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച സിനിമാ വര്‍ക്ക്. ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍.

* റഹ്മാന്‍ ! അഴക്‌, ഗൗരവം, ബുദ്ധി ഇതെല്ലാം കലര്‍ന്ന ഒരു വ്യക്തിത്വമായി സിനിമയില്‍ ഉടനീളം നിറഞ്ഞാടിയ റഹ്മാനാണ് ഹൈലൈറ്റ്. മനോഹരമായ സ്ക്രീന്‍ സാന്നിധ്യം, സ്വാഭാവികമായ അഭിനയശൈലി, മികച്ച ഡബ്ബിംഗ് തുടങ്ങി എല്ലാ മേഖലയിലും റഹ്മാന് നൂറില്‍ നൂറു മാര്‍ക്ക് തന്നെ കൊടുക്കാം. റഹ്മാന്‍ സമ്മതം മൂളിയില്ലെങ്കില്‍ കാര്‍ത്തിക് ഈ സിനിമ ചെയ്യില്ലായിരുന്നു എന്നൊരു വാര്‍ത്ത കേട്ടിരുന്നു. അത് സത്യം തന്നെയാകും. ഉറപ്പ്. തീയറ്റര്‍ വിട്ട് പുറത്തിറങ്ങുമ്പോള്‍ ആരും പറഞ്ഞു പോകും, ഇത് റഹ്മാന്റെ ഏറ്റവും മികച്ച പ്രകടനം എന്ന് ! നിത്യ യൗവന നായകന് സലാം.

* ഛായാഗ്രാഹകൻ ശ്രീജിത്ത് സാരംഗ്, എഡിറ്റർ സുജിത് സാരംഗ്, സംഗീത സംവിധായകൻ ജേക്സ് ബിജോയ്, മൂന്നു പേരും സിനിമയുടെ മൂഡിനൊപ്പം സഞ്ചരിച്ചു. അതിഗംഭീര പ്രകടനങ്ങൾ ! ഈ പറഞ്ഞ മൂന്നു വിഭാഗങ്ങളെക്കുറിച്ചും ഓർക്കാനുള്ള ഇടം കൊടുക്കാതെ, പ്രേക്ഷകരുടെ മനസ്സ് സിനിമയുടെ ഒപ്പം പിടിച്ചു നിർത്താൻ ഇവർക്ക് സാധിച്ചു.

* പുതുമുഖ അഭിനേതാക്കളുടെ പ്രകടനം ഗംഭീരമായിരുന്നു. പ്രകാശ് വിജയരാഘവൻ, പ്രദീപ്, ശരത് കുമാർ, സന്തോഷ് കൃഷ്ണ, കാർത്തികേയൻ, മനോ, അഞ്ജന, യാഷിക എന്നിവർക്കെല്ലാം അഭിനന്ദനങ്ങൾ.

* എം.ആർ.രാജാകൃഷ്ണൻ ആൻഡ് ടീമിന്റെ ശബ്ദ വിന്യാസം സിനിമയുടെ റിയലിസ്റ്റിക് സമീപനം ലൈവായി നിലനിർത്തുന്നതിനെ ശരിക്കും സഹായിച്ചു. ശബ്ദ സൗന്ദര്യം തീയറ്ററിൽ ഒരു പ്രധാന ഘടകം തന്നെയായിരുന്നു.

ഇഷ്ടപ്പെടാത്തത്

* ചില പ്രധാനപ്പെട്ട സംഗതികൾക്ക് വ്യക്തത കൊടുക്കാതെ, ന്യൂ ജെൻ ശൈലിയിൽ കൺസീവ് ചെയ്തത് സാധാരണ പ്രേക്ഷകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. നേരാംവണ്ണം പറഞ്ഞാലും യാതൊരു വിധത്തിലുള്ള കോട്ടവും സംഭവിക്കാത്ത തരത്തിലുള്ള ത്രെഡ് ആയതിനാൽ ന്യൂ ജെൻ ഗിമ്മിക്സ് ഒഴിവാക്കാമായിരുന്നു.

മൊത്തത്തിൽ “ധ്രുവങ്കൾ പതിനാറ്” എന്നത് നമ്മുടെ മലയാളത്തിലെ “മുംബൈ പോലീസ്” പോലെ വളരെ വ്യത്യസ്തമായ ഒരു സസ്പെൻസ് ത്രില്ലർ സിനിമയാണ്. ഇതിലെ ഓരോ രംഗങ്ങളും നിങ്ങളെ കോരിത്തരിപ്പിക്കും, ക്ളൈമാക്സ് നിങ്ങളെ ഞെട്ടിക്കും, ഉറപ്പ്. സിനിമയെ സ്നേഹിക്കുന്ന, വ്യത്യസ്തമായ പരീക്ഷണശ്രമങ്ങളെ ഏറെ ബഹുമാനിക്കുന്ന, എല്ലാവർക്കും “ധ്രുവങ്കൾ പതിനാറ്” ധൈര്യപൂർവ്വം റെക്കമെന്റ് ചെയ്യാം. ഇഷ്ടപ്പെടാതെ തരമില്ല. സത്യം

റേറ്റിംഗ് :- 4 / 5

സുരേഷ് കുമാർ രവീന്ദ്രൻ

shortlink

Post Your Comments


Back to top button