വിമര്‍ശന ശബ്ദത്തിന് ഇടകൊടുക്കാത്ത ഈ വര്‍ഷത്തെ ചലച്ചിത്ര സംസ്ഥാന പുരസ്കാരത്തിന് പ്രത്യേകതകള്‍ ഏറെയാണ്. പുരുഷ സംവിധായകരെ പിന്തള്ളിയാണ് വിധു വിന്‍സെന്റ് മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ചത്.മാന്‍ ഹോള്‍ എന്ന ചലച്ചിത്രത്തിലൂടെ ആരും അറിയാതെ പോകുന്ന ഒരുകൂട്ടം ജീവിതങ്ങളുടെ നേര്‍കാഴ്ച പകര്‍ത്തിയ വിധു വിന്‍സെന്റിനെ മികച്ച സംവിധായികയായി തെരഞ്ഞെടുത്തപ്പോള്‍ ഇതുവരെയും ആരും സ്വന്തമാക്കിയിട്ടില്ലാത്ത അപൂര്‍വ്വ നേട്ടമാണ് പിറന്നത്.കേരള സംസ്ഥാന പുരസ്കാരം നേടുന്ന ആദ്യ വനിതാ സംവിധായികയായി മാറിയ വിധുവിന് ഇരട്ടി സന്തോഷമാണ് പുരസ്കാര പ്രഖ്യാപനത്തിലൂടെ കൈവന്നത്. സംവിധാനം ചെയ്ത സിനിമ തന്നെ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടതും അപൂര്‍വ്വ ഭാഗ്യങ്ങളില്‍ ഒന്നാണ്.
അഭിനയിച്ച ആദ്യ സിനിമയില്‍ തന്നെ അവാര്‍ഡ് കരസ്ഥമാക്കിയ രജീഷ വിജയനും പുരസ്കാര നിറവിലെ വേറിട്ട പെണ്‍സാന്നിദ്ധ്യമായി.അനുരാഗകരിക്കിന്‍ വെള്ളത്തിലെ എലീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രജീഷ ചിത്രത്തിലുടനീളം സ്വാഭാവിക അഭിനയ പ്രകടനമാണ് കാഴ്ചവെച്ചത്. കൊഞ്ചുന്ന പ്രണയിനിയില്‍ നിന്ന് പക്വതയേറിയ പ്രണയിനിയിലേക്ക് അനായാസം സഞ്ചരിച്ച അനുരാഗ കരിക്കിന്‍ വെള്ളത്തിലെ എലിയെ മാറ്റി നിര്‍ത്താന്‍ ജൂറി അംഗങ്ങള്‍ക്ക് കഴിഞ്ഞില്ല . വനിതാ സംവിധായികയെന്ന നിലയില്‍ ആദ്യമായി വിധു വിന്‍സെന്റ് പുരസ്കാരം സ്വന്തമാക്കിയപ്പോള്‍ ആദ്യ സിനിമയിലെ അഭിനയത്തിലൂടെ രജീഷ വിജയനും സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ പുതിയൊരു അദ്ധ്യായം കുറിക്കുകയായിരുന്നു.
Post Your Comments