
നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ദി ഗ്രേറ്റ് ഫാദര്‍ റിലീസിന് തയ്യാറെടുക്കുന്നു. ഇന്ത്യന്‍ സിനിമയില്‍ ചെറുചലങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന മലയാള സിനിമകള്‍ക്ക് വിദേശത്തും സ്വീകാര്യതയുണ്ട്. എന്നാല്‍ കേരളത്തിലെ റിലീസിനോടൊപ്പം തന്നെ വിദേശത്തും ചിത്രം എത്തിയിരുന്നില്ല. എന്നാല്‍ വിദേശത്ത് മലയാളികളുടെ സാന്നിധ്യം കാര്യമായുള്ള മിക്ക നഗരങ്ങളിലും അല്പം വൈകിയാലും ഇന്ന് സിനിമകള്‍ തീയേറ്ററുകളിലെത്താറുണ്ട്.
എന്നാല്‍ കേരളത്തിലെ റിലീസിനൊപ്പം ഒരു സൂപ്പര്‍താര ചിത്രത്തിന്റെ ഫാന്‍സ് ഷോകള്‍ ലോകനഗരങ്ങളില്‍ സംഘടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടി നായകനാവുന്ന ഫാമിലി ത്രില്ലര്‍ ‘ദി ഗ്രേറ്റ് ഫാദറി’ന്റെ പ്രത്യേക പ്രദര്‍ശനങ്ങളാണ് ആരാധകര്‍ കേരളത്തിന് പുറമെ വിദേശത്തും സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്ക, യുഎഇ, മറ്റ് അറബ് രാജ്യങ്ങള്‍, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ആസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം റിലീസിനോടനുബന്ധിച്ച് ആരാധകര്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യുഎസില്‍ ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ന്യൂജേഴ്സി, ആസ്ട്രേലിയയില്‍ മെല്‍ബണ്‍, സിഡ്നി, കാന്‍ബെറ എന്നീ പ്രധാന നഗരങ്ങളിലാണ് പ്രദര്‍ശനം.
വിദേശരാജ്യങ്ങള്‍ക്കൊപ്പം റിലീസിനോടനുബന്ധിച്ച് കേരളത്തിലും ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലായി നൂറോളം പ്രത്യേക പ്രദര്‍ശനങ്ങള്‍ ആരാധകര്‍ക്കായി നടത്തും. മാര്‍ച്ച് 30നാണ് ചിത്രം തീയേറ്ററുകളിലെത്തുക.
ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയാണ് ഗ്രേറ്റ് ഫാദര്‍. സ്നേഹ നായികയാവുന്ന ചിത്രത്തില്‍ ആര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Post Your Comments